മദ്യത്തിനെതിരേ കൊച്ചിയില്‍ 25നു പ്രതിഷേധമിരമ്പും
Wednesday, August 20, 2014 12:04 AM IST
കൊച്ചി: മദ്യവിരുദ്ധ സംഘടനകളുടെ ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ 25നു കൊച്ചി മറൈന്‍ഡ്രൈവില്‍ ജനസാഗരം സംഘടിപ്പിക്കും. ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ അഞ്ചു വരെയാണു പരിപാടി.

ഉച്ചയ്ക്ക് 12.30നു സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൌണ്ട് സെന്റ് തോമസില്‍നിന്നു ദീപശിഖാപ്രയാണം തുടങ്ങും. 52 കത്തോലിക്കാ മെത്രാന്മാര്‍, മദ്യവിരുദ്ധ ഏകോപന സമിതി ഭാരവാഹികള്‍, ഹിന്ദു, മുസ്ലിം, ക്രൈസ്തവ മതനേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വിവിധ യുവജനസംഘടനകളുടെ പ്രതിനിധികള്‍ക്കു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ദീപശിഖ കൈമാറിയാണു ജനസാഗരത്തിനു തുടക്കം കുറിക്കുന്നത്.


കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയര്‍മാന്‍ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ മറൈന്‍ഡ്രൈവില്‍ ജനസാഗരം ഉദ്ഘാടനം ചെയ്യും. മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ചെയര്‍മാന്‍ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് അധ്യക്ഷത വഹിക്കും. നിലവാരമില്ലാത്തതിന്റെ പേരില്‍ അടച്ചുപൂട്ടിയ 418 ബാറുകള്‍ തുറന്നാല്‍ അതു ഭരിക്കുന്ന സര്‍ക്കാരിന്റെ അന്ത്യംകുറിക്കുമെന്നു പിഒസിയില്‍ ചേര്‍ന്ന ഏകോപന സമിതി സംസ്ഥാനതല സമ്മേളനം മുന്നറിയിപ്പു നല്‍കി. ജസ്റീസ് പി.കെ. ഷംസുദീന്‍ യോഗം ഉദ്ഘാടനം ചെയ്തു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.