പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ സെന്റ് തോമസ് കോളജ് ഗ്രൌണ്ടില്‍
Thursday, August 21, 2014 12:31 AM IST
പാലാ: പാലാ രൂപതയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷന്‍ പാലാ സെന്റ് തോമസ് കോളജ് ഗ്രൌണ്ടില്‍ നടക്കും. അഞ്ചു വര്‍ഷമായി ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാ നഗറിലാണു കണ്‍വന്‍ഷന്‍ നടത്തിയിരുന്നത്. വര്‍ധിച്ചുവരുന്ന ജനബാഹുല്യവും അതുമൂലം ട്രാഫിക് ക്രമീകരണങ്ങളിലുണ്ടാകുന്ന ബുദ്ധിമുട്ടുമാണു കണ്‍വന്‍ഷന്‍ സെന്റ് തോമസ് ഗ്രൌണ്ടിലേക്കു മാറ്റാന്‍ കാരണമെന്നു രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടും സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കനും അറിയിച്ചു.

അഞ്ചു ദിവസങ്ങളിലായി നടക്കുന്ന കണ്‍വന്‍ഷനില്‍ ഓരോ വര്‍ഷവും ഒരുലക്ഷത്തിലധികം ആളുകള്‍ എത്താറുണ്ട്. ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറമ്പിലാണു കണ്‍വന്‍ഷന്‍ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചതും നടപ്പാക്കിയതും. പാലാ അല്‍ഫോന്‍സാ കോളജിലെ അധ്യാപകനായിരുന്ന ഫാ. ജോര്‍ജ് തെക്കേമുറിയുടെ നേതൃത്വത്തിലാണ് ആദ്യകാലങ്ങളില്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചിരുന്നത്.

ഡിസംബര്‍ 19 മുതല്‍ 23 വരെയാണു കണ്‍വന്‍ഷന്‍. ബിഷപ്പുമാരുടെ മുഖ്യ കാര്‍മികത്വത്തില്‍ എല്ലാദിവസവും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. കുമ്പസാരത്തിനുള്ള സൌകര്യവും അര്‍പ്പണബോധമുള്ള ഇരുനൂറില്‍പ്പരം വോളണ്ടിയേഴ്സിന്റെ സേവനവും കണ്‍വന്‍ഷനുണ്ടാകും.


ഈ വര്‍ഷത്തെ ബൈബിള്‍ കണ്‍വന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത് രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെയും സായംകാല കണ്‍വന്‍ഷന്‍ വൈകുന്നേരം 5 മുതല്‍ രാത്രി 9 വരെയുമാണ്. അണക്കര ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളന്മനാലിന്റെ നേതൃത്വത്തിലുള്ള ടീമാണ് ഈവര്‍ഷം ധ്യാനം നയിക്കുന്നത്. തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍, ഫാ. ജോസഫ് പാംമ്പ്ളാനി, ഫാ. ഡേവിസ് ചിറമ്മല്‍, ബ്രദര്‍ സന്തോഷ് കരുമാത്ര തുടങ്ങിയവര്‍ പ്രസംഗിക്കും. കണ്‍വന്‍ഷന്‍ പബ്ളിസിറ്റി ടീമിലേക്ക് ചെയര്‍മാന്‍ ഫാ. മാത്യു മതിലകത്ത്, വൈസ് ചെയര്‍മാന്‍മാര്‍ ഫാ. ജോസഫ് ആലഞ്ചേരി, ജാന്‍സ് കക്കാട്ടില്‍ എന്നിവരെ തെരഞ്ഞെടുത്തതായി ജനറല്‍ കണ്‍വീനര്‍ ഫാ. വിന്‍സന്റ് മൂങ്ങാമാക്കല്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.