ഹയര്‍ സെക്കന്‍ഡറി പ്രവേശനം നിര്‍ത്തി; പ്രതിസന്ധി രൂക്ഷം
ഹയര്‍ സെക്കന്‍ഡറി പ്രവേശനം നിര്‍ത്തി; പ്രതിസന്ധി രൂക്ഷം
Wednesday, August 20, 2014 11:50 PM IST
തോമസ് വര്‍ഗീസ്

തിരുവനന്തപുരം: പുതുതായി അനുവദിച്ച ഹയര്‍ സെക്കന്‍ഡറി ബാച്ചുകളിലേക്കുള്ള പ്രവേശന നടപടികള്‍ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചു. ഇതോടെ പുതിയ ബാച്ചുകളിലേക്ക് അപേക്ഷിച്ചവര്‍ പ്രതിസന്ധിയിലായി.

ഹൈക്കോടതി വിധി അനുസരിച്ചു സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതു വരെ പുതിയ ഹയര്‍സെക്കന്‍ഡറി ബാച്ചുകളിലേക്കുള്ള പ്രവേശന നടപടികള്‍ നിര്‍ത്തിവച്ചുകൊണ്ട് ഇന്നലെ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കി. ഇതോടെ പുതുതായി അനുവദിച്ച 700 ഹയര്‍ സെക്കന്‍ഡറി ബാച്ചുകളിലേക്കുള്ള പ്രവേശന നടപടികളാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. ഇന്നു ചേരുന്ന മന്ത്രിസഭായോഗം കോടതി വിധിക്കെതിരേ അപ്പീല്‍ നല്കാന്‍ തീരുമാനിക്കുമെന്ന സൂചനയുമുണ്ട്. അഡ്വക്കറ്റ് ജനറല്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം.

ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അംഗീകരിച്ച് സര്‍ക്കാരിനു കൈമാറിയത് 601 ബാച്ചുകളുടെ പട്ടികയായിരുന്നു. ഇതു പരിശോധിക്കാനായി മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു.

ഉപസമിതിയില്‍ എത്തിയതോടെ തര്‍ക്കം രൂക്ഷമാകുകയും 601 ബാച്ചുകള്‍ എന്നത് 700 ആയി ഉയരുകയും ചെയ്തു. ഇതാണ് ഇപ്പോള്‍ പ്രശ്നമായിരിക്കുന്നത്.


മന്ത്രിസഭാ ഉപസമിതിയുടെ ഇടപെടലിനെത്തുടര്‍ന്നു ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ നിര്‍ദേശിച്ച പല സ്കൂളുകളും പട്ടികയില്‍നിന്നു പുറത്തായെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതില്‍ ചില സ്കൂളുകള്‍ കോടതിയെ സമീപിച്ചതോടെയാണ് കഴിഞ്ഞദിവസം കോടതിവിധി ഉണ്ടായത്.സര്‍ക്കാര്‍ വീണ്ടും കോടതിയെ സമീപിച്ചാല്‍ തന്നെ കോടതി കേസ് പരിഗണിച്ച് വിധി വരുന്നതിനായി കാത്തിരിക്കണം. ഒരാഴ്ച കഴിയുമ്പോള്‍ ഓണം ഉള്‍പ്പെടെ അവധിദിവസങ്ങളാണു വരിക.

നിലവിലുള്ള ഹയര്‍ സെക്കന്‍ഡറി ബാച്ചുകളില്‍ പഠനം തുടങ്ങിയിട്ട് ഒരു മാസത്തിലേറെയായി. പുതിയ ബാച്ചിലേക്കുള്ള പ്രവേശന നടപടികള്‍ മൂന്നു തവണ മാറ്റിവച്ചിരുന്നു. ഈ മാസം 20 വരെ അപേക്ഷ സ്വീകരിക്കുമെന്നായിരുന്നു ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ ഒടുവിലത്തെ അറിയിപ്പ്. എന്നാല്‍, ഇന്നലെ പുതിയ ഉത്തരവു വന്നതോടെ നടപടികള്‍ അനന്തമായി നിലച്ചു. ഇതോടെ പ്രവേശനം കാത്തിരിക്കുന്ന ആയിരക്കണക്കിനു വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.