ബിപിസിഎല്‍ സമരം പിന്‍വലിച്ചു
ബിപിസിഎല്‍ സമരം പിന്‍വലിച്ചു
Thursday, August 21, 2014 12:24 AM IST
കൊച്ചി: അമ്പലമുകള്‍ ബിപിസിഎല്‍ റിഫൈനറിയിലെ എല്‍പിജി ബോട്ടിലിംഗ് പ്ളാന്റിലെ ഗ്യാസ് സിലിണ്ടര്‍ ലോറി ജീവനക്കാര്‍ മൂന്നു ദിവസമായി നടത്തിവന്നിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ശമ്പള കുടിശികയും ബോണസും 31നകം നല്കാമെന്ന ബിപിസിഎല്‍ മാനേജ്മെന്റിന്റെ ഉറപ്പിനെത്തുടര്‍ന്നാണു സമരം പിന്‍വലിച്ചതെന്നു സംയുക്ത തൊഴിലാളി യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു.

തിങ്കളാഴ്ച ഉച്ചയ്ക്കു 11 മുതലാണു ട്രക്ക്, ലോറി തൊഴിലാളികള്‍ സമരം ആരംഭിച്ചത്. 130 ലോറികളാണ് ഇവിടെനിന്നു സിലിണ്ടര്‍ നീക്കം നടത്തുന്നത്. ഇവയെല്ലാംതന്നെ സമരത്തിലായിരുന്നു. ഇവിടെനിന്നു ദിവസവും 90 ലോഡാണു വിവിധ ഏജന്‍സികളിലേക്കു വിതരണത്തിനായി കൊണ്ടുപോകുന്നത്. സമരത്തെത്തുടര്‍ന്നു മധ്യകേരളത്തില്‍ എട്ടു ജില്ലകളിലെ ഗാര്‍ഹിക ഉപയോക്താക്കള്‍ക്കുള്ള സിലിണ്ടര്‍നീക്കം പൂര്‍ണമായും നിലച്ചിരുന്നു. ലോറികളില്‍ സെപ്റ്റംബര്‍ 18നകം ക്ളീനറെ നിയമിക്കുമെന്നു ട്രക്ക് ലോറി ഉടമകള്‍ വ്യക്തമാക്കി.


സമരം പിന്‍വലിച്ചതോടെ ഇന്നലെ ഉച്ചകഴിഞ്ഞു സിലിണ്ടര്‍ നീക്കം പുനഃസ്ഥാപിച്ചു. യൂണിയനുകളെ പ്രതിനിധീകരിച്ച് എം. ഇബ്രാഹിംകുട്ടി, ബി. ഹരികുമാര്‍, ജയപ്രകാശ്, ബിപിസിഎല്‍ പ്ളാന്റ് മാനേജര്‍ തര്യന്‍ പീറ്റര്‍, ജോണി, ട്രക്ക് ലോറി ഉടമാ സംഘത്തെ പ്രതിനിധീകരിച്ചു ബിനോയ് അലക്സ്, ആനന്ദ് ഉമ്മന്‍, ഡീലര്‍മാരെ പ്രതിനിധീകരിച്ചു ജോയ് കളപ്പുരയ്ക്കല്‍, വിനായകശ്രീ, ഗോവിന്ദ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.