കാലിക്കട്ട് വിസിയും സിന്‍ഡിക്കറ്റ് അംഗങ്ങളും ഗവര്‍ണറെ കാണും
Wednesday, August 20, 2014 11:56 PM IST
തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറും സിന്‍ഡിക്കറ്റംഗങ്ങളും ചേരിതിരിഞ്ഞു ഗവര്‍ണറെ സമീപിക്കും. കഴിഞ്ഞദിവസം സിന്‍ഡിക്കറ്റ് യോഗത്തില്‍ നടന്ന കൈയാങ്കളിയുടെ വിവരങ്ങള്‍ സിന്‍ഡിക്കറ്റംഗങ്ങളും വൈസ് ചാന്‍സലര്‍ ഡോ.എം.അബ്ദുള്‍ സലാമും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഷീലാദീക്ഷിതിന്റെ മുന്നില്‍ നിരത്തും.

ചൊവ്വാഴ്ച തന്നെ എല്ലാ സിന്‍ഡിക്കറ്റംഗങ്ങളും ഒപ്പിട്ട റിപ്പോര്‍ട്ട് ചാന്‍സലര്‍ക്ക് അയച്ചിട്ടുണ്ട്. സിന്‍ഡിക്കറ്റില്‍ ഉണ്ടായ സംഭവങ്ങളുടെ വിശദവിവരങ്ങളും സിസിടിവി ക്ളിപ്പിംഗുകളുമാണു ചാന്‍സലര്‍ക്ക് അയച്ചു നല്‍കിയിരിക്കുന്നത്. വൈസ് ചാന്‍സലര്‍ ചാന്‍സലര്‍ക്കു നല്‍കാനുള്ള റിപ്പോര്‍ട്ട് തയാറാക്കിക്കൊണ്ടിരിക്കുകയാണ്. ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യാനായി അംഗങ്ങള്‍ ഇന്നലെ ഗസ്റ് ഹൌസില്‍ യോഗം ചേര്‍ന്നിരുന്നു. ചാന്‍സലറെ അടിയന്തരമായി കാണാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി അടുത്ത ദിവസംതന്നെ സമയം ആവശ്യപ്പെടും. എല്‍ഡിഎഫ് - യുഡിഎഫ് അംഗങ്ങള്‍ ഒന്നിച്ചായിരിക്കും രാജ്ഭവനിലേക്കു പോവുക. ഇതിനു പുറമേ ബ്രാഞ്ച് ഓഫീസര്‍മാരുടെ യോഗം വിളിച്ചു ചേര്‍ക്കാനും സിന്‍ഡിക്കറ്റംഗങ്ങള്‍ തീരുമാനിച്ചു. സിന്‍ഡിക്കറ്റ് യോഗം അംഗീകരിക്കാത്ത തീരുമാനങ്ങള്‍ നടപ്പാക്കരുതെന്നു നിര്‍ദേശം നല്‍കാനാണു യോഗം. സാമ്പത്തിക ബാധ്യതയില്ലാത്ത തീരുമാനങ്ങള്‍ നടപ്പാക്കുമെന്നു കഴിഞ്ഞ ദിവസം വൈസ് ചാന്‍സലര്‍ പറഞ്ഞിരുന്നു. ഇതിനായി പ്രത്യേകാധികാരം വിനിയോഗിക്കും.


സിന്‍ഡിക്കറ്റ് യോഗം എടുത്ത തീരുമാനങ്ങളില്‍നിന്നു വ്യത്യസ്തമായ രണ്ട് ഉത്തരവുകള്‍ ഇന്നലെത്തന്നെ വൈസ് ചാന്‍സലര്‍ ഇറക്കി. ഫോക്ലോര്‍ പഠനവിഭാഗം മേധാവി ഡോ. ഇ.കെ. ഗോവിന്ദവര്‍മരാജയുടെ നിയമനത്തിന് അംഗീകാരം നല്‍കി കൊണ്ടുള്ളതാണ് അതിലൊന്ന്.

നേരത്തേ ഇതു വിശദമായി പഠിക്കാന്‍ സിന്‍ഡിക്കറ്റ് മാറ്റിവച്ചതായിരുന്നു. മറ്റൊരു തീരുമാനം ഇംഗ്ളീഷ് പഠന വിഭാഗം മേധാവിയായി ഡോ.കെ.എം. ഷെരീഫിനെ നിയമിച്ചു കൊണ്ടുള്ളതാണ്. നേരത്തെ സിന്‍ഡിക്കറ്റ് ഇദ്ദേഹത്തെ മാറ്റി ഡോ.ജാനകി ശ്രീധരനെ മേധാവിയായി നിയമിക്കുകയായിരുന്നു. ഇതോടെ സിന്‍ഡിക്കറ്റിനെ മറികടന്നു ഭരണസ്തംഭനം ഒഴിവാക്കാനുള്ള നടപടികളുണ്ടാവുമെന്നാണു വൈസ് ചാന്‍സലര്‍ നല്‍കുന്ന സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.