ചാര്‍ട്ടേഡ് അക്കൌണ്ടന്റിനെ മാറ്റി മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയമിക്കണം: ഹൈക്കോടതി
ചാര്‍ട്ടേഡ് അക്കൌണ്ടന്റിനെ മാറ്റി മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയമിക്കണം: ഹൈക്കോടതി
Thursday, August 21, 2014 12:18 AM IST
കൊച്ചി: സംസ്ഥാന കശുവണ്ടി വികസന കോര്‍പറേഷനിലെ ക്രമക്കേട് അന്വേഷിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റിയില്‍നിന്നു ചാര്‍ട്ടേഡ് അക്കൌണ്ടന്റിനെ മാറ്റി പകരം മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കോര്‍പറേഷനിലെ അഴിമതിയെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കടകംപള്ളി മനോജ് നല്‍കിയ ഹര്‍ജിയിലാണ് ആക്ടിംഗ് ചീഫ് ജസ്റ്റീസ് അശോക് ഭൂഷണും ജസ്റീസ് എ.എം. ഷഫീഖുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

ക്രമക്കേട് അന്വേഷിക്കാന്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍, കാഷ്യു എക്സ്പോര്‍ട്ട് പ്രമോഷന്‍ കമ്മിറ്റി സെക്രട്ടറിയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശശിവര്‍മ, ചാര്‍ട്ടേഡ് അക്കൌണ്ടന്റ് ഐവാന്‍ ജോസഫ്, വ്യവസായ വകുപ്പ് ജോയിന്റ് സെക്രട്ടറി കെ.എസ്. രാജശേഖരന്‍ എന്നിവരടങ്ങിയ നാലംഗ കമ്മിറ്റിയെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. ക്രമക്കേട് സംബന്ധിച്ച് എട്ടു വിഷയങ്ങളാണു കമ്മിറ്റി പരിശോധിക്കേണ്ടത്. എന്നാല്‍ ചാര്‍ട്ടേഡ് അക്കൌണ്ടന്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലാത്തതിനാല്‍ പല കാര്യങ്ങളിലും ഇടപെടാനുള്ള അധികാരമില്ലെന്നാണു ഹര്‍ജിക്കാരന്റെ ആരോപണം.


ഹര്‍ജി പരിഗണിച്ചപ്പോള്‍ ചാര്‍ട്ടേഡ് അക്കൌണ്ടന്റിനെ മാറ്റി പകരം ഉദ്യോഗസ്ഥനെ ഉള്‍പ്പെടുത്താമെന്നു സര്‍ക്കാര്‍ അറിയിച്ചു. ഇക്കാര്യം പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ കമ്മിറ്റിയുടെ മേല്‍നോട്ടച്ചുമതല ഏല്‍പ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.