മദ്യലോബിക്കു സംസ്ഥാനത്തെ വില്ക്കാന്‍ ശ്രമിച്ചാല്‍ ഭരണത്തിന് അന്ത്യം: കാതോലിക്കാബാവ
മദ്യലോബിക്കു സംസ്ഥാനത്തെ വില്ക്കാന്‍ ശ്രമിച്ചാല്‍  ഭരണത്തിന് അന്ത്യം: കാതോലിക്കാബാവ
Friday, August 22, 2014 12:29 AM IST
തിരുവനന്തപുരം: പൊതുസമൂഹത്തിന്റെ വികാരത്തെ അടിച്ചമര്‍ത്തി മദ്യലോബിക്കു സംസ്ഥാനത്തെ വില്ക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ഈ ഭരണത്തിന്റെ അന്ത്യമാകും ഉണ്ടാവുകയെന്നു മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ. മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ഏകദിന ഉപവാസ സമരത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു കര്‍ദിനാള്‍.

മദ്യം വില്ക്കുന്നതില്‍നിന്നു ലഭിക്കുന്ന പണം സര്‍ക്കാരിനാവശ്യമില്ലെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രി ഭരിക്കുന്ന നാടാണിത്. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും കുറച്ചുകൊണ്ടുവരണം. പൂട്ടിക്കിടക്കുന്ന ബാറുകള്‍ മാത്രമല്ല പ്രശ്നം. ഒരുവശത്തു സ്കൂളുകള്‍ ഉള്‍പ്പെടെയുള്ളവ കേന്ദ്രീകരിച്ചു മദ്യത്തിന്റെ ഉപയോഗത്തിനെതിരേ വ്യാപക ബോധവത്കരണം, തൊട്ടടുത്തുതന്നെ ബാറിലൂടെ മദ്യ വില്പനയും. ഇതു വിരോധാഭാസമാണ്.

മദ്യം വിനാശം വരുത്തുന്നു എന്നു ബോധ്യമുണ്െടങ്കില്‍ അധികാരികള്‍ ഇതു വേണ്ട എന്ന നിലപാടു സ്വീകരിച്ചാല്‍ മതി. ഉടന്‍തന്നെ സമ്പൂര്‍ണ മദ്യനിരോധനമെന്ന ആശയം പ്രചരിപ്പിക്കുന്നതിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉണ്േടാ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിക്കുന്ന സംസ്ഥാനമായി കേരളം മാറി. ഇതു ശാപമാണ്. 12 വയസു പ്രായമുള്ള കുട്ടികള്‍ വരെ മദ്യപിക്കുന്ന സ്ഥിതിയിലേക്കു മാറി. മദ്യനയത്തിന്റെ കാര്യത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണം. മദ്യത്തിന്റെ രൂക്ഷതയ്ക്കു മുന്നില്‍ തോല്ക്കുന്നതു സാധാരണക്കാരായ ജനങ്ങളാണ്.

ലോക മനുഷ്യസമൂഹത്തിനു മുന്നില്‍ പുതിയ ജീവിത ദര്‍ശനം നല്കിയ വ്യക്തിയാണു ഗാന്ധിജി. ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്കു വിപരീതമായാണ് ഇപ്പോള്‍ പലരും പ്രവര്‍ത്തിക്കുന്നത്. മനുഷ്യസമൂഹത്തിന്റെ നിലനില്പിന് ആരോഗ്യം ആവശ്യമാണ്. വിഷം വില്ക്കുന്നതിനു തുല്യമാണു മദ്യവില്പന. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും കുറച്ചുകൊണ്ടുവരാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കര്‍ദിനാള്‍ ആവശ്യപ്പെട്ടു.

മദ്യത്തിന്റെ കാര്യത്തില്‍ ആത്മാര്‍ഥത ഇല്ലാത്ത നയങ്ങളാണ് അധികാരികള്‍ സ്വീകരിക്കുന്നതെന്നു തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം ചടങ്ങില്‍ പറഞ്ഞു. കേരളം മദ്യത്തില്‍ കുളിച്ചു കിടക്കുകയാണ്. ഒരു തുള്ളി മദ്യം ആയിരം തുള്ളി കണ്ണുനീരിനു കാരണമെന്നു സര്‍ക്കാര്‍ പറയുന്നതില്‍ ആത്മാര്‍ഥത ഉണ്േടാ എന്ന സംശയം നിലനില്ക്കുന്നു.


മദ്യപാനം ആരോഗ്യത്തിനു ഹാനികരമെന്നു പറയുമ്പോഴും സര്‍ക്കാര്‍ തന്നെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന നീക്കങ്ങളാണു നടത്തുന്നത്. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുമെന്നു പറയുന്ന സര്‍ക്കാരിന് 10,000 കോടി രൂപയാണു മദ്യത്തിന്റെ വിറ്റുവരവിലൂടെ ലഭിക്കുന്നത് . ഇതില്‍ നിന്ന് ഒന്നോ രണ്േടാ കോടി രൂപ മദ്യവര്‍ജന പരിപാടികള്‍ക്കായി ചെലവഴിക്കുന്നതിലുള്ള അര്‍ഥം എന്താണ്.

ഗാന്ധിത്തൊപ്പിയും ഖദര്‍ ഷര്‍ട്ടുമിട്ടാല്‍ ഗാന്ധിയന്‍ ആകില്ല. മദ്യത്തില്‍നിന്നു ലഭിക്കുന്ന വരുമാനം കുട്ടികളുടെ വിദ്യാഭ്യാസത്തിനു ഉള്‍പ്പെടെ ചെലവഴിക്കുന്നതു ക്രിമിനല്‍ കുറ്റമാണെന്നു ഗാന്ധിജിതന്നെ പറഞ്ഞിട്ടുള്ളതാണ്. തെരഞ്ഞെടുപ്പില്‍ മദ്യക്കുപ്പികള്‍ നല്കിയാണു വോട്ടുനേടുന്നത്. ഘട്ടംഘട്ടമായി മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ടുവരുന്നതിന്റെ തുടക്കം മാത്രമായി മദ്യഷാപ്പുകള്‍ അടച്ചിടുന്നതിനെ കണ്ടാല്‍ മതി. മദ്യത്തിനെതിരേ ആത്മാര്‍ഥതയോടെയും ഇച്ഛാശക്തിയോടെയും എല്ലാവരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്നും ആര്‍ച്ച് ബിഷപ് ആഹ്വാനം ചെയ്തു.

സംസ്ഥാനത്തെ 80 ശതമാനം വീടുകളിലും മദ്യം ആധിപത്യം സ്ഥാപിച്ചതായി സുഗതകുമാരി അഭിപ്രായപ്പെട്ടു. പെണ്‍കുട്ടികള്‍ക്കു സ്വസ്ഥമായി വീടുകള്‍ക്കുള്ളില്‍ ജീവിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പേരു കളങ്കിതമാകാതിരിക്കണമെങ്കില്‍ മദ്യത്തിനെതിരേ രംഗത്തുവരണം. മദ്യത്തിന്റെ ലഭ്യത പരമാവധി കുറച്ചുകൊണ്ടുവരുന്നതിനു നടപടികള്‍ സ്വീകരിക്കണമെന്നും സുഗതകുമാരി അഭിപ്രായപ്പെട്ടു.

ദീപിക തിരുവനന്തപുരം റെസിഡന്റ് മാനേജരും കെസിബിസി മദ്യവിരുദ്ധസമിതി തെക്കന്‍ മേഖലാ ഡയറക്ടറുമായ ഫാ. ജോണ്‍ അരീക്കല്‍, മോണ്‍. യൂജിന്‍ എച്ച് പെരേര, ഇമാം പി.കെ ഹംസ മൌലവി ഫാറൂക്കി, സ്വാമി അശ്വതി തിരുനാള്‍, ഡോ. എന്‍. രാധാകൃഷ്ണന്‍, ഗോപിനാഥന്‍നായര്‍, ഷഹീര്‍ മൌലവി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.