ഡിസിഎല്‍
Thursday, August 21, 2014 12:37 AM IST
കൊച്ചേട്ടന്റെ കത്ത് / ശിശുക്ഷാമ സമിതികളുടെ നാട്

സ്നേഹമുള്ള ഡിസിഎല്‍ കുടുംബാംഗങ്ങളേ,

"അഖില്‍ സ്കൂള്‍ ഫീസ് അടച്ചില്ലല്ലോ.'' ഞാന്‍ ഫീസ് അടച്ചു ടീച്ചര്‍. "ഞാന്‍ ടീച്ചറിന്റെയടുക്കല്‍ വന്നപ്പോള്‍ തിരക്കാണെന്നു പറഞ്ഞു. വാസന ടീച്ചറിന്റെ കൈയില്‍ കൊടുക്കാന്‍ പറഞ്ഞു. "ഞാന്‍ 9.30ന് മൂന്നാംക്ളാസില്‍ ചെന്ന് ടീച്ചറിന്റെ കൈയില്‍ കൊടുത്തു. ടീച്ചര്‍ അതു ബാഗിലേക്കു വയ്ക്കുന്നതു കണ്ടു.'' ടീച്ചര്‍ വാങ്ങിയിട്ടില്ലെന്നാണല്ലോ പറഞ്ഞത്?'' വാങ്ങിയെങ്കില്‍ അഖിലിന്റെ കൈയില്‍ റെസിപ്റ്റ് എവിടെ?"

ഇതുവരെ ശാന്തമായി നീങ്ങിയ ആ സംഭാഷണം പൊടുന്നനെ അട്ടഹാസവും ആക്ഷേപവുമായി മാറി. വിദ്യാര്‍ഥി അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചു. ഒരു പത്തുവയസുകാരന്റെ വായില്‍നിന്ന് വരുന്നതൊന്നുമല്ല അഖിലിന്റെ വായില്‍നിന്നു പുറത്തുവന്നത്. പ്രിന്‍സിപ്പലിന്റെ നേരേ വിരല്‍ചൂണ്ടിക്കൊണ്ട്, "നീ എന്നെ കള്ളനാക്കുകയല്ലേ, ഇങ്ങനെയാണോ കുട്ടികളോടു സംസാരിക്കേണ്ടത്? നിന്നെ ഞാന്‍ ശരിയാക്കും തുടങ്ങി പറയാനറയ്ക്കുന്ന അസഭ്യങ്ങള്‍കൊണ്ടാണ്, അഖില്‍ സ്വന്തം പ്രിന്‍സിപ്പലിനെയും അധ്യാപികയെയും ആക്ഷേപിച്ചത്. തുടര്‍ന്ന് സ്വന്തം ക്ളാസിലേക്കു ചെന്ന അഖില്‍, ഇവളൊന്നും എന്നെ ഒരു ചുക്കും ചെയ്യില്ല, എന്നുതുടങ്ങി എഴുതാന്‍വയ്യാത്ത അസഭ്യപദങ്ങള്‍ പ്രിന്‍സിപ്പലിനും അധ്യാപികയ്ക്കുമെതിരേ ചൊരിഞ്ഞു. സഹപാഠികള്‍ ചെവിപൊത്തിയിരുന്നു.

സ്കൂള്‍ അധികൃതര്‍ കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി. എന്നാല്‍, കുട്ടിയുടെ അച്ചടക്കലംഘനത്തെ മാതാപിതാക്കള്‍ കണ്ണടച്ചു പിന്തുണച്ചു. കുട്ടിയെ പ്രിന്‍സിപ്പല്‍ കള്ളനാക്കുകയാണെന്നാരോപിച്ചു. വിത്തുഗുണം, പത്തുഗുണം!

ഈ കഥയുടെ അടുത്ത എപ്പിസോഡ് ഏറെ വിചിത്രമാണ്. ജില്ലാ ശിശുക്ഷേമസമിതി അംഗങ്ങളുടെ പ്രകടനം ഗംഭീരമായി! കുട്ടിയെ ആക്ഷേപിച്ച പ്രിന്‍സിപ്പലിനെതിരേ കാരണംകാണിക്കല്‍ നോട്ടീസ്!

"ഫീസ് നല്കി'' എന്നത് വിദ്യാര്‍ത്ഥി പറഞ്ഞ കള്ളമാണെന്നു തെളിവു നിരത്തി വാദിച്ചിട്ടും, പ്രിന്‍സിപ്പലിനോടും അധ്യാപികയോടും കുട്ടി ചെയ്തത്, ഗുരുനിന്ദ മാത്രമല്ല, അപമര്യാദയും അശ്ളീലവുമാണെന്നു പറഞ്ഞിട്ടും കുട്ടികളങ്ങനെ പലതും പറയും, കുട്ടികളെ ശിക്ഷിക്കാന്‍ പാടില്ല. കുട്ടിയോട് ഇതേപ്പറ്റി ഒന്നും ചോദിക്കാന്‍ പാടില്ല എന്ന വിവേകമില്ലാത്ത മറുപടിയും നിഷ്പക്ഷമല്ലാത്ത നിലപാടുമാണ് ശിശുക്ഷേമ സമിതി സ്വീകരിച്ചത്.

ഇതു ശിശുക്ഷേമസമിതിയല്ല, ഇതു ശിശുക്ഷാമ സമിതിയാണ്. തങ്ങളെ പ്രീണിപ്പിക്കാത്ത വിദ്യാലയങ്ങള്‍ക്കിട്ട് പണി കൊടുക്കാനും, പകവീട്ടാനും വിദ്യാര്‍ഥികളുടെ അവകാശസംരക്ഷണത്തിന്റെ പേരുംപറഞ്ഞ് വിദ്യാലയത്തിന്റെ സുഗമ ഗമനത്തിന് വിലങ്ങുതടിയാകുന്ന ഇവിടെ ഒരു ശിശുവിനും ക്ഷേമം ലഭിക്കുന്നില്ല. ഇവിടെ ശിശുത്വവും അതിന്റെ നിഷ്കളങ്കതയും കനത്ത ക്ഷാമം നേരിടുകയാണ്.

വിദ്യാര്‍ഥികള്‍ക്ക് എന്തും ചെയ്യാം. എന്തും പറയാം, അധ്യാപകര്‍ക്ക് മിണ്ടാന്‍ മേല എന്നത് എന്തു പരിശീലനമാണ്? ഏതു കുട്ടിയാണ് മാര്‍ഗനിര്‍ദേശമില്ലാതെ സ്വയം വളരുന്നത്? ഏതു വിദ്യാര്‍ഥിയാണ് ഗുരുസാന്നിധ്യമില്ലാതെ സ്വയം പഠിക്കുന്നത്?

വിദ്യാര്‍ഥികളുടെ ബാലചാപല്യങ്ങള്‍ക്ക് കുടപിടിച്ച് അച്ചടക്കമില്ലാത്ത, സ്വഭാവശുദ്ധിയില്ലാത്ത, ഒരു തലമുറയെ സൃഷ്ടിക്കാനാണോ, സാമാന്യബോധക്ഷാമം നേരിടുന്ന, ഇത്തരം ശിശുദ്രോഹസമിതികള്‍ സര്‍ക്കാര്‍പണം വസൂലാക്കി വിളയാടുന്നത്? അഖിലിന്റെ തെറ്റു തിരുത്താതെ, അതു ശരിയാണെന്നു വാദിക്കുന്ന ശിശുക്ഷേമ സമിതി സാറന്മാര്, ആ കുട്ടിക്ക് എന്തു ക്ഷേമമാണ് ഭാവിയില്‍ വാഗ്ദാനം ചെയ്യുന്നത്? സ്വന്തം മക്കളോടും ഇങ്ങനെ പെരുമാറുമോ, സാമൂഹ്യതിന്മകളുടെ ഈ ഏറാന്‍മൂളികള്‍?

കുൂട്ടുകാര്‍ അറിയുക, നിയമത്തിന്റെ പേരിലല്ല, നാം ഗുരുവിനെ വന്ദിക്കുന്നത്. അത് വിദ്യാഭ്യാസം ഒരു വ്യക്തിയുടെ വ്യക്തിത്വത്തില്‍ നിക്ഷേപിക്കുന്ന അറിവിന്റെയും നെറിവിന്റെയും അടയാളമായിരിക്കട്ടെ. നമുക്ക് മാന്യത കാത്തുസൂക്ഷിക്കാം.

ഗുരു ദേവോ ഭവഃ എന്നുരുവിടാം.

ആശംസകളോടെ,
സ്വന്തം കൊച്ചേട്ടന്‍

'പൊന്നോണത്തുമ്പികള്‍' : രജിസ്ട്രേഷന്‍ തുടരുന്നു

കോട്ടയം: ദീപിക ബാലസഖ്യം ഓണാവധിക്കാലത്തു സെപ്റ്റംബര്‍ 10, 11, 12, 13 തീയതികളില്‍ മൂന്നാര്‍ കൊരണ്ടക്കാട് കാര്‍മ്മല്‍ഗിരി പബ്ളിക് സ്കൂളില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന പ്രതിഭാസംഗമത്തിന്റെ - പൊന്നോണത്തുമ്പികള്‍ - രജിസ്ട്രേഷന്‍ തുടരുന്നു.

പത്തിന് ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന ക്യാമ്പ് 13-നു രാവിലെ 10നു സമാപിക്കും.
മധ്യവേനല്‍ അവധിക്കാലത്ത് പ്രവിശ്യാക്യാമ്പില്‍ പങ്കെടുത്ത് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളും പ്രവിശ്യാ, മേഖലാ ഭാരവാഹികളുമാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.

നേതൃത്വ പരിശീലനം, പ്രസംഗപരിശീലനം, ഡിബേറ്റ്, കലാസന്ധ്യ, പഠനവിനോദയാത്ര, ലഹരിവിരുദ്ധ റാലി, പ്രശസ്ത വ്യക്തികളുമായുള്ള അഭിമുഖം തുടങ്ങിയവ ക്യാ മ്പിന്റെ പ്രത്യേ കതകളാണ്.

ഇതോടൊപ്പം സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കുന്നതാണ്. ക്യാമ്പിന് കൊച്ചേട്ടന്‍ ഫാ. റോയി കണ്ണന്‍ചിറ, പ്രവിശ്യാ കോ-ഓര്‍ഡിനേറ്റര്‍മാര്‍, മേഖലാഓര്‍ഗനൈസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

രജിസ്ട്രേഷന്‍ ഫീസ് 700 രൂപ. പങ്കെടുക്കുന്നവരുടെ പേരുകള്‍ പ്രവിശ്യാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ സെപ്റ്റംബര്‍ ഒന്നിനു മുമ്പായി കേന്ദ്ര ഓഫീസില്‍ അറിയിക്കേണ്ടതാണ്.

ഡിസിഎല്‍ കുട്ടനാട് മേഖലാ ഭാരവാഹികള്‍

ആലപ്പുഴ ദീപിക ബാലസഖ്യം കുട്ടനാട് മേഖലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. ലീഡര്‍-മെബിള്‍ തോമസ്(കെ.ഇ. കാര്‍മല്‍ പബ്ളിക് സ്കൂള്‍, കൈനകരി), ഡപ്യൂട്ടി ലീഡര്‍- എസ്. സ്വാതി കിരണ്‍(കാര്‍മല്‍ ഇംഗ്ളീഷ് മീഡിയം സ്കൂള്‍, തകഴി), സെക്രട്ടറി- അഞ്ജു ആന്റണി(സെന്റ് മേരീസ് ജിഎച്ച്എസ്, എടത്വ), പ്രിന്‍സ് ഏബ്രഹാം(സെന്റ് ജോസഫ്സ് എച്ച്എസ്എസ്, പുളിങ്കുന്ന്), ട്രഷറര്‍- മാത്യു തോമസ്(സെന്റ് മേരീസ് എച്ച്എസ്, കൈനകരി), പ്രോജക്ട് സെക്രട്ടറി-സോഫിയ തോമസ്(ഹോളിഫാമിലി ജിഎച്ച്എസ്, കൈനകരി), കൌണ്‍സിലേഴ്സ്- ടെസ്മോള്‍ ടോം(ഹോളിഫാമിലി ജിഎച്ച്എസ്, കൈനകരി), അഖില്‍ സന്തോഷ്(സെന്റ് ജോസഫ്സ് എച്ച്എസ്എസ്, പുളിങ്കുന്ന്).

മൂലമറ്റം മേഖലാ സ്വാതന്ത്യ്രസ്മൃതി സംഗമം വിജയികള്‍

മൂലമറ്റം: ഡിസിഎല്‍ മൂലമറ്റം മേഖലയുടെ നേതൃത്വത്തില്‍ നടത്തിയ സ്വാതന്ത്യ്രസ്മൃതി സംഗമത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍: എല്‍പി വിഭാഗം: കടംകഥ: 1. ആരതി മധുസൂദനന്‍, 2. ആഷ്ലിന്‍ സണ്ണി (സെന്റ് ജോര്‍ജ് എല്‍പിഎസ് മൂലമറ്റം), 3. നവ്യ ഷാജി (സെന്റ് തോമ സ് എല്‍പിഎസ് തുടങ്ങനാട്). യു.പി. വിഭാഗം സ്വാതന്ത്യ്രസ്മൃതി ക്വിസ്: 1. അലന്‍ ജിയോ മുരിക്കന്‍ (എസ്.എച്ച്. ഇംഗ്ളീഷ് മീഡിയം സ്കൂള്‍, മൂലമറ്റം), 2. ആതിര മധുസൂദനന്‍ (സെന്റ് ജോര്‍ജ് യു.പി. എസ്, മൂലമറ്റം). 3. കെവിന്‍ റെജി (എസ്എച്ച് ഇംഗ്ളീഷ് മീഡിയം സ്കൂള്‍, മൂലമറ്റം).

ഹൈസ്കൂള്‍ വിഭാഗം കുടുംബ കൃഷിവര്‍ഷ ക്വിസ് 1. അതുല്യ ജോസ്, ആസിഫ് മുഹമ്മദ് (ഷന്താ ള്‍ ജ്യോതി പബ്ളിക് സ്കൂള്‍, മുട്ടം), 2, എലിസബത്ത് ടോം, റീന സിബി (സെന്റ് മേരീസ് എച്ച്.എസ്.എസ്., അറക്കുളം), 3. ദിവ്യ ബേബി (ക്രി സ്തു ജ്യോതി ഇംഗ്ളീഷ് മീഡിയം സ്കൂള്‍, കയ്യൂര്‍). മേഖലാ ഓര്‍ഗനൈസര്‍ റോയ് ജെ. കല്ലറങ്ങാട്ട്, ശാഖാ ഡയറക്ടര്‍മാരായ സിസ്റര്‍ സ്മിത, ശ്രീകല അനില്‍കുമാര്‍, സിസ്റര്‍ അജീഷ, സിസ്റര്‍ ലീന, ലിറ്റി ജോസ്, ലീലാ പോള്‍, സിസ്റര്‍ ജോയല്‍, നീതു ജോസ്, പി.പി. ജെയിസിമോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.