ബേബിയുടെ നീക്കങ്ങള്‍ സംസ്ഥാന സമ്മേളനം മുന്നില്‍ക്കണ്ട്
ബേബിയുടെ നീക്കങ്ങള്‍ സംസ്ഥാന സമ്മേളനം മുന്നില്‍ക്കണ്ട്
Wednesday, August 20, 2014 12:06 AM IST
എം. പ്രേംകുമാര്‍

തിരുവനന്തപുരം: സിപിഎം കേന്ദ്ര നേതൃത്വം രാഷ്ട്രീയമായി തള്ളിക്കളഞ്ഞ ആശയങ്ങള്‍ വീണ്ടും ചര്‍ച്ചയ്ക്കെടുക്കാനുള്ള പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുടെ നീക്കങ്ങള്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനം മുന്നില്‍ക്കണ്ട്. സിപിഐ നേതാക്കള്‍ നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന സിപിഐ-സിപിഎം ലയന വിഷയം ചര്‍ച്ചയ്ക്കെടുത്താണു ബേബി പാര്‍ട്ടിക്കുള്ളില്‍ പുതിയ ധ്രുവീകരണത്തിനായി തയാറെടുക്കുന്നത്.

കൊല്ലത്തെ തെരഞ്ഞെടുപ്പു തോല്‍വിക്കുശേഷം ബേബി പാര്‍ട്ടി സംസ്ഥാന നേതൃത്വവുമായി നല്ല രസത്തിലല്ല. വരുന്ന സമ്മേളനത്തില്‍ പിണറായി വിജയന്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിയുമെന്നിരിക്കേ ആ സ്ഥാനത്തേക്കു കടന്നുവരാനുള്ള ശ്രമമാണു ബേബി നടത്തുന്നതെന്നാണു ഇപ്പോഴുള്ള സംസാരം. എന്നാല്‍, ബേബിക്കൊപ്പം ആരൊക്കെയുണ്ടാകും എന്നതു സംബന്ധിച്ചു യാതൊരു സ്ഥിരീകരണവും ഇപ്പോഴില്ല. ബേബിയുടെ തന്ത്രം വിജയിക്കുമോയെന്നതു കാത്തിരുന്നു കാണേണ്ടതാണ്.

സിപിഐ-സിപിഎം ലയനത്തിന്റെ ആവശ്യകതയെ സംബന്ധിച്ചു ചര്‍ച്ച ഉയര്‍ത്തികൊണ്ടുവന്നതു സിപിഐ നേതാക്കളാണ്. എന്നാല്‍ സിപിഐയുടെ ആവശ്യത്തോടു സിപിഎം നേതാക്കളാരും അനുകൂലമായി പ്രതികരിച്ചില്ല. പാര്‍ട്ടി കേന്ദ്ര നേതൃത്വം ഇപ്പോള്‍ ഈ ചര്‍ച്ചയ്ക്കു പ്രസക്തിയില്ലെന്ന നിലപാടെടുക്കുകയും ചെയ്തു. ബേബിയും കേന്ദ്ര നേതൃത്വത്തിന്റെ ഭാഗമായതിനാല്‍ അദ്ദേഹത്തിന്റെ കൂടി അഭിപ്രായമാണു സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കിയത്. ബേബി അതിനുശേഷവും ലയനത്തെ സംബന്ധിച്ചു അനുകൂലമായ അഭിപ്രായം പറഞ്ഞതു പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിനെ തള്ളിയാണ്. പാര്‍ട്ടിയുടെ അഭിപ്രായം ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയിട്ടും പിബി അംഗമായ ബേബി അതിനു വിപരീതമായി അഭിപ്രായം പറഞ്ഞതു പാര്‍ട്ടി അച്ചടക്ക ലംഘനമായി വ്യാഖ്യാനിക്കപ്പെടാം.


കമ്യൂണിസ്റ് പാര്‍ട്ടികളുടെ ലയനം കാലഘട്ടത്തിന്റെ ആവശ്യമാണെന്നാണു ബേബി ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്ത് ഇടതുപക്ഷത്തിന്റെ ശക്തി ശോഷിച്ചുവരുന്നതിനാല്‍ കമ്യൂണിസ്റ് പാര്‍ട്ടികളുടെ പുനരേകീകരണമാണു ബേബി ആവശ്യപ്പെടുന്നത്. തന്റെ അഭിപ്രായം വിഭാഗീയതയുടെ ചുവടുപിടിച്ചല്ലെന്നും തികച്ചും ആശയപരമാണെന്നും ചൂണ്ടിക്കാണിക്കാനാണു ബേബിയുടെ ശ്രമം.

സിപിഎം നേതൃത്വം മലബാര്‍ ലോബിയുടെ പിടിയിലാണ്. ബേബിയും അവര്‍ക്കൊപ്പമായിരുന്നു ഇതുവരെയും. കൊല്ലത്തെ തോല്‍വി ബേബിയെ വല്ലാതെ മാറ്റി. പിണറായിയുടെ വിശ്വസ്തനായ എം.വി. ഗോവിന്ദനായിരുന്നു ബേബിയുടെ തെരഞ്ഞെടുപ്പിന്റെ ചുമതല വഹിച്ചിരുന്നത്. തെരഞ്ഞെടുപ്പു പ്രവര്‍ത്തനം സിപിഎമ്മിന്റെ സംഘടനാ ശേഷിക്കനുസരിച്ചു നടന്നില്ലെന്നും തന്റെ തോല്‍വിയെക്കുറിച്ചു പാര്‍ട്ടി അന്വേഷിക്കണമെന്നും ബേബി പറഞ്ഞുനോക്കിയെങ്കിലും പിണറായി കുലുങ്ങിയില്ല. മണ്ഡലാടിസ്ഥാനത്തില്‍ ഒരു കമ്മീഷനെ വച്ചു തോല്‍വി അന്വേഷിക്കാന്‍ പാര്‍ട്ടി തയാറായില്ല. തന്റെ ആവശ്യങ്ങള്‍ക്കു വി.എസ്. അച്യുതാനന്ദന്റെയും അനുയായികളുടെയും പിന്തുണ പ്രതീക്ഷിച്ച ബേബിക്ക് അതും ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ ഇടതുപക്ഷ ഐക്യമുയര്‍ത്തി പുതിയ പരീക്ഷണവുമായി ബേബിയെത്തുന്നത്.

സിപിഐ-സിപിഎം ലയനം ഒക്ടോബറില്‍ തുടങ്ങുന്ന സിപിഎം സമ്മേളനങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കിട നല്‍കില്ല. എന്നാല്‍, വിഷയം ആശയപരമായതിനാല്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചയ്ക്കു വരാം. ചില ജില്ലകളില്‍ മാത്രം സാന്നിധ്യമറിയിക്കുന്ന വിഎസ് പക്ഷവുമായി അടുക്കാനുള്ള ശ്രമങ്ങള്‍ ബേബി ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ വിഎസ് പക്ഷവുമായി അടുത്ത ബന്ധമുള്ള പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്കിന്റെ സഹായവും ബേബിക്ക് ഇക്കാര്യത്തില്‍ ലഭിച്ചേക്കുമെന്നാണു സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.