വൃക്കദാനം നടത്തുന്ന അധ്യാപികയെ ഇന്ന് ആദരിക്കും
വൃക്കദാനം നടത്തുന്ന അധ്യാപികയെ ഇന്ന് ആദരിക്കും
Wednesday, August 20, 2014 12:06 AM IST
തിരുവനന്തപുരം: വൃക്കരോഗം ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന നിര്‍ധന യുവതിക്കു സ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിലെ അധ്യാപിക വൃക്കദാനം നടത്തി മാതൃകയാകുന്നു. കോട്ടയം പാറമ്പുഴ ഹോളി ഫാമിലി ഹൈസ്കൂള്‍ അധ്യാപികയായ മിനി എം. മാത്യുവാണു സ്വന്തം വൃക്ക പകുത്തുനല്‍കാന്‍ തയാറായിരിക്കുന്നത്.

കൊട്ടാരക്കര കുന്നുംപുറത്തു ചരുവിള പുത്തന്‍വീട്ടില്‍ നിര്‍ധന കുടുംബത്തിലെ കെ.വി. രമ്യക്കാണ് അധ്യാപിക വൃക്ക നല്‍കുന്നത്. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ 25ന് എറണാകുളം മെഡിക്കല്‍ ട്രസ്റ് ആശുപത്രിയില്‍ നടക്കും. സ്റുഡന്റ് പോലീസ് കേഡറ്റായിരുന്ന ജോയിസി എന്ന വിദ്യാര്‍ഥിയുടെ കാല്‍ കാന്‍സര്‍ ബാധിച്ചു മുറിച്ചുമാറ്റിയപ്പോള്‍ സ്വന്തം ചെലവില്‍ ഈ അധ്യാപിക വീല്‍ ചെയര്‍ വാങ്ങി നല്‍കിയിരുന്നു.

ഇവരുടെ ജീവകാരുണ്യ പ്രവര്‍ത്തനം മുന്‍നിര്‍ത്തി ഇന്ന് ഉച്ചകഴിഞ്ഞു രണ്ടരയ്ക്കു കാര്‍മല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന എസ്പിസിയുടെ അക്കഡേമിക് എക്സലന്‍സ് അവാര്‍ഡ്ദാന ചടങ്ങില്‍ അധ്യാപികയെ ആദരിക്കുമെന്ന് എസ്പിസി നോഡല്‍ ഓഫീസര്‍ ഡിഐജി പി. വിജയന്‍ അറിയിച്ചു.


കഴിഞ്ഞ അക്കാദമിക് വര്‍ഷത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് വാങ്ങിയ 355 സ്റുഡന്‍സ് പോലീസ് കേഡറ്റുകള്‍ക്കു സമ്മാനം നല്‍കും. കഴിഞ്ഞ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ ഹൈജംപില്‍ രണ്ടാം സ്ഥാനം നേടുകയും കോഴിക്കോട് സായിലേക്കു തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത സ്റുഡന്റ് പോലീസ് കേഡറ്റായ ബാസില്‍ മുഹമ്മദിനും പാരിതോഷികം നല്‍കും.

അവാര്‍ഡ്ദാന ചടങ്ങ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ മന്ത്രി അബ്ദു റബ് അവാര്‍ഡുകള്‍ വിതരണം ചെയ്യും. ചടങ്ങില്‍ മേയര്‍ കെ. ചന്ദ്രിക, ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യന്‍, വിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍, എഡിജിപിമാരായ ലോക്നാഥ് ബെഹ്റ, ആര്‍.ശ്രീലേഖ, സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷ്, സീമാറ്റ് ഡയറക്ടര്‍ ഡോ.ഇ. വല്‍സലകുമാര്‍, കാര്‍മല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റര്‍ ഹെല്‍മ എന്നിവര്‍ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.