വ്യാപാരികളെ ദ്രോഹിക്കുന്നതു തുടര്‍ന്നാല്‍ സമരം ശക്തമാക്കും: ടി. നസിറുദീന്‍
വ്യാപാരികളെ ദ്രോഹിക്കുന്നതു തുടര്‍ന്നാല്‍ സമരം ശക്തമാക്കും: ടി. നസിറുദീന്‍
Thursday, August 21, 2014 12:17 AM IST
കോഴിക്കോട്: വ്യാപാരമേഖലയെ തകര്‍ക്കുന്ന നിലപാടുകളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്ന പക്ഷം വ്യാപാരി വ്യവസായി ഏകോപന സമിതിക്കു വെറുതെയിരിക്കാനാവില്ലെന്നു സംസ്ഥാന പ്രസിഡന്റ് ടി. നസിറുദീന്‍. പ്രശ്നങ്ങള്‍ക്കു പരിഹാരമായില്ലെങ്കില്‍ സമരം ശക്തമാക്കും. അനിശ്ചിതകാല കടയടപ്പു സമരമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കും.

27നു സമിതിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തൃശൂരില്‍ ചേരുന്നുണ്ട്. തുടര്‍സമരം ആ യോഗത്തില്‍ തീരുമാനിക്കും. പരിഷ്കാരങ്ങള്‍ നടപ്പാക്കുമ്പോള്‍ വ്യാപാരികളുമായി ചര്‍ച്ച നടത്താന്‍ തയാറാകണം.

അതു നടക്കാത്തതിനാലാണ് ഓണക്കാലത്തു സമരവുമായി തെരുവിലിറങ്ങേണ്ടി വന്നത്. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സംസ്ഥാന വ്യാപകമായി നടത്തിയ കടയടപ്പു സമരത്തിന്റെ ഭാഗമായി കോഴിക്കോട് കളക്ടറേറ്റിലേക്കു നടത്തിയ വ്യാപാരിമാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


വാറ്റ് നിയമം നടപ്പാക്കുന്നതിലെ അപാകത പരിഹരിക്കുക, വാടക കുടിയാന്‍ നിയമം നടപ്പാക്കുക, നിയമവിരുദ്ധമായി നടത്തുന്ന കട പരിശോധനകള്‍ അവസാനിപ്പിക്കുക, വ്യാപാരമേഖലയെ പ്രതിസന്ധിയിലാക്കുന്ന എല്ലാ നടപടികളും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു വ്യാപാരികള്‍ ഇന്നലെ കടയടപ്പുസമരം നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.