ലൂര്‍ദ് ആശുപത്രി സുവര്‍ണ ജൂബിലി നിറവില്‍
ലൂര്‍ദ് ആശുപത്രി സുവര്‍ണ ജൂബിലി നിറവില്‍
Thursday, August 21, 2014 12:43 AM IST
കൊച്ചി: ആതുരസേവനത്തിന്റെ നിസ്തുല ശോഭയില്‍ സൌഖ്യദായകമായ കൃപാകാരുണ്യത്തിന്റെയും അതിനൂതന വിദഗ്ധ ചികിത്സാവിധികളുടെയും ആലയമായ എറണാകുളം ലൂര്‍ദ് ആശുപത്രി സുവര്‍ണ ജൂബിലി ആഘോഷിക്കുന്നു. സാമൂഹികപ്രതിബദ്ധതയ്ക്ക് ഊന്നല്‍ നല്‍കി ആവിഷ്കരിച്ച കര്‍മപദ്ധതികളോടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ 3.30ന് മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം നിര്‍വഹിക്കും.

ലൂര്‍ദ് സൊസൈറ്റി ഫോര്‍ ഹെല്‍ത്ത് കെയര്‍ ആന്‍ഡ് റിസര്‍ച്ച് ഗവേണിംഗ് ബോര്‍ഡ് പ്രസിഡന്റ് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ.ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ അധ്യക്ഷത വഹിക്കും. പ്രഫ.കെ.വി. തോമസ് എംപി, മേയര്‍ ടോണി ചമ്മണി, ഹൈബി ഈഡന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

സുസജ്ജമായ 29 സേവനവിഭാഗങ്ങളുള്ള ആശുപത്രി സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് 12 കര്‍മപദ്ധതികളാണു നടപ്പാക്കുന്നതെന്നു ഡയറക്ടര്‍ ഫാ. സാബു നെടുനിലത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നഗരത്തിന്റെ സമീപപ്രദേശങ്ങളില്‍ ഫാമിലി മെഡിസിനു കീഴില്‍ എല്ലാ ആഴ്ചയും പത്ത് സൌജന്യ ക്ളിനിക്കുകള്‍, 25 പേരെ കിടത്തി ചികിത്സിക്കുന്ന ലഹരിമോചനകേന്ദ്രം, നിര്‍ധന രോഗികളെ സഹായിക്കാനുള്ള പവര്‍ ഓഫ് വണ്‍ ചികിത്സാ പദ്ധതി, വിദ്യാലയങ്ങളില്‍ ഏര്‍പ്പെടുത്തുന്ന ആരോഗ്യരക്ഷാ ബോധവത്കരണ ക്യാമ്പുകള്‍ തുടങ്ങിയവ പദ്ധതികളില്‍ ഉള്‍പ്പെടുന്നു.

എറണാകുളത്തും പരിസരത്തുമുള്ള പാവപ്പെട്ടവര്‍ക്കു കുറഞ്ഞ ചെലവില്‍ ആധുനിക ചികിത്സയും സൌഖ്യസാന്ത്വനവും ജീവകാരുണ്യ പ്രവര്‍ത്തനവും ലക്ഷ്യമിട്ട് ആര്‍ച്ച്ബിഷപ് ഡോ.ജോസഫ് അട്ടിപ്പേറ്റിയാണു ലൂര്‍ദ് ആശുപത്രി സ്ഥാപിച്ചത്. ലൂര്‍ദ്മാതാവിന്റെ മധ്യസ്ഥതയില്‍ അദ്ഭുതകരമായ സൌഖ്യത്തിന്റെ ഘോഷയാത്ര നടക്കുന്ന ഫ്രാന്‍സിലെ ലൂര്‍ദില്‍ തീര്‍ഥാടനം നടത്തി തിരിച്ചെത്തിയ ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റിയാണു തന്റെ സ്വപ്നസാഫല്യമായ ഈ ആതുരാലയത്തിന് ലൂര്‍ദ് എന്നു പേരിട്ടത്. 1962ല്‍ പച്ചാളത്ത് ശിലാസ്ഥാപനം നടത്തി. 1965 ഓഗസ്റ് ഒന്നിന് ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു. 60 കിടക്കകള്‍, ലാബോറട്ടറി, ഫാര്‍മസി, ഒ.പി. വിഭാഗം- ലളിതമായ സംവിധാനങ്ങളോടെയായിരുന്നു തുടക്കം. മരിയ ബംബീനായുടെ ചാരിറ്റി സിസ്റേഴ്സാണു തുടക്കം മുതല്‍ ആശുപത്രിയുടെ മേല്‍നോട്ടം വഹിച്ചിരുന്നത്.

1969ല്‍ ലൂര്‍ദ് നഴ്സിംഗ് സ്കൂളിനു തുടക്കമിട്ടു. 1976ല്‍ ഫെബ്രുവരി 12ന് ആശുപത്രിയുടെ പുതിയ ബ്ളോക്കിന്റെ ഉദ്ഘാടനം മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നിര്‍വഹിച്ചു. കൊച്ചി നഗരത്തിനു സമീപം ഒറ്റപ്പെട്ടു കിടക്കുന്ന പത്തു ദ്വീപുസമൂഹങ്ങളിലേക്ക് ആതുരശുശ്രൂഷാ സൌകര്യങ്ങള്‍ വ്യാപിപ്പിക്കാന്‍ 1980ല്‍ ആരംഭിച്ച മൊബൈല്‍ ഹെല്‍ത്ത് യൂണിറ്റ് സാമൂഹ്യശുശ്രൂഷാ രംഗത്തേക്കുള്ള ലൂര്‍ദിന്റെ ചുവടുവയ്പായിരുന്നു.

1990ല്‍ ലൂര്‍ദിന്റെ രജത ജൂബിലി സ്മാരകമായി നിര്‍മിച്ച ഓപ്പറേഷന്‍ തിയറ്റര്‍ കോംപ്ളക്സ് ആര്‍ച്ച്ബിഷപ് ഡോ. കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ ആശീര്‍വദിച്ചു. 1996ല്‍ സിടി സ്കാന്‍ മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി ഉദ്ഘാടനം ചെയ്തു. 2007ല്‍ ലൂര്‍ദ് പാരാമെഡിക്കല്‍ കോളേജായി ഉയര്‍ന്നു. ആര്‍ച്ച്ബിഷപ് ഡോ.ഡാനിയല്‍ അച്ചാരുപറമ്പില്‍ രക്ഷാധികാരിയായിരിക്കെ, രണ്ടായിരമാണ്ടില്‍ ക്രിസ്തുജയന്തി മഹാജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വൈപ്പിന്‍കരയിലെ പെരുമ്പിള്ളിയില്‍ ക്രിസ്തുജയന്തി ആശുപത്രി ആരംഭിച്ചതു ദ്വീപുമേഖലയിലേക്കു ലൂര്‍ദിന്റെ സേവനത്തിന്റെ അനുബന്ധമായാണ്.


ബിഎസ്സി നഴ്സിംഗ് കോഴ്സ് 2002ല്‍ തുടങ്ങി. കാക്കനാട് സിദ്ധിസദനിലേക്ക് 2004ല്‍ ലൂര്‍ദ് നഴ്സിംഗ് കോളജ് മാറ്റിസ്ഥാപിച്ചു. മെഡിക്കല്‍ ബിരുദാനന്തരബിരുദ കോഴ്സുകള്‍ 2004-2005 വര്‍ഷത്തില്‍ തുടങ്ങി. കേരള ഗവണ്‍മെന്റ് പാരാമെഡിക്കല്‍ കൌണ്‍സിലിന്റെ കീഴില്‍ ഡയാലിസിസ് ടെക്നോളജി, ന്യൂറോ ടെക്നോളജി, തിയറ്റര്‍ ടെക്നോളജി തുടങ്ങിയ കോഴ്സുകള്‍ തുടങ്ങിയതോടെ 2007ല്‍ ലൂര്‍ദ് പാരാമെഡിക്കല്‍ കോളജായി ഉയര്‍ന്നു. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു 12 ശാഖകളില്‍ ബിരുദാനന്തരബിരുദ പഠനത്തിനും എംഎസ്സി, ബിഎസ്സി, പോസ്റ് ബേസിക് ബിഎസ്സി, ജനറല്‍ നഴ്സിംഗ് പഠനത്തിനും പതിനഞ്ചോളം പാരാമെഡിക്കല്‍ കോഴ്സുകള്‍ക്കും ലൂര്‍ദ് അവസരമൊരുക്കുന്നു.

റൂബി ജൂബിലിയാഘോഷങ്ങളുടെ സ്മാരകമായി ലൂര്‍ദ് ഹാര്‍ട്ട് ഇന്‍സ്റിറ്റ്യൂട്ട് ആന്‍ഡ് ന്യൂറോ സെന്ററിന്റെ ഉദ്ഘാടനം 2007 മാര്‍ച്ച് 18ന് കേന്ദ്ര പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണി നിര്‍വഹിച്ചു. ഹൃദ്രോഗ, പക്ഷാഘാത ചികിത്സയ്ക്കു മാത്രമായി പ്രത്യേക കേന്ദ്രം സംസ്ഥാനത്ത് ആദ്യമായി ഇവിടെയാണ് തുടങ്ങിയത്. തെക്കുകിഴക്കനേഷ്യയില്‍ ബൈപ്ളെയിന്‍ ഫ്ളാറ്റ് പാനല്‍ കാത്ത് ലാബ് സൌകര്യമുള്ള ഏക സ്ഥാപനം ഇതായിരുന്നു. 2010 മേയില്‍ പ്ളാസ്റിക് സര്‍ജറി, വാസ്കുലര്‍ സര്‍ജറി, സിടി സ്കാന്‍ വിഭാഗങ്ങളും നവംബര്‍ 23നു ലൂര്‍ദ് കിഡ്നി ഫൌണ്േടഷനും ഉദ്ഘാടനം ചെയ്തു. 2011 ഓഗസ്റ്റ് ഏഴിന് എംആര്‍ഐ സ്കാനിംഗ് സെന്റര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു.

കൊച്ചിയിലെ പ്രഥമ ശിശുസൌഹൃദ ആശുപത്രിക്കായുള്ള യുനെസ്കോ അവാര്‍ഡ് ലൂര്‍ദ് നേടി. രോഗി സുരക്ഷയ്ക്കുള്ള സേഫ്-ഐ ബഹുമതിയോടൊപ്പം ദി വീക്ക് തെരഞ്ഞെടുത്ത കൊച്ചിയിലെ മികച്ച ആശുപത്രിയെന്ന പദവി രണ്ടു വര്‍ഷം നേടി. കെഎസ്ഇബിയുടെ ഗ്രീന്‍ ഇനിഷ്യേറ്റീവ് അവാര്‍ഡും ലൂര്‍ദിനെ തേടിയെത്തി.

രോഗികള്‍ക്കു പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ സഹായം, കാരുണ്യ സഹായനിധി പദ്ധതി, ഇഎസ്ഐ സൌജന്യ ചികിത്സാ സൌകര്യം, കേരള സര്‍ക്കാര്‍ സേവകര്‍ക്കുള്ള ചികിത്സ തുടങ്ങിയവയ്ക്കും ലൂര്‍ദ് അംഗീകൃതമാണ്. ഗുണമേന്മയ്ക്കുള്ള ദേശീയ അംഗീകാരം നേടാന്‍ വേണ്ട നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും മികച്ച റഫറല്‍ ആശുപത്രികളിലൊന്നായി വളര്‍ന്ന ലൂര്‍ദ് ഇന്നു മള്‍ട്ടിസ്പെഷാലിറ്റി ചികിത്സാകേന്ദ്രമാണ്. കുറഞ്ഞ ചെലവില്‍ മികച്ച സേവനം എന്ന തത്വം അവലംബിച്ചാണ് ആതുരശുശ്രൂഷാരംഗത്തു ലൂര്‍ദ് മുന്‍നിരയില്‍ നിലകൊള്ളുന്നതെന്നു ഡയറക്ടര്‍ ഫാ.സാബു നെടുനിലത്ത് പറഞ്ഞു.

ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ.പോള്‍ പുത്തൂരാന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സന്തോഷ് ജോണ്‍ ഏബ്രഹാം, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ ഡോ.ജോര്‍ജ് തയ്യില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.