ദൈവവിളി: ത്യാഗസുരഭിലമായ മാതൃകകളുണ്ടാവണമെന്നു സീറോ മലബാര്‍ സഭാ സിനഡ്
Wednesday, August 20, 2014 12:09 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: ദൈവവിളി സംബന്ധിച്ചു ത്യാഗസുരഭിലമായ മാതൃകകളാണു സഭ സമൂഹമധ്യത്തില്‍ മുന്നോട്ടുവയ്ക്കേണ്ടതെന്നു സീറോ മലബാര്‍ സഭാ മെത്രാന്‍ സിനഡ്. ദൈവവിളി എന്ന ലക്ഷ്യത്തിനു പരമപ്രാധാന്യം നല്‍കണമെന്നും കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ നടക്കുന്ന സിനഡില്‍ ഇന്നലത്തെ സെഷന്‍ ആഹ്വാനം ചെയ്തു.

സീറോ മലബാര്‍ സഭയില്‍ വൈദിക, സന്യാസിനി ജീവിതത്തിലേക്കുള്ള ദൈവവിളികളെക്കുറിച്ചു യോഗം ചര്‍ച്ച ചെയ്തു. ഈ രംഗത്തേക്കു വരുന്നവരുടെ എണ്ണത്തിലെ മാറ്റവും വിലയിരുത്തി. ദൈവവിളി സ്വന്തമായി ഒന്നും നേടാനല്ല. വലിയ ത്യാഗത്തിന്റെ ജീവിതത്തിനു വേണ്ടിയുള്ള സമര്‍പ്പണമാണത്. സന്യാസ ജീവിതത്തിലേക്കുള്ള ദൈവവിളികള്‍ സ്വഭാവത്താലെ ഇടവക വൈദികരുടേതില്‍നിന്നു ഭിന്നമാണെന്നു വ്യക്തമാക്കണം. അതിനായി സന്യാസ വര്‍ഷാചരണത്തിനു കൂടുതല്‍ പ്രാധാന്യം കൊടുക്കണം.

ഷിക്കാഗോ, കല്യാണ്‍, ഡല്‍ഹി തുടങ്ങിയ പ്രവാസിസമൂഹങ്ങളില്‍ ദൈവവിളികള്‍ വളരുകയും കൂടുകയും ചെയ്യുന്നതില്‍ സിനഡ് സംതൃപ്തിയറിയിച്ചു. ഇപ്പോഴത്തെ ദൈവവിളികളുടെ എണ്ണത്തിലും സ്വഭാവത്തിലും വന്നിട്ടുള്ള മാറ്റങ്ങള്‍ മനസിലാക്കാന്‍ സര്‍വേ നടത്താനും സിനഡ് തീരുമാനിച്ചു.


അന്തരിക്കുന്ന മെത്രാന്മാരെ ഇനി മുതല്‍ പള്ളിയുടെ മദ്ബഹയില്‍ അടക്കേണ്ടതില്ലെന്നു സിനഡ് തീരുമാനിച്ചു. സെമിത്തേരി ചാപ്പലിലോ ക്രിപ്റ്റിലോ ആകും ഇനി മെത്രാന്മാരെ അടക്കുക. മദ്ബഹ വിശുദ്ധ വേദിയായി വിശ്വാസികള്‍ കാണുകയും ഉപയോഗിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

വടവാതൂര്‍ അപ്പസ്തോലിക സെമിനാരിക്കുവേണ്ടി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷനും ബിഷപ്പുമാരായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ അംഗങ്ങളുമായി കമ്മീഷനെ തെരഞ്ഞെടുത്തു.

ഓസ്ട്രേലിയയിലെ സെന്റ് തോമസ് സീറോ മലബാര്‍ രൂപത സഭയുടെ പ്രതീക്ഷയുടെയും വളര്‍ച്ചയുടെയും മുഖമാണെന്നു സിനഡ് അഭിപ്രായപ്പെട്ടു.

കൂടുതല്‍ മക്കള്‍ അനുഗ്രഹമാണെന്നു ബോധ്യമുള്ളവരും ക്രൈസ്തവ ജീവിതത്തില്‍ വലിയ സമര്‍പ്പണ ബോധമുള്ളവരുമായ യുവദമ്പതികളുടെ സഭാസമൂഹമാണ് അവിടെയുള്ളതെന്നതു സന്തോഷകരമാണെന്നും സിനഡ് വിലയി രുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.