ബേഡകത്തു സിപിഎമ്മില്‍ ഒഞ്ചിയം മോഡല്‍
Wednesday, August 20, 2014 12:01 AM IST
സ്വന്തം ലേഖകന്‍

ബേഡകം(കാസര്‍ഗോഡ്): ഒഞ്ചിയം ആവര്‍ത്തിക്കുമെന്നു സൂചന നല്‍കി സിപിഎം പാര്‍ട്ടി ഗ്രാമമായ കാസര്‍ഗോഡ് ബേഡകത്തു ചരിത്രത്തില്‍ ആദ്യമായി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞു പാര്‍ട്ടി നേതാവിന്റെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കൃഷ്ണപിള്ള അനുസ്മരണമാണു നേതൃത്വത്തെ വെല്ലുവിളിച്ച് ഔദ്യോഗികപക്ഷത്തിനു സമാന്തരമായി വിമതപക്ഷവും പതാക ഉയര്‍ത്തി ആചരിച്ചത്. സിപിഎമ്മിന്റെ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ അടക്കമുള്ള നേതാക്കള്‍ ബേഡകത്തു ക്യാമ്പ് ചെയ്താണ് ഔദ്യോഗികപക്ഷം കൃഷ്ണപിള്ള ദിനാചരണ പരിപാടിക്കു നേതൃത്വം നല്‍കിയത്.

ലോക്കലിനു കീഴിലെ 12 സ്ഥലങ്ങളില്‍ പതാക ഉയര്‍ത്തിയ വിമത പ്രവര്‍ത്തകര്‍ ചെറു ജാഥകളായെത്തി കുറ്റിക്കോലില്‍ കേന്ദ്രീകരിച്ചു. സ്ത്രീകളും കുട്ടികളും തൊഴിലാളികളും അടക്കം നാനൂറിലേറെ പേര്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തു. പടുപ്പ് ലോക്കല്‍ കമ്മിറ്റിക്കു കീഴില്‍ 12 കേന്ദ്രങ്ങളില്‍ വിമതര്‍ പതാക ഉയര്‍ത്തി. ചെറു ജാഥകളായി പടുപ്പ് ടൌണിലെത്തിയ ശേഷം നടന്ന കൃഷ്ണപിള്ള അനുസ്മരണ ചടങ്ങില്‍ ചാക്കോ പേമല പതാക ഉയര്‍ത്തി.


ഔദ്യോഗിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ കുറ്റിക്കോല്‍ ടൌണ്‍ കേന്ദ്രീകരിച്ചു നടന്ന കൃഷ്ണപിള്ള അനുസ്മരണ പരിപാടിയില്‍ ഏരിയ സെക്രട്ടറി സി. ബാലന്‍, ജില്ലാ സെക്രട്ടേറിയറ്റംഗം പി.രാഘവന്‍, ജില്ലാ കമ്മിറ്റി അംഗം ടി. അപ്പ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.