കാര്‍ഷിക വാഴ്സിറ്റിയില്‍ ആദായനികുതി റെയ്ഡ്
Wednesday, August 20, 2014 12:10 AM IST
സ്വന്തം ലേഖകന്‍

തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാല ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ലക്ഷങ്ങളുടെ ക്രമക്കേട്. സര്‍വകലാശാലയുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായതുമൂലം ജീവനക്കാരും പെന്‍ഷന്‍കാരും ആദായനികുതി വകുപ്പിനു ഭീമമായ തുക പിഴയൊടുക്കേണ്ടിവരും. കണക്കുകള്‍ ആദായനികുതി വകുപ്പ് ഓഫീസില്‍ സമയബന്ധിതമായി ഹാജരാക്കണമെന്ന നിര്‍ദേശം പാലിക്കാതിരുന്നതിനെത്തുടര്‍ന്നാണ് ആദായനികുതി അധികാരികള്‍ പരിശോധന നടത്താനെത്തിയത്.

കാര്‍ഷിക സര്‍വകലാശാല സ്ഥാപിതമായതിനുശേഷം ഇതുവരെ പെന്‍ഷനായവരുടെ ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിച്ചിട്ടില്ല. യഥാസമയം റിട്ടേണുകള്‍ സമര്‍പ്പിക്കാതെ ഇവര്‍ക്ക് ഇനി ആദായനികുതി ആനുകൂല്യങ്ങള്‍ ലഭിക്കില്ല. മാത്രമല്ല, ഇരുപതു ശതമാനം പിഴയടയ്ക്കേണ്ടിവരികയും ചെയ്യും.

ജീവനക്കാരുടെയും പെന്‍ഷനായവരുടെയും ആദായനികുതി യഥാസമയം പിടിച്ചുകൊടുക്കേണ്ട ചുമതല സര്‍വകലാശാല കണ്‍ട്രോളറുടേതാണ്. സര്‍വകലാശാലയില്‍ ഇപ്പോള്‍ 4,500 പെന്‍ഷന്‍കാരുണ്ട്. വീഴ്ച പറ്റിയ വിവരം മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്ന സര്‍വകലാശാല അധികാരികള്‍ എല്ലാ പെന്‍ഷന്‍കാരോടും ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണിപ്പോള്‍.

കാര്‍ഷിക സര്‍വകലാശാല ആസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന സഹകരണ സംഘത്തില്‍ ജീവനക്കാരും പെന്‍ഷന്‍കാരും നടത്തിയ ലക്ഷക്കണക്കിനു രൂപയുടെ നിക്ഷേപങ്ങള്‍ക്കും റിട്ടേണുകള്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് ആദായനികുതി അധികാരികള്‍ കണ്െടത്തിയിട്ടുണ്ട്. സഹകരണ ബാങ്കുകളില്‍ അഞ്ചു ലക്ഷത്തിലേറെ രൂപയുടെ നിക്ഷേപമുള്ളവര്‍ കണക്കുകള്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ നല്കേണ്ടതാണ്. സര്‍വകലാശാലയിലെ ഉന്നതര്‍ ഭരിക്കുന്ന ഈ സഹകരണസംഘം ആരംഭിച്ചതുമുതല്‍ ഇതുവരെയും ആദായനികുതി വകുപ്പിന് ഒരു രേഖയും നല്‍കിയിട്ടില്ല. സംഘം പ്രവര്‍ത്തിക്കുന്ന ഓഫീസിനു വാടകകരാര്‍ പോലുമില്ല. കരാര്‍ കാലാവധി രണ്ടായിരാമാണ്ടില്‍ തീര്‍ന്നതാണ്. വാടക കുടിശികയിനത്തില്‍ എട്ടു ലക്ഷം രൂപയാണു കെട്ടിടമുടമയായ സര്‍വകലാശാലയ്ക്കു നല്‍കാനുള്ളത്.


സര്‍വകലാശാലയില്‍നിന്നു പെന്‍ഷനായ നൂറുകണക്കിനു ജീവനക്കാര്‍ക്കു പെന്‍ഷന്‍ ആനുകൂല്യം നല്‍കണമെന്ന ഹൈക്കോടതിയുടെ അന്ത്യശാസന തീയതി നാളെ അവസാനിക്കും. നിലവിലുള്ള പെന്‍ഷന്‍കാര്‍ക്ക് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ 20 കോടി രൂപ വേണ്ടിവരും. ഈ കേസുകള്‍ ഉള്‍പ്പെടെ സര്‍വകലാശാല രണ്ടു ഡസനോളം കോടതിയലക്ഷ്യ നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. കോടതിയലക്ഷ്യ നടപടികളുമായി ബന്ധപ്പെട്ടു പലിശയിനത്തില്‍തന്നെ കോടതി നിര്‍ദേശമനുസരിച്ച് 20 ലക്ഷം രൂപ കൊടുത്തിരുന്നു. സര്‍വകലാശാലയ്ക്കു കംപ്ട്രോളറെ നിയമിക്കണമെന്ന് 2014 ജൂലൈ 19നു സര്‍വകലാശാല ജനറല്‍ കൌണ്‍സില്‍ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.