സപ്ളൈകോ ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചു
സപ്ളൈകോ ജീവനക്കാര്‍  പണിമുടക്ക് ആരംഭിച്ചു
Thursday, August 21, 2014 12:23 AM IST
കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് സപ്ളൈകോ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. സപ്ളൈകോ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണു സമരം. മാവേലി സ്റോറുകള്‍ മുതല്‍ മെഡിക്കല്‍ സ്റോറുകള്‍ വരെ സംസ്ഥാനത്തെ സപ്ളൈകോയുടെ 1,465 ഔട്ട്ലെറ്റുകളില്‍ 1,350 എണ്ണവും ഇന്നലെ അടഞ്ഞുകിടന്നു. സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും 1,849 പേരില്‍ 1,092 ജീവനക്കാരും സമരത്തില്‍ പങ്കെടുത്തു. ഡെപ്യൂട്ടേഷനില്‍ ജോലിയില്‍ പ്രവേശിച്ച 1,350 പേര്‍ മാത്രമാണ് ഇന്നലെ ജോലിയില്‍ പ്രവേശിച്ചത്. സമരത്തെ തുടര്‍ന്ന് സപ്ളൈകോ, പീപ്പിള്‍ ബസാര്‍, നീതി സ്റോറുകള്‍ എന്നിവ ഇന്നലെ തുറന്നില്ല. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, എസ്ടിയു എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ജീവനക്കാര്‍ ജില്ലാ കേന്ദ്രങ്ങളില്‍ മാര്‍ച്ചും പ്രകടനവും നടത്തി.

കൊച്ചിയില്‍ സപ്ളൈകോ സംസ്ഥാന ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് സംയുക്ത സമര സമിതി കണ്‍വീനര്‍ എന്‍.എ. മണി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ നേതാക്കളായ ടി.എച്ച്. അഷ്റഫ്, കെ. അബ്ദുള്ള, ടി.ജി. ഉദയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. തിരുവനന്തപുരത്ത് നടത്തിയ മാര്‍ച്ച് സമരസമിതി നേതാവ് വി.കെ. മധു ഉദ്ഘാടനം ചെയ്തു. എഐടിയുസി ജനറല്‍ സെക്രട്ടറി പൌഡികോണം അശോകന്‍, നേതാക്കളായ വിനോദ്, മാഹിന്‍ എന്നിവര്‍ പ്രസംഗിച്ചു. തൃശൂരില്‍ സിഐടിയു ഏരിയാ സെക്രട്ടറി വി.കെ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ പി.ജി. മനോഹരന്‍ കെ.ആര്‍. ബൈജു എന്നിവര്‍ പ്രസംഗിച്ചു. കോഴിക്കോട് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ ആര്‍. വിജയകുമാര്‍, പി.കെ. അബൂബക്കര്‍, ഷൈലേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ആലപ്പുഴയില്‍ ഐഎന്‍ടിയുസി യൂണിയന്‍ ട്രഷറര്‍ പി.ജി. രമണന്‍ ഉദ്ഘാടനം ചെയ്തു. ഇന്നു 56 താലൂക്ക് ഡിപ്പോ കേന്ദ്രങ്ങളില്‍ പ്രകടനവും യോഗവും ചേരും.


സപ്ളൈകോയെ നിലനിര്‍ത്താന്‍ ആവശ്യമായ സബ്സിഡി തുക അനുവദിക്കുക, സര്‍ക്കാരിനു സാമ്പത്തിക ബാധ്യതയില്ലാത്ത പ്രമോഷനുകള്‍ നടപ്പാക്കുക, താല്‍ക്കാലിക പാക്കിംഗ് ജീവനക്കാര്‍ക്ക് മിനിമം വേതനം നല്‍കുക, ഡെപ്യൂട്ടേഷന്‍ അവസാനിപ്പിക്കുക, കോമണ്‍ സര്‍വീസ് റൂള്‍ നടപ്പാക്കുക, പെന്‍ഷന്‍ പദ്ധതി നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു പണിമുടക്ക്. സമരം തുടര്‍ന്നാല്‍ ഓണക്കാലത്തെ വിലക്കയറ്റം നേരിടാനുള്ള സര്‍ക്കാര്‍ നടപടികളെ സാരമായി ബാധിക്കുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

എസ്മ പ്രയോഗിക്കും

തിരുവനന്തപുരം: ജീവനക്കാരുടെ സമരത്തെത്തുടര്‍ന്നു പകുതിയില്‍ താഴെ സപ്ളൈകോ ഔട്ട്ലെറ്റുകള്‍ മാത്രമാണ് അടഞ്ഞു കിടന്നതെന്നു സിവില്‍ സ പ്ളൈസ് അധികൃതര്‍ അറിയിച്ചു.

സമരം നീണ്ടാല്‍ സമരക്കാര്‍ക്കെതിരേ അവശ്യ സര്‍വീസ് നിയമം(എസ്മ) പ്രയോഗിക്കും. 1,500 ഔട്ട് ലെറ്റുകളില്‍ 699 എണ്ണം മാത്രമാണു ജീവനക്കാരുടെ സമരത്തെത്തുടര്‍ന്ന് അടഞ്ഞു കിടന്നതെന്നു മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ഓണം ഫെയറുകളെ സമരം ബാധിച്ചിട്ടില്ല. സമരത്തില്‍ ഏര്‍പ്പെടുന്ന താത്കാലിക ജീവനക്കാരെയും പ്രൊബേഷന്‍ പൂര്‍ത്തിയാക്കാത്തവരെയും പിരിച്ചുവിടാന്‍ സര്‍ ക്കാര്‍ നിര്‍ദേശിച്ചു. ഡയസ്നോണും പ്രഖ്യാപിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.