പൂട്ടിയ ബാറുകള്‍ തുറക്കരുത്: കേരള കോണ്‍ഗ്രസ്-എം
പൂട്ടിയ ബാറുകള്‍ തുറക്കരുത്: കേരള കോണ്‍ഗ്രസ്-എം
Wednesday, August 20, 2014 11:50 PM IST
കൊച്ചി: സംസ്ഥാനത്തു ഘട്ടംഘട്ടമായി സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്നു കേരള കോണ്‍ഗ്രസ്-എം. പൂട്ടിക്കിടക്കുന്ന 418 ബാറുകളും തുറക്കരുതെന്നാണു പാര്‍ട്ടി തീരുമാനമെന്നും ചെയര്‍മാന്‍ കെ.എം.മാണി പറഞ്ഞു. നെടുമ്പാശേരി അബാദ് ഹോട്ടലില്‍ നടന്ന പാര്‍ട്ടി ഉന്നതാധികാര സമിതി യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു കഷണം റബര്‍പോലും ഇറക്കുമതി ചെയ്യരുതെന്നാണു പാര്‍ട്ടിയുടെ നിലപാട്. ഇതിനു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തര ഇടപെടല്‍ വേണം. ഡല്‍ഹിയില്‍ ഇന്നു കേന്ദ്രമന്ത്രിയെ കണ്ട് ഇക്കാര്യം ആവശ്യപ്പെടും. റബര്‍ ഇറക്കുമതി ലൈസന്‍സുകള്‍ റദ്ദാക്കണം. പരമാവധി റബര്‍ കര്‍ഷരില്‍നിന്നു സംഭരിച്ചു കയറ്റുമതി ചെയ്യണം.

മലയോര കര്‍ഷകരുടെ പട്ടയ പ്രശ്നത്തില്‍ പാര്‍ട്ടി ഇപ്പോഴും പ്രക്ഷോഭത്തിലാണ്. ഇതിന്റെ ഭാഗമായി ഈമാസം 23ന് നെടുങ്കണ്ടത്തുനിന്നു കട്ടപ്പനയിലേക്കു മലയോര കര്‍ഷകരുടെ മാര്‍ച്ച് നടക്കും. പട്ടയവിതരണം അടിയന്തരമായി തുടങ്ങണമെന്നതാണു പാര്‍ട്ടി ആവശ്യം. പ്ളസ്ടു പ്രശ്നം കൈകാര്യം ചെയ്തതില്‍ അപാകതയുണ്ടായതായി പാര്‍ട്ടിക്ക് അഭിപ്രായമില്ല. ഇതുസംബന്ധിച്ച കൂടുതല്‍ ചോദ്യങ്ങളോടു മാണി പ്രതികരിച്ചില്ല.


സെപ്റ്റംബര്‍ ഒന്നിന് കോട്ടയത്ത് പാര്‍ട്ടിയുടെ നിയോജകമണ്ഡലം, ജില്ലാ, സംസ്ഥാന ഭാരവാഹികളുടെ സമ്പൂര്‍ണ സമ്മേളനം നടത്തും. കേരള കോണ്‍ഗ്രസിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സമൂഹവിവാഹം നടത്താന്‍ തീരുമാനിച്ചിട്ടുണ്െടന്നും അദ്ദേഹം അറിയിച്ചു. ഉന്നതാധികാര സമിതിയോഗത്തില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ്, വൈസ് ചെയര്‍മാന്‍ പി.സി. ജോര്‍ജ്, ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്.തോമസ്, എംപിമാരായ ജോയി ഏബ്രഹാം, ജോസ് കെ.മാണി, എംഎല്‍എമാരായ മോന്‍സ് ജോസഫ്, തോമസ് ഉണ്ണിയാടന്‍, ടി.യു. കുരുവിള, എന്‍.ജയരാജ്, ജനറല്‍ സെക്രട്ടറിമാരായ ഫ്രാന്‍സിസ് ജോര്‍ജ്, ജോസഫ് എം.പുതുശേരി, തോമസ് ചാഴികാടന്‍, പി.ടി. ജോസ്, ജില്ലാ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.