മുഖപ്രസംഗം: ആകാശയാത്ര ആശങ്കാകുലമാക്കരുത്
Thursday, August 21, 2014 11:12 PM IST
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നു ദുബായിയിലേക്കു കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ടേക്കോഫിനുശേഷം യന്ത്രത്തകരാര്‍മൂലം തിരിച്ചിറക്കേണ്ടിവന്ന സംഭവം നമ്മുടെ ദേശീയ വിമാനക്കമ്പനി പുലര്‍ത്തുന്ന അക്ഷന്തവ്യമായ അലംഭാവത്തിന്റെ പ്രകടമായ ഉദാഹരണമാണ്. പരമാവധി മുന്‍കരുതലുകളെടുത്തും സാങ്കേതിക പ്രശ്നങ്ങളെല്ലാം നിരന്തരം അതിസൂക്ഷ്മമായി പരിശോധിച്ചു പരിഹരിച്ചുകൊണ്ടുമാണു വിമാനങ്ങളും വിമാനത്താവളങ്ങളും പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍, ഇക്കാര്യത്തില്‍ പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയെ സംബന്ധിച്ച് എന്നും പരാതികള്‍ ഉയരുന്നു. കാലം ചെല്ലുന്തോറും പരാതികള്‍ കുറയുകയല്ല കൂടുകയാണെന്നതു ബന്ധപ്പെട്ടവര്‍ ഏറെ ഗൌരവത്തോടെ കാണേണ്ടതുണ്ട്.

ഗള്‍ഫ് രാജ്യങ്ങളിലേക്കും അവിടെനിന്നു നാട്ടിലേക്കും സാധാരണക്കാരായ ഇന്ത്യക്കാരുടെ യാത്ര സുഗമമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ ആരംഭിച്ചത്. ഇപ്പോള്‍ പൊതുവേ ഗള്‍ഫിലേക്കു തിരക്കു കൂടുതലുള്ള സമയമാണ്. പലരും സാധാരണ നിരക്കിന്റെ ഇരട്ടിയിലേറെ പണം മുടക്കിയാണു ടിക്കറ്റെടുക്കുന്നത്. വീസ കാലാവധി അവസാനിക്കാതെ നോക്കേണ്ടതും വീസ പുതുക്കേണ്ടതുമൊക്കെ അത്യാവശ്യമായിരിക്കേ ടിക്കറ്റ് നിരക്ക് കുറയുന്നതുവരെ കാത്തിരിക്കാന്‍ പലര്‍ക്കും സാധിക്കില്ല. അതിനാല്‍ വളരെ ക്ളേശം സഹിച്ച് ദേശീയ വിമാനക്കമ്പനിയില്‍ത്തന്നെ യാത്ര ചെയ്യാനെത്തുന്നവര്‍ക്കു സുരക്ഷിതമായ യാത്ര ഉറപ്പാക്കുകയെന്നതു കമ്പനിയുടെ ഉത്തരവാദിത്വമാണ്. അതുപോലെ, യാത്രക്കാരോടു സൌഹാര്‍ദപൂര്‍ണമായ സമീപനം സ്വീകരിക്കുക എന്നതും.

വിമാനയാത്ര സംബന്ധിച്ച പരമപ്രധാനമായ കാര്യം യാത്രയുടെ സുരക്ഷ തന്നെയാണ്. കഴിഞ്ഞ ദിവസം വിമാനം യന്ത്രത്തകരാര്‍മൂലം തിരിച്ചിറക്കേണ്ടിവന്നതു യാത്രക്കാരില്‍ ഉണ്ടാക്കിയ മാനസിക സംഘര്‍ഷം ആ വിമാനത്തിലുണ്ടായിരുന്നവര്‍ക്കേ മനസിലാക്കാനാവൂ. വൈകുന്നേരം നാലരയ്ക്കു യാത്ര ആരംഭിക്കേണ്ടിയിരുന്ന വിമാനം സാങ്കേതിക തകരാര്‍ കണ്െടത്തിയതിനെത്തുടര്‍ന്നു മൂന്നു മണിക്കൂറിലേറെ വൈകി ഏഴേമുക്കാലോടെ പറന്നുയര്‍ന്നു. അധികം വൈകാതെ വീണ്ടും യന്ത്രത്തകരാര്‍ ശ്രദ്ധയില്‍പ്പെടുകയും വിമാനം തിരിച്ചിറക്കണമെന്ന സന്ദേശം ലഭിക്കുകയും ചെയ്തു. നാലു മണിക്കൂറിലേറെ പറക്കാനുള്ള ഇന്ധനം വിമാനത്തിലുണ്ടായിരുന്നതുകൊണ്ട് ഇന്ധനത്തിന്റെ നല്ലൊരു ഭാഗം കടലില്‍ ഒഴുക്കിയശേഷമാണു വിമാനം താഴെയിറക്കിയത്. ഇരുനൂറോളം യാത്രക്കാര്‍ മണിക്കൂറുകളോളം ആശങ്കയുടെ മുള്‍മുനയില്‍ കഴിയേണ്ടിവന്നു. അതേസമയം, യാത്രക്കാരുടെ ആശങ്ക അകറ്റാനോ തിരിച്ചിറങ്ങിയശേഷം തുടര്‍യാത്രയുടെ വിശദാംശങ്ങള്‍ അറിയിക്കാനോ എയര്‍ ഇന്ത്യ അധികൃതര്‍ ഉത്സാഹം കാട്ടിയില്ലെന്നും പരാതിയുയര്‍ന്നിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്കു പരമാവധി സഹായവും സാന്ത്വനവും നല്‍കേണ്ടതുണ്െടന്ന് അറിയാത്തവരല്ല എയര്‍ ഇന്ത്യ അധികൃതരും ജീവനക്കാരും. ജീവനക്കാര്‍ക്ക് അതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കേണ്ടവര്‍ അതു നല്‍കിയിട്ടുണ്ടാവില്ല. അതോ എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരോട് ഇങ്ങനെയൊക്കെ മതിയെന്നാവുമോ കമ്പനിയുടെ നയം?


ലാന്‍ഡിംഗിനിടെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച സംഭവം തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്നിട്ട് ഏറെ ദിവസമായില്ല. കരിപ്പൂരില്‍ ഈ മാസമാദ്യം ജിദ്ദയില്‍നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ ടയര്‍ ലാന്‍ഡിംഗിനിടെ പൊട്ടിയിരുന്നു. 371 യാത്രക്കാരും 19 ജീവനക്കാരുമായിരുന്നു ആ വിമാനത്തിലുണ്ടായിരുന്നത്. ഇതൊന്നും അത്ര ഗൌരവമുള്ള കാര്യമല്ലെന്നും ടയര്‍ പൊട്ടിയാലും അത്യാഹിതമൊന്നും സംഭവിക്കില്ലെന്നുമൊക്കെ ചില വിശദീകരണങ്ങള്‍ വിമാനക്കമ്പനിയുമായി ബന്ധപ്പെട്ടവര്‍ നല്‍കിയെങ്കിലും അതൊക്കെ മുഖവിലയ്ക്കെടുക്കാന്‍ സാധിക്കുമെന്നു തോന്നുന്നില്ല.

ഇന്നലെ വൈകുന്നേരം മുംബൈയില്‍നിന്നു ഡല്‍ഹിയിലെത്തിയ ഇന്‍ഡിഗോ വിമാനത്തിനു ലാന്‍ഡിംഗിനിടെ തീപിടിച്ചിരുന്നു. യാത്രക്കാരെ അടിയന്തരമായി പുറത്തിറക്കിയെങ്കിലും രണ്ടു ഡസനിലേറെപ്പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. സമീപദിവസങ്ങളില്‍ത്തന്നെ നടന്ന ജെറ്റ് എയര്‍വെയ്സ് സംഭവം നമ്മുടെ വ്യോമയാനമേഖലയിലെ അനവധാനതയുടെ മറ്റൊരു അക്ഷന്തവ്യമായ ഉദാഹരണമാണ്. 280 യാത്രക്കാരുമായി 34,000 അടി ഉയരത്തില്‍ പറന്നുകൊണ്ടിരുന്ന ബോയിംഗ് 777-300 വിമാനം 5000 അടി താഴ്ചയിലേക്കു കൂപ്പുകുത്തിയതു വിമാനം നിയന്ത്രിക്കുന്ന പൈലറ്റിന്റെയും കോപൈലറ്റിന്റെയും അശ്രദ്ധമൂലമായിരുന്നുവെന്നു പറഞ്ഞാല്‍ അതു ലളിതമായിപ്പോകും. സാധാരണയായി വിമാനം യാത്രയ്ക്കിടെ എയര്‍പോക്കറ്റില്‍ പെടുമ്പോള്‍ മുന്നറിയിപ്പുണ്െടങ്കില്‍പ്പോലും യാത്രക്കാരുടെ ഉള്ളില്‍ ആധി ഉയരും. മുഖ്യപൈലറ്റ് ഉറങ്ങിപ്പോയതും സഹ വനിതാ പൈലറ്റ് ഐ പാഡ് ഉപയോഗിച്ചുകൊണ്ടിരുന്നതുമാണു കാരണമെന്നാണു റിപ്പോര്‍ട്ട്. താന്‍ ബോധംകെട്ട് ഉറങ്ങുകയായിരുന്നില്ലെന്നും ചട്ടമനുസരിച്ചുള്ള വിശ്രമത്തിലായിരുന്നുവെന്നും മുഖ്യപൈലറ്റ് പറയുന്നു. താന്‍ ഐ പാഡില്‍ ഫ്ളൈറ്റ് വിവരങ്ങള്‍ നോക്കുകയായിരുന്നുവെന്നു സഹപൈലറ്റും വിശദീകരിച്ചു. രണ്ടുപേരെയും സിവില്‍ വ്യോമയാന ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. വിശദീകരണം നല്‍കി അധികം വൈകാതെ ഇവര്‍ വീണ്ടും വിമാനത്തിന്റെ കോക്ക്പിറ്റില്‍ എത്തിയേക്കും.

ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയുമായും സ്വകാര്യ ഇന്ത്യന്‍ വിമാനക്കമ്പനികളുമായും ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളില്‍ നടന്ന ഈ സംഭവങ്ങള്‍ നമ്മുടെ ആകാശയാത്രയുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണര്‍ത്തുന്നതാണ്. വളരെ ഉത്തരവാദിത്വത്തോടെ ചെയ്യേണ്ട ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ കാട്ടുന്ന അശ്രദ്ധയും കെടുകാര്യസ്ഥതയും വിമാനയാത്രക്കാരെ ആശങ്കയിലാക്കുമെന്നു മാത്രമല്ല, രാജ്യത്തിന് അന്തര്‍ദേശീയ തലത്തില്‍ അപമാനമുണ്ടാക്കുകയും ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.