കെഎസ്ആര്‍ടിസി: പ്രതിസന്ധി തീര്‍ക്കാന്‍ താത്കാലിക ധനസഹായം
Friday, August 22, 2014 12:20 AM IST
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനു താത്കാലിക പരിഹാരമെന്ന നിലയില്‍ ബജറ്റ് വിഹിതത്തില്‍നിന്ന് 52.27 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. എന്നാല്‍, കെഎസ്ആര്‍ടിസി പാക്കേജിന്റെ കാര്യത്തില്‍ ഇന്നലെ തീരുമാനമായില്ല. പെന്‍ഷന്‍ കൊടുക്കുന്നതിനുള്ള നടപടികള്‍ കെഎസ്ആര്‍ടിസി കൈക്കൊള്ളുമെന്നു മുഖ്യമന്ത്രി അറിയിച്ചു.

കെഎസ്ആര്‍ടിസിക്ക് 300 കോടി രൂപ വായ്പയെടുക്കാന്‍ സര്‍ക്കാര്‍ ഗാരന്റി നില്‍ക്കും. കൂടാതെ പുതിയ ബസ് വാങ്ങുന്നതിനായി മൂലധന ചെലവായി 200 കോടി രൂപ കൊടുക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.


കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ കുടിശിക നല്‍കുന്നതിനായി സര്‍ക്കാരിനോടു സാമ്പത്തിക സഹായം തേടിയിരുന്നതായി മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍, ഓണക്കാലത്തെ സാമ്പത്തിക ഞെരുക്കത്തിന്റെ പശ്ചാത്തലത്തില്‍ അധിക ചെലവു വഹിക്കാന്‍ സര്‍ക്കാരിനു സാധിക്കാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണു പദ്ധതി വിഹിതത്തില്‍നിന്നു പണം നല്‍കാന്‍ ധാരണയായത്. കെഎസ്ആര്‍ടിസി പാക്കേജിന്റെ കാര്യത്തില്‍ ധനകാര്യ സ്ഥാപനങ്ങളുമായി ആലോചിച്ചു തീരുമാനമെടുക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.