ആനയെ വിട്ടുകൊടുക്കുന്നില്ലെന്ന ഹര്‍ജിയില്‍ വിശദീകരണം തേടി
Thursday, August 21, 2014 12:29 AM IST
കൊച്ചി: സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും കൊച്ചയ്യപ്പന്‍ (ഡോണ്‍സിംഗ്) എന്ന ആനയെ വനം വകുപ്പ് വിട്ടുകൊടുക്കുന്നില്ല എന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.

മതിയായ രേഖകളില്ലാതെ ബിഹാറില്‍നിന്നു കേരളത്തിലെത്തിച്ചു എന്ന കാരണം കാട്ടിയാണ് ആനയെ 2011 ജൂലൈയില്‍ വനം വകുപ്പ് കസ്റഡിയിലെടുത്തത്. ആവശ്യമുള്ള രേഖകളോടും വനം വകുപ്പിന്റെ അനുവാദത്തോടും കൂടിയാണ് ആനയെ നാട്ടിലെത്തിച്ചതെന്നു ഹര്‍ജിക്കാരനായ കൊല്ലം സ്വദേശി ഓമനക്കുട്ടന്‍ പിള്ള പറയുന്നു.

വ്യക്തിവിരോധംകൊണ്ട് മുന്‍ വനംമന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ ഇടപെടല്‍ മൂലമാണ് അനുകൂലമായ സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും ആനയെ വിട്ടുകൊടുക്കാത്തതെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു.


കസ്റ്റഡിയിലെടുത്ത ദിവസം മുതല്‍ ആനയെ പരിപാലിച്ചതിന്റെ ചെലവ് ഈടാക്കി ആനയെ ഉടമയ്ക്കു വിട്ടുകൊടുക്കാന്‍ കഴിഞ്ഞ മാസം 10ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയും 21ന് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റും ഉത്തരവിട്ടു. അതനുസരിച്ച് 13,22,849 രൂപ അടച്ചിട്ടുണ്ട്. എന്നിട്ടും ആനയെ വിട്ടുകിട്ടിയില്ലെന്നാണു ഹര്‍ജിക്കാരന്റെ പരാതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.