മദ്യപാനം വിനയായി; പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
Thursday, August 21, 2014 12:27 AM IST
ഏറ്റുമാനൂര്‍: പോലീസുകാര്‍ക്കൊപ്പം മദ്യപിച്ചയാള്‍ മദ്യലഹരിയില്‍ നിറഞ്ഞാടി. ഗ്രേഡ് എസ്ഐ ഉള്‍പ്പെടെ മൂന്നു പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. ഗാന്ധിനഗര്‍ പോലീസ് സ്റേഷനിലെ ഗ്രേഡ് എസ്ഐ ജയകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനില്‍കുമാര്‍, രമണന്‍ എന്നിവരെയാണ് ഇന്നലെ ജില്ലാ പോലീസ് മേധാവി എം.പി. ദിനേശ് സസ്പെന്‍ഡ് ചെയ്തത്.

ചൊവ്വാഴ്ചയാണു സംഭവം നടന്നത്. പോലീസുകാര്‍ക്കൊപ്പം സ്വകാര്യസ്ഥലത്ത് മദ്യപിച്ചയാള്‍ പിന്നീട് ഗാന്ധിനഗര്‍ കെഎസ്ഇബി ഓഫീസിനു മുമ്പിലെത്തി കെഎസ്ഇബിയുടെ വാഹനം തടഞ്ഞ് ജീവനക്കാരെ അസഭ്യം പറഞ്ഞു. ഓഫീസിനു മുമ്പില്‍ വൈദ്യുതി ലൈറ്റ് തെളിഞ്ഞു കിടന്നതാണ് ഇയാളെ പ്രകോപിപ്പിച്ചത്. ഉടന്‍തന്നെ തന്റെ വീടിനു മുമ്പിലെ കത്താത്ത തെരുവുവിളക്ക് നന്നാക്കിക്കൊടുക്കണമെന്നായിരുന്നു ആവശ്യം.


സഹികെട്ട ജീവനക്കാര്‍ ഗാന്ധിനഗര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തി ഇയാളെ സ്റേഷനിലേക്കു കൊണ്ടുപോയി. പോലീസിനോടു തര്‍ക്കിക്കുന്നതിനിടെ മദ്യപിച്ചു ബഹളമുണ്ടാക്കുമോ എന്നു ചോദിച്ച് ഇയാള്‍ക്കിട്ട് അടി കൊടുത്തത്രേ. ഇതോടെ ഇയാളുടെ ഭാവം മാറി. മദ്യപിച്ചതിനാണ് അടിച്ചതെങ്കില്‍ തനിക്കൊപ്പം മദ്യപിച്ച പോലീസുകാര്‍ക്കിട്ടും അടികൊടുക്കണമെന്നു പറഞ്ഞു ബഹളമായി. മൂന്നു പോലീസുകാരുടെയും പേരു പറഞ്ഞായിരുന്നു ബഹളം. ഒടുവില്‍ പെറ്റിക്കേസെടുത്ത് പോലീസ് ഇയാളെ പറഞ്ഞയച്ചു.

സംഭവം വിവാദമായതോടെ രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്നാണ് മൂന്നു പോലീസുകാര്‍ക്കെതിരേ നടപടിയുണ്ടായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.