പാര്‍ട്ടി പുനഃസംഘടന വീതംവയ്പ് ആകില്ലെന്നു വി.എം. സുധീരന്‍
പാര്‍ട്ടി പുനഃസംഘടന വീതംവയ്പ് ആകില്ലെന്നു വി.എം. സുധീരന്‍
Friday, August 1, 2014 10:38 PM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബൂത്തുതലം മുതല്‍ ഡിസിസി വരെയുള്ള പുനഃസംഘടന ഗ്രൂപ്പ് വീതംവയ്ക്കലിന്റെ അടിസ്ഥാനത്തിലാകരുതെന്ന നിലപാടാണു കെപിസിസി നേതൃയോഗം സ്വീകരിച്ചതെന്നു പ്രസിഡന്റ് വി.എം. സുധീരന്‍. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗ്രൂപ്പുകള്‍ യാഥാര്‍ഥ്യമാണ്. അതിനപ്പുറം പ്രവര്‍ത്തന മികവും ട്രാക്ക് റിക്കാര്‍ഡും ഉള്ളവരെയാണു പാര്‍ട്ടി ഭാരവാഹികളാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ 21,458 ബൂത്തു കമ്മിറ്റികളുടെ രൂപവത്കരണ യോഗം ഓഗസ്റ് പത്തിനു വൈകുന്നേരം നാലിനു നടക്കും. എല്ലായിടത്തും ഒരേ സമയമാണു യോഗം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, മന്ത്രിമാര്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവരെല്ലാം തങ്ങളുടെ ബൂത്ത് യോഗങ്ങളില്‍ പങ്കെടുക്കും.

ഓഗസ്റ് 20നകം മണ്ഡലം, ബ്ളോക്ക് ഭാരവാഹികളുടെയും 30 നകം ഡിസിസി ഭാരവാഹികളുടെയും തെരഞ്ഞെടുപ്പു നടക്കും. തുടര്‍ച്ചയായി പത്തു വര്‍ഷം മണ്ഡലം, ബ്ളോക്ക് പ്രസിഡന്റ് സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചവരെ മാറ്റും. മോശപ്പെട്ട പ്രകടനം കാഴ്ചവച്ചവരെയും നീക്കും. എന്നാല്‍, ഡിസിസി ഭാരവാഹികളില്‍ പത്തു വര്‍ഷം കഴിഞ്ഞവരെ മാറ്റണമെന്ന നിബന്ധനയില്‍ മാറ്റം വരുത്തി. ഡിസിസികളില്‍ പത്തു വര്‍ഷം കഴിഞ്ഞവര്‍ക്ക് ഇനിയും തുടരാം. ഇവര്‍ക്കു മുകള്‍ ഘടകങ്ങളില്‍ സ്ഥാനം നല്‍കുന്നതു പ്രതിസന്ധി സൃഷ്ടിക്കുന്നതാണു കാരണം.


ത്രിതല പഞ്ചായത്തുകളുടെയും നഗരസഭകളുടെയും അധ്യക്ഷ സ്ഥാനം വഹിക്കുന്നവരെ മണ്ഡലം, ബ്ളോക്ക്, ജില്ലാ കമ്മിറ്റികളുടെ പ്രസിഡന്റു സ്ഥാനത്തേക്കു പരിഗണിക്കില്ല. എന്നാല്‍, മറ്റു ഭാരവാഹിത്വങ്ങളില്‍ തുടരുന്നതിനു വിലക്കില്ല. മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിക്കാന്‍ ഡിസിസി ഉപസമിതികള്‍ക്കു പൂര്‍ണ അധികാരമുണ്ട്. കെപിസിസിയുടെ മാര്‍ഗ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്.

ഡിസിസി ഭാരവാഹികളില്‍ പകുതിപ്പേരെങ്കിലും മാറണമെന്നാണു പൊതുവേ ഉയര്‍ന്ന അഭിപ്രായം. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനാണിത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോശപ്പെട്ട പ്രകടനം കാഴ്ചവച്ച ഡിസിസി ഭാരവാഹികളെയും മാറ്റും. മദ്യപര്‍, മയക്കുമരുന്നിന് അടിമപ്പെട്ടവര്‍, ബ്ളേഡ് കമ്പനിക്കാര്‍, മദ്യഷാപ്പ് നടത്തിപ്പുകാര്‍ എന്നിവര്‍ ഭാരവാഹികളാകാന്‍ പാടില്ലെന്നു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്െടന്നും സുധീരന്‍ അറിയിച്ചു.

പാര്‍ട്ടി പുനഃസംഘടനയില്‍ ലീഡര്‍ കെ. കരുണാകരനോടൊപ്പം നിന്നവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്നു പത്മജ വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. യോഗത്തില്‍ കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റുമാര്‍, പാര്‍ട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട ജില്ലാ ഉപസമിതി അംഗങ്ങള്‍, പോഷക സംഘടനാ പ്രസിഡന്റുമാര്‍, പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.