വടവാതൂര്‍ സെമിനാരിയില്‍ ദേശീയ പഠന ശിബിരത്തിന് ഇന്നു തുടക്കം
Thursday, August 21, 2014 12:45 AM IST
വടവാതൂര്‍: കുടുംബജീവിതം അഭിമുഖീകരിക്കുന്ന സമകാലിക വെല്ലുവിളികളുടെയും ഫ്രാന്‍സിസ് മാര്‍പാപ്പ ഒക്ടോബര്‍ മാസത്തില്‍ റോമില്‍ വിളിച്ചിരിക്കുന്ന ആഗോള മെത്രാന്മാരുടെ സമ്മേളനത്തിന്റെയും പശ്ചാത്തലത്തില്‍ 'വിവാഹവും കുടുംബവും ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നേരിടുന്ന സമകാലിക വെല്ലുവിളികളും പുലര്‍ത്തേണ്ട അജപാലന സമീപനങ്ങളും' എന്ന വിഷയത്തില്‍ പൌരസ്ത്യവിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തില്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയില്‍ നടക്കുന്ന ദേശീയ പഠനശിബിരത്തിന് ഇന്നു തുടക്കം. രാവിലെ ഒമ്പതിനു കെസിബിസി ഫാമിലി കമ്മീഷന്‍ വൈസ് ചെയര്‍മാനും തിരുവല്ല അതിരൂപത സഹായമെത്രാനുമായ ഫിലിപ്പോസ് മാര്‍ സ്റെഫാനോസ് പഠനശിബിരം ഉദ്ഘാടനം ചെയ്യും. വടവാതൂര്‍ പൌരസ്ത്യവിദ്യാപീഠം പ്രസിഡന്റ് റവ. ഡോ. വിന്‍സന്റ് ആലപ്പാട്ട്, ജനറല്‍ കണ്‍വീനര്‍ റവ. ഡോ. സ്കറിയാ കന്യാകോണില്‍, റവ. ഡോ. ആന്റോ ചേരാന്തുരുത്തി എന്നിവര്‍ പ്രസംഗിക്കും.

വിവിധ സെഷനുകളിലായി വിവാഹത്തിന്റെയും കുടുംബത്തിന്റെയും ദൈവശാസ്ത്ര, മനഃശാസ്ത്ര, തത്വശാസ്ത്ര, സാമൂഹിക, അജപാലന, നൈയാമിക മാനങ്ങളെ കേന്ദ്രീകരിച്ചു റവ. ഡോ. ജോസഫ് കൊച്ചുപറമ്പില്‍, റവ. ഡോ. ജോസഫ് കോട്ടയില്‍, ഡോ. ഏബ്രഹാം ജോസഫ്, റവ. ഡോ. തോമസ് തറയില്‍, റവ. ഡോ. അലക്സ് താരാമംഗലം, ഡോ. ആന്‍സി ജോര്‍ജ്, റവ. ഡോ. ജോസഫ് കടുപ്പില്‍, പ്രഫ. രേഖ മാത്യൂസ്, റവ. ഡോ. സെബാസ്റ്യന്‍ വാണിയപ്പുര, റവ. ഡോ. ജയിംസ് പാമ്പാറ, റവ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍, റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍, സിസ്റര്‍ ആന്‍സില്ല, സിസ്റര്‍ എല്‍സി സേവ്യര്‍, ബ്രദര്‍ സജീഷ് ത്രിക്കോടന്മാലില്‍, ബ്രദര്‍ സിറില്‍ വള്ളോംകുന്നേല്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. മാത്യു കുര്യാക്കോസ് മഠത്തില്‍, പി.വി. മേരിക്കുട്ടി ടീച്ചര്‍, സന്തോഷ് മരിയസദനം, കെ.ഡി. സെബാസ്റ്യന്‍, ഡോ. ടോണി ജേക്കബ് എന്നിവര്‍ കുടുംബവുമായി ബന്ധപ്പെട്ടു തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കും. പാനല്‍ ചര്‍ച്ചയും സെമിനാരി വിദ്യാര്‍ഥികളുടെ പ്രോ-ലൈഫ് പ്രദര്‍ശനവും ഉണ്ടായിരിക്കും.


കേരളം, കര്‍ണാടക, തമിഴ്നാട്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള വൈദികരും സന്യസ്തരും അല്മായരും പങ്കെടുക്കുന്ന സെമിനാര്‍ നാളെ ഉച്ചകഴിഞ്ഞ് ഒന്നിനു സമാപിക്കും. യാക്കോബായ, ഓര്‍ത്തഡോക്സ്, മാര്‍ത്തോമ്മാ സഭകളില്‍ നിന്നുള്ള വൈദികരും അല്മായരും സെമിനാറില്‍ പങ്കെടുക്കും. വടവാതൂര്‍ സെമിനാരിയിലെ വൈദികരും വൈദിക വിദ്യാര്‍ഥികളുമാണു പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. സീറോ-മലബാര്‍ സഭയിലെ ആദ്യത്തെ പൊതുമേജര്‍ സെമിനാരിയാണ് വടവാതൂര്‍ സെമിനാരി. ഇവിടത്തെ തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനവിഭാഗമാണ് പൌരസ്ത്യവിദ്യാപീഠം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.