പ്ളസ്ടു, വൈദ്യുതി സബ്സിഡി വിഷയങ്ങള്‍ ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍
പ്ളസ്ടു, വൈദ്യുതി സബ്സിഡി വിഷയങ്ങള്‍ ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍
Wednesday, August 20, 2014 11:58 PM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സംസ്ഥാനത്തു കൂടുതല്‍ പ്ളസ്ടു സ്കൂളുകളും ബാച്ചുകളും അനുവദിച്ച സര്‍ക്കാര്‍ ഉത്തരവിനെതിരേയുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ സ്വീകരിക്കേണ്ട അനന്തര നടപടികളും വൈദ്യുതി ചാര്‍ജ് വര്‍ധനയില്‍ നട്ടം തിരിയുന്ന ജനങ്ങള്‍ക്കുള്ള സബ്സിഡി അനുവദിക്കുന്നതും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇന്നത്തെ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും.

പ്ളസ്ടു സ്കൂളും ബാച്ചും അധികമായി അനുവദിച്ച സര്‍ക്കാര്‍ തീരുമാനം തടഞ്ഞ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ സ്വീകരിക്കേണ്ട അനന്തര നടപടികളാണു മന്ത്രിസഭായോഗം പ്രധാനമായും ചര്‍ച്ച ചെയ്യുക. സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. കൂടുതല്‍ സ്കൂളുകളെ ഉള്‍ക്കൊള്ളിക്കാനായി മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ച നടപടിയെയും ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു. മന്ത്രിസഭാ ഉപസമിതിക്കു കോടതി നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ സ്വീകരിക്കേണ്ട നടപടിയും ചര്‍ച്ച ചെയ്യും.

ഗാര്‍ഹിക ഉപയോക്താക്കളുടെ വൈദ്യുതി ചാര്‍ജ് കുത്തനെ ഉയര്‍ത്തിയപ്പോള്‍ നിശ്ചിത യൂണിറ്റുവരെ ഉപയോഗിക്കുന്നവര്‍ക്കു വൈദ്യുതി സബ്സിഡി നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍, സബ്സിഡി തുക ആദ്യമേ അനുവദിച്ചാല്‍ മാത്രമേ സബ്സിഡി നല്‍കാന്‍ കഴിയുകയുള്ളുവെന്നു വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അറിയിച്ചിരുന്നു. ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ അനുവദിക്കുന്ന തുകയുടെ അടിസ്ഥാനത്തിലാകും ഏതു സ്ളാബു വരെയുള്ളവര്‍ക്കു സബ്സിഡി നിരക്കില്‍ വൈദ്യുതി നല്‍കാന്‍ കഴിയുമെന്നു വ്യക്തമാകുകയുള്ളൂ.


ഇപ്പോള്‍ വൈദ്യുതി ചാര്‍ജ് ഉയര്‍ത്തിയപ്പോള്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് കനത്ത ഇരുട്ടടിയാണു നല്‍കിയിരിക്കുന്നത്. ശരാശരി 24 ശതമാനമാണു വൈദ്യുതി ചാര്‍ജ് വര്‍ധന. ഒരു യൂണിറ്റിന് രണ്ടു രൂപയ്ക്കു മുകളില്‍ വര്‍ധനയുണ്ടായ വിഭാഗങ്ങളുണ്ട്.

ഓണക്കാലമടുത്തിട്ടും അവശ്യസാധാനങ്ങള്‍ കുറഞ്ഞ വിലയ്ക്കു ജനങ്ങള്‍ക്ക് എത്തിക്കേണ്ട സിവില്‍ സപ്ളൈസിനു സാധനങ്ങള്‍ വാങ്ങാനുള്ള തുക അനുവദിക്കാത്തതും ചര്‍ച്ചാ വിഷയമാകുമെന്നാണു സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.