ഒരുവിഭാഗം ജനങ്ങള്‍ പാര്‍ട്ടിയില്‍നിന്ന് അകന്നതായി എം.എ. ബേബി
ഒരുവിഭാഗം ജനങ്ങള്‍ പാര്‍ട്ടിയില്‍നിന്ന് അകന്നതായി എം.എ. ബേബി
Wednesday, August 20, 2014 12:03 AM IST
ആലപ്പുഴ: ദേശീയതലത്തില്‍ സിപിഎമ്മിനു വന്‍ തിരിച്ചടി നേരിട്ടതായി പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. ഒരുവിഭാഗം ജനങ്ങള്‍ പാര്‍ട്ടിയില്‍നിന്നകന്നു. ബംഗാളിലെ തിരിച്ചടി ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഒരുമിച്ചേ മതിയാകൂ. ജനങ്ങളുടെ നഷ്ടപ്പെട്ട വിശ്വാസം ഇടതുപക്ഷം തിരിച്ചുപിടിക്കണം. സിപിഎമ്മും സിപിഐയും മാത്രമല്ല മറ്റു കമ്യൂണിസ്റ് പ്രസ്ഥാനങ്ങളും ഒന്നിക്കണം. ഇടതുപക്ഷ ചിന്താഗതിക്കാര്‍ എല്ലാവരും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയ ശക്തികള്‍ ശക്തിപ്രാപിച്ച സാഹചര്യത്തില്‍ എല്ലാ ഇടതുപക്ഷ- ജനാധിപത്യ-മതേതര ശക്തികളും ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്നും ബേബി കൂട്ടിച്ചേര്‍ത്തു. പി. കൃഷ്ണപിള്ള അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി ആലപ്പുഴ വലിയചുടുകാട്ടില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു എം.എ. ബേബി. കമ്യൂണിസ്റ് പാര്‍ട്ടികളുടെ പുനരേകീകരണത്തിന്റെ ആവശ്യകത പരസ്യമായി വിശദീകരിച്ചതിനു പിന്നാലെയാണു പാര്‍ട്ടി ജനങ്ങളില്‍നിന്ന് അകന്നെന്ന പരസ്യവിമര്‍ശനവുമായി ബേബി ഇപ്പോള്‍ രംഗത്തെത്തിയത്.

ഇതിനിടെ,ചടങ്ങില്‍ സംബന്ധിച്ച സിപിഐ ദേശിയ എക്സിക്യൂട്ടീവ് അംഗം കെ.ഇ. ഇസ്മയിലും പുനരേകീകരണം സംബന്ധിച്ച പ്രസ്താവനയുമായി രംഗത്തെത്തി. ഒപ്പം പാര്‍ട്ടിയിലെ സവര്‍ണമനോഭാവമുള്ളവര്‍ക്കെതിരേയും അദ്ദേഹം ആഞ്ഞടിച്ചു. പാര്‍ട്ടിയില്‍ സവര്‍ണ മനോഭാവമുള്ളവര്‍ പ്രവര്‍ത്തനരീതി മാറ്റണമെന്നായിരുന്നു കെ.ഇ. ഇസ്മയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്. ദേശീയ സംസ്ഥാനതലത്തില്‍ പാര്‍ട്ടികളുടെ പുനരേകീകരണത്തിന് ഇപ്പോള്‍ പ്രസക്തിയില്ലെങ്കിലും ഇതു വിദൂരമല്ല. ഇതുസംബന്ധിച്ചും ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.എ. ബേബി ചര്‍ച്ച തുടങ്ങിവച്ചു കഴിഞ്ഞു. ഏകീകരണത്തിന് തങ്ങള്‍ സന്നദ്ധരാണ്. വെള്ളം തിളയ്ക്കുന്നതുപോലെയാണ് ഇതുസംബന്ധിച്ച ചര്‍ച്ചകളെന്നായിരുന്നു ഇസ്മയിലിന്റെ പ്രതികരണം.


ജനാധിപത്യത്തെപ്പോലും കുത്തകകള്‍ തടവറയിലാക്കുമ്പോള്‍ ഇടതുപാര്‍ട്ടികള്‍ കരുത്താര്‍ജിക്കേണ്ടത് അനിവാര്യമാണെന്ന് വലിയചുടുകാട്ടിലും കണ്ണാര്‍കാടും നടന്ന കൃഷ്ണപിള്ള അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് കെ.ഇ. ഇസ്മയില്‍ പറഞ്ഞു. വര്‍ഗീയ ഫാസിസ്റ് ശക്തികളെ തകര്‍ക്കാന്‍ കമ്യൂണിസ്റ് പാര്‍ട്ടികള്‍ ശക്തിപ്രാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.