മുഖപ്രസംഗം: മദ്യരഹിത കേരളത്തിലേക്ക് ഉറച്ച കാല്‍വയ്പ്
Friday, August 22, 2014 11:45 PM IST
മദ്യരഹിതകേരളം എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ നിര്‍ണായകമായൊരു ഘട്ടത്തിലേക്കു കേരളം കടക്കുകയാണ്. ഇന്നലെ ഐക്യജനാധിപത്യമുന്നണി ഏകോപനസമിതി യോഗത്തിനുശേഷം ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ച മദ്യനയം അതാണു സൂചിപ്പിക്കുന്നത്. നിലവാരമില്ലെന്നു കണ്െടത്തിയതിനെത്തുടര്‍ന്നു പൂട്ടിയ 418 ബാറുകള്‍ തുറക്കേണ്ടതില്ലെന്നും ഇപ്പോള്‍ തുറന്നിരിക്കുന്നവയില്‍ 312 ബാറുകള്‍കൂടി പൂട്ടണമെന്നുമുള്ള തീരുമാനം കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു ചരിത്രസംഭവമായി മാറുകയാണ്.

അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ കേരളത്തില്‍ ഫൈവ് സ്റാര്‍ ഹോട്ടലുകള്‍ക്കു മാത്രമേ മദ്യവില്പനയ്ക്കു ലൈസന്‍സുണ്ടാവൂ എന്നതും എല്ലാ ഞായറാഴ്ചകളും ഡ്രൈ ഡേ ആയി പ്രഖ്യാപിക്കുമെന്നതും മദ്യോപയോഗത്തില്‍ കാര്യമായ കുറവു വരുത്തും എന്നാണു കരുതപ്പെടുന്നത്. മദ്യാസക്തി ഏറ്റവും വലിയ സാമൂഹ്യതിന്മയാണെന്നു പറഞ്ഞ മഹാത്മാഗാന്ധി രാജ്യത്തു സമ്പൂര്‍ണ മദ്യനിരോധനം വേണമെന്ന ആശയക്കാരനായിരുന്നു. മദ്യവിപത്തിന്റെ തിക്തഫലങ്ങള്‍ ഏറെ അനുഭവിക്കുന്ന ഒരു സംസ്ഥാനമെന്ന നിലയില്‍ കേരളത്തില്‍ മദ്യോപയോഗത്തിനു ചില കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവണമെന്നു പൊതുസമൂഹവും ആഗ്രഹിച്ചു.

418 ബാറുകള്‍ തുറക്കുന്നതു സംബന്ധിച്ച തര്‍ക്കം ഭരണമുന്നണിയിലും മുഖ്യകക്ഷിയായ കോണ്‍ഗ്രസിലും അഭിപ്രായവ്യത്യാസങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതെക്കുറിച്ചു പരസ്യമായ വാദപ്രതിവാദങ്ങളും അരങ്ങേറി. കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും രണ്ടു തട്ടിലാണെന്ന മട്ടിലുള്ള പ്രചാരണവും കൊടുമ്പിരിക്കൊണ്ടു. ഏതായാലും അത്തരം ധാരണകള്‍ക്കും തെറ്റിദ്ധാരണകള്‍ക്കുമെല്ലാം മറുപടിയാണ് ഇന്നലെ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം. ഇനി ഈ പ്രഖ്യാപനത്തിനനുസൃതമായി കാര്യങ്ങള്‍ എങ്ങനെ നടത്തും എന്നതാണു പ്രധാനം. ഭരണമുന്നണിയുടെ രാഷ്ട്രീയ തീരുമാനത്തിനു നിയമപരമായ സാധുത നല്‍കേണ്ടതുണ്ട്. അതിനായി നിയമവിദഗ്ധരുടെ അഭിപ്രായം തേടുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന 312 ബാറുകള്‍ ഉടനേ പൂട്ടുന്നതിനു നിയമപരമായ തടസമുണ്െടങ്കില്‍ അടുത്ത ഏപ്രില്‍ ഒന്നുമുതല്‍ പുതിയ മദ്യനയം കര്‍ശനമായി നടപ്പാക്കാനാണു തീരുമാനം.

ആരോഗ്യത്തിനു ഹാനികരമായ ലഹരിപാനീയങ്ങളോ മരുന്നുകളോ ഉപയോഗിക്കുന്നതില്‍ നിരോധനം ഏര്‍പ്പെടുത്താന്‍ ഭരണഘടനയുടെ മാര്‍ഗനിര്‍ദേശകതത്ത്വങ്ങളുടെ 47-ാം അനുച്ഛേദത്തില്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ വിവിധ കാലയളവുകളില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയെങ്കിലും അപൂര്‍വം ചിലയിടങ്ങളില്‍ മാത്രമേ ഫലപ്രദമായി നിലവിലുള്ളൂ. ദേശീയ തലത്തില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചു പഠിക്കുന്നതിന് 1958ല്‍ ഒരു സമിതിയെ നിയോഗിച്ചു. മദ്യനിരോധനം ഏര്‍പ്പെടുത്തുന്നതുമൂലം ഉണ്ടാകുന്ന റവന്യൂ നഷ്ടത്തിന്റെ അമ്പതു ശതമാനം നല്‍കാമെന്നു കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, ഒട്ടുമിക്ക സംസ്ഥാനങ്ങളും നിരോധനത്തിനു തയാറായില്ല. ഇപ്പോഴും പൂര്‍ണ മദ്യനിരോധനം നിലനില്‍ക്കുന്ന ഗുജറാത്തില്‍നിന്നുള്ള നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ മുമ്പു കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത റവന്യൂ നഷ്ടം കേന്ദ്രത്തില്‍ നിന്നു വാങ്ങിയെടുക്കാന്‍ കേരളത്തിനു സാധിക്കണം.


കേരളത്തില്‍ മദ്യോപയോഗം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുകയായിരുന്നു. ആളോഹരി മദ്യോപയോഗത്തില്‍ ഒന്നാം സ്ഥാനത്തായിരുന്ന പഞ്ചാബിനെ കടത്തിവെട്ടി നാം മുന്നിലെത്തി. സംസ്ഥാന സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ നികുതി വരുമാനം കിട്ടിയിരുന്നത് പെട്രോളിയം ഉത്പന്നങ്ങളില്‍നിന്നായിരുന്നുവെങ്കില്‍ ഇന്നത് മദ്യവില്പനയില്‍നിന്നാണ്. 2013-14ല്‍ 9,353 കോടി രൂപയായിരുന്നു ബിവറേജസ് കോര്‍പറേഷന്റെ വരുമാനം. 418 ബാറുകള്‍ പൂട്ടിയതിനുശേഷം മദ്യവില്പന വര്‍ധിച്ചെന്നും കുറഞ്ഞെന്നുമൊക്കെ പരസ്പരവിരുദ്ധമായ കണക്കുകള്‍ പലരും നിരത്തുന്നുണ്െടങ്കിലും മദ്യലഭ്യത കുറഞ്ഞത് സമൂഹത്തില്‍ നല്ല പ്രതികരണമാണുണ്ടാക്കിയത്.

നിലവാരമില്ലാത്ത ബാറുകള്‍ അടച്ചുപൂട്ടിയതു മദ്യപരുടെ ഇടയില്‍ ഗണ്യമായ സ്വാധീനം ചെലുത്തിയതായി മൂലമറ്റം സെന്റ് ജോസഫ്സ് കോളജിലെ സോഷ്യല്‍ സര്‍വീസ് വിഭാഗം നടത്തിയ പഠനത്തില്‍ കണ്െടത്തിയിട്ടുണ്ട്. നേരത്തേ നല്‍കിയിരുന്നതിനേക്കാള്‍ കൂടുതല്‍ തുക സാധാരണ തൊഴിലാളികള്‍ ഇപ്പോള്‍ തങ്ങളുടെ വീടുകളില്‍ നല്‍കുന്നുണ്െടന്നതായിരുന്നു ഒരു കണ്െടത്തല്‍. രാവിലെയുള്ള മദ്യപാനത്തിലും കുറവുവന്നതായി കണ്ടു. കുറ്റകൃത്യങ്ങള്‍, വാഹനാപകടങ്ങള്‍ എന്നിവയിലുണ്ടായ കുറവും ഇതിന്റെ ഭാഗമാണെന്നു കാണുന്നു.

യുഡിഎഫ് ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനം ഇതു സംബന്ധിച്ചു ഭരണനേതൃത്വവും രാഷ്ട്രീയനേതൃത്വവും മുമ്പു പറഞ്ഞിരുന്നതില്‍നിന്ന് ഒരു പടികൂടി മുന്നോട്ടു പോയിരിക്കുന്നു. ഫൈവ് സ്റാര്‍ ബാറുകള്‍ക്കു മാത്രമേ ഇനി ബാര്‍ ലൈസന്‍സ് നല്‍കൂ എന്നും ബിവറേജസ് കോര്‍പറേഷന്റെ പുതിയ ഔട്ട്ലെറ്റുകള്‍ ഇനി തുറക്കില്ലെന്നും നേരത്തേതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഞായറാഴ്ചകളില്‍ക്കൂടി മദ്യാവധി പ്രഖ്യാപിച്ചതു മുമ്പു സൂചിപ്പിക്കാത്ത കാര്യമാണ്. ചരിത്രപ്രധാനമായ ഈ തീരുമാനങ്ങളുടെ ഫലപ്രദവും കാര്യക്ഷമമവുമായ നടത്തിപ്പാണ് ഇനി ഉറപ്പാക്കേണ്ടത്.

മദ്യ വില്പനയ്ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോഴെല്ലാം ഉയരുന്നതാണു വ്യാജമദ്യദുരന്തഭീതി. നിലവാരമില്ലാത്ത ബാറുകള്‍ പൂട്ടിയിട്ട വേളയില്‍ കെപിസിസി പ്രസിഡന്റുപോലും ഈ സന്ദേഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ഇക്കാലമത്രയും ജാഗ്രത പുലരുകയും ദുരന്തങ്ങള്‍ ഒഴിവാകുകയും ചെയ്തു. ഇനി ജാഗ്രതയില്‍ തെല്ലും ഇളവു പാടില്ല. കാരണം മദ്യലോബി അതിശക്തമാണ്. തീരുമാനങ്ങളുടെ മഹത്ത്വം അവയുടെ കാര്യക്ഷമമായ നടത്തിപ്പിലൂടെയാണു തെളിയിക്കപ്പെടേണ്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.