മദ്യരഹിത കേരളം: വിവിധ നേതാക്കളുടെ പ്രതികരണങ്ങള്‍
Friday, August 22, 2014 11:45 PM IST
തീരുമാനം ജനനന്മ ലക്ഷ്യമിട്ട്: സുധീരന്‍

തിരുവനന്തപുരം: ജനവികാരവും ജനതാത്പര്യവും നാടിന്റെ നന്മയും മുന്നില്‍ക്കണ്ട ഏറ്റവും നല്ല തീരുമാനമാണെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ അഭിപ്രായപ്പെട്ടു. ഇതിനു സഹായിച്ച എല്ലാ ഘടകകക്ഷികളെയും അദ്ദേഹം അനുമോദിച്ചു. ഇത്രയും വേഗം ജനോപകാരപ്രദമായ തീരുമാനമെടുത്ത മുഖ്യമന്ത്രിയുടെ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും സുധീരന്‍ പറഞ്ഞു.

ഏകകണ്ഠമായ തീരുമാനം: കെ.എം. മാണി

തിരുവനന്തപുരം: സമ്പൂര്‍ണ മദ്യനിരോധനമെന്നതു യുഡിഎഫ് ഏകകണ്ഠമായെടുത്ത തീരുമാനമാണെന്നു കേരള കോണ്‍ഗ്രസ്-എം നേതാവും ധനമന്ത്രിയുമായ കെ. എം. മാണി വ്യക്തമാക്കി. ഓരോ കക്ഷിയും അവരുടെ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്തശേഷമാണ് യുഡിഎഫ് യോഗത്തില്‍ സമ്പൂര്‍ണ മദ്യനിരോധനമെന്ന ആവശ്യം ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കോടതിയെ അറിയിക്കും: ചെന്നിത്തല

തിരുവനന്തപുരം: പൂട്ടിക്കിടക്കുന്ന 418 ബാറുകള്‍ തുറക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ നയം കോടതിയെ അറിയിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രവര്‍ത്തിക്കുന്ന ബാറുകള്‍ നേരത്തേ അടയ്ക്കണമെന്ന് ആഗ്രഹമുണ്െടങ്കിലും ലൈസന്‍സ് ഫീസ് വാങ്ങിയതിനാല്‍ നിയമപ്രശ്നം ഒഴിവാക്കാനാണു സമയമെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാന ചുവടുവയ്പ്: കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ബാറുകളെ സംബ ന്ധിച്ച യുഡിഎഫ് തീരുമാനം സമ്പൂര്‍ണ മദ്യനിരോധത്തിലേക്കുള്ള പ്രധാന ചുവടുവയ്പാണെന്നു മുസ്ലിം ലീഗ് നേതാവും വ്യവസായമന്ത്രിയുമായ പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ജനഹിതത്തെ ആദരിച്ചു: മാര്‍ ആലഞ്ചേരി

കൊച്ചി: സമ്പൂര്‍ണ മദ്യനിരോധനത്തിലേക്കുള്ള ചുവടുവയ്പ് എന്ന നിലയില്‍ പുതിയ മദ്യനയം പ്രഖ്യാപിച്ചതിലൂടെ സംസ്ഥാന സര്‍ക്കാരും അതിനെ നയിക്കുന്ന മുന്നണിയും കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും താത്പര്യത്തെ അംഗീകരിച്ച് ആദരിച്ചെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. തികച്ചും ധീരവും സ്വാഗതാര്‍ഹവുമായ തീരുമാനത്തിലൂടെ കേരളം രാജ്യത്തിനും ലോകത്തിനും മാതൃകയായിരിക്കുകയാണെന്നും അദ്ദേഹം സഭാ ആസ്ഥാനമായ കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ മാധ്യമങ്ങളോടു പറഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ച ഘട്ടം ഘട്ടമായുള്ള മദ്യനിരോധനമെന്ന പ്രഖ്യാപനത്തോടു പ്രതിബദ്ധതയുള്ള മദ്യനയമാണിത്. ഇക്കാര്യത്തില്‍ വി.എം. സുധീരന്റെയും കോണ്‍ഗ്രസിലെ മറ്റുള്ളവരുടെയും ഘടകകക്ഷികളുടെയും വ്യക്തമായ നിലപാടുകള്‍ ഗുണം ചെയ്തിട്ടുണ്ട്. സമ്പൂര്‍ണ മദ്യനിരോധനമെന്നതു സഭയുടെ മാത്രം ആവശ്യമായിരുന്നില്ല. കേരളത്തിലെ ജനത മുഴുവന്‍ അത് ആഗ്രഹിക്കുന്നു.

മദ്യം സുലഭമായി ലഭിക്കുന്ന സ്ഥിതിയാണു സമ്പൂര്‍ണ മദ്യനിരോധനത്തിനു തടസമായി നിന്നിരുന്നത്. ഘട്ടംഘട്ടമായി അതു കുറച്ചുകൊണ്ടുവരാനുള്ള തീരുമാനം പ്രതീക്ഷ നല്‍കുന്നതാണ്. ഇപ്പോഴത്തെ തീരുമാനത്തില്‍ സര്‍ക്കാരും രാഷ്ട്രീയകക്ഷികളും ഉറച്ചു നില്‍ക്കണം. കേരളത്തില്‍ സമാധാനത്തിനും സാംസ്കാരിക പുരോഗതിക്കും ഇപ്പോഴത്തെ തീരുമാനം വഴിതെളിക്കുമെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു.

സന്തോഷകരമായ നിലപാട്: മാര്‍ ക്ളീമിസ് ബാവ

തിരുവനന്തപുരം: മദ്യനയത്തില്‍ സര്‍ക്കാര്‍ എടുത്തതു സന്തോഷകരവും പ്രതീക്ഷ നല്‍കുന്നതുമായ നിലപാടാണെന്ന് സിബിസിഐ പ്രസിഡന്റും മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിനു സര്‍ക്കാര്‍ മുന്നോട്ടുവന്നിരിക്കുന്നു. മദ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ പുനരധിവാസത്തിനുള്ള പദ്ധതി രൂപീകരിക്കുകയും ഇതിനു പൊതുജനപങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തു. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ ആര്‍ജവത്തോടുകൂടിയുള്ള നിലപാട് ഈ വിഷയം വലിയ മുന്‍തൂക്കം നല്‍കി മുന്നോട്ടു കൊണ്ടുപോയി. പിന്നീടു പൊതുസമൂഹവും ഘടകകക്ഷികളും ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വവും അതു കുറച്ചുകൂടി വിപുലീകരിച്ചു എന്നതും ആശാവഹമാണ്. ഇതിനു തീരുമാനമെടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നതിന് ഈ സമൂഹത്തിന് സന്തോഷമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മദ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ പുനരധിവസിപ്പിക്കാനുള്ള പുനര്‍ജനി ഫണ്ടിലേക്കു കാതോലിക്കാ ബാവ ഒരു ലക്ഷം രൂപ സംഭാവന ചെയ്തു. ചെക്ക് മുഖ്യമന്ത്രിക്കു കൈമാറി. തിരുവനന്തപുരം പ്രസ് ക്ളബില്‍ നടന്ന, ബാബുകുഴിമറ്റത്തിന്റെ എഴുത്തിന്റെ 40-ാം വര്‍ഷ ആഘോഷ വേദിയില്‍ ഇരുവരും ഒരുമിച്ചപ്പോഴാണ് അദ്ദേഹം ചെക്ക് കൈമാറിയത്. ചെക്കു നല്‍കുന്നതിനു മുന്‍പ് പൂച്ചെണ്ടു നല്‍കി അദ്ദേഹത്തെ കാതോലിക്കാ ബാവ അഭിനന്ദിച്ചു.


അഭിനന്ദിച്ചാല്‍ മതിയാകില്ല: ഡോ.സൂസപാക്യം

തിരുവനന്തപുരം: മദ്യത്തില്‍ കുളിച്ചുകിടന്ന സമൂഹത്തെ രക്ഷിക്കാനായി മദ്യം ഘട്ടംഘട്ടമായി നിര്‍ത്തലാക്കാന്‍ യുഡിഎഫ് എടുത്ത തീരുമാനത്തെ അഭിനന്ദിക്കുന്നതായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ.എം. സൂസപാക്യം പത്രസമ്മേളനത്തില്‍ പറഞ്ഞു.

തീരുമാനത്തെ എത്രമാത്രം അഭിനന്ദിച്ചാലും മതിയാവില്ല. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിസഭാംഗങ്ങളും യുഡിഎഫ് നേതാക്കളും ചേര്‍ന്ന് ഏകകണ്ഠമായി തീരുമാനമെടുത്തതില്‍ സന്തോഷം തോന്നുന്നു. തീരുമാനത്തെ വളരെയേറെ അഭിമാനത്തോടെയാണു കേട്ടത്. ദീര്‍ഘകാലമായി കേള്‍ക്കാന്‍ ആഗ്രഹിച്ച വാര്‍ത്തയാണത്. ഒരു പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം കിട്ടിയ പ്രതീതിയാണുണ്ടായത്. മദ്യമോചിത കേരളത്തിനായി ധീരതയോടെ ആവേശത്തോടെ രംഗത്തുനിന്നു പ്രവര്‍ത്തിച്ചത് കെപിസിസി പ്രസിഡന്റ് വി.എം. സുധീരനാണ്. സുധീരനെ സന്തോഷ വും അഭിനന്ദനവും അറിയിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ സംശയം ഉണ്ടായതിനാല്‍ അദ്ദേഹത്തിനെതിരേ കുറേയെറെ വാക്കുകള്‍ താന്‍ ഉപയോഗിച്ചു. പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ തീരുമാനമെടുത്ത മുഖ്യമന്ത്രിയെ ഹാര്‍ദമായി അഭിനന്ദിക്കുന്നു.

2015 മുതല്‍ പഞ്ചനക്ഷത്ര ഹോട്ടലിനു മാത്രമേ ബാര്‍ ലൈസന്‍സ് നല്‍കൂവെന്നതും ബിവറേജസ് ചില്ലറ വില്പനശാലകളുടെ എണ്ണം കുറച്ചുകൊണ്ടുവരുന്നതും സ്വാഗതാര്‍ഹമാണ്. ദീര്‍ഘകാലമായി തുടര്‍ന്നു പോരുന്ന മദ്യപാന സംസ്കാരം തുടച്ചുമാറ്റാന്‍ സമയമെടുക്കുമെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു. വികാരി ജനറാള്‍ മോണ്‍. യൂജിന്‍ പെരേര പത്രസമ്മേളനത്തില്‍ പങ്കെടുത്തു.മദ്യനയം രാഷ്ട്രീയ തട്ടിപ്പ്: വി.എസ്

തിരുവനന്തപുരം: യുഡിഎഫ് പ്രഖ്യാപിച്ച മദ്യനയം രാഷ്ട്രീയ തട്ടിപ്പു മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മദ്യവില്പന ഇനി പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രം മതിയെന്നാണ് തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ പ്രവര്‍ത്തിക്കുന്ന 312 ബാറുകള്‍ കൂടി പൂട്ടുമെന്നും പറയുന്നു. എന്നാല്‍, ബിവറേജസ് കോര്‍പറേഷന്റെ ചില്ലറവില്പന ശാലകളില്‍ മദ്യവില്‍പ്പന തുടരുകയും ചെയ്യും.

418 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന വിഷയത്തില്‍ മണിക്കൂറുകള്‍ക്കു മുമ്പുവരെ പോരടിച്ചുനിന്ന കോണ്‍ഗ്രസിലെ വിവിധ ഗ്രൂപ്പുകളും ഘടകകക്ഷികളും പൊടുന്നനെ മദ്യനിരോധന മുദ്രാവാക്യം ഏറ്റെടുക്കുകയായിരുന്നു. ബാറുകള്‍ പൂട്ടണമെന്ന അഭിപ്രായത്തില്‍ ഉറച്ചുനിന്ന കെപിസിസി പ്രസിഡന്റിനെ കടത്തിവെട്ടാന്‍ ഉമ്മന്‍ ചാണ്ടി കണ്ടുപിടിച്ച രാഷ്ട്രീയക്കളി മാത്രമാണിത്.

ഹൈക്കോടതിയില്‍ ഇന്നലെ വരെ സര്‍ക്കാര്‍ എടുത്ത സമീപനത്തിന് കടകവിരുദ്ധമായി ഇന്നു നടത്തിയ പ്രഖ്യാപനം കുട്ടിക്കരണം മറിച്ചില്‍ മാത്രമായേ കാണാന്‍ കഴിയൂ. ഇതു മറ്റൊരു പ്രയോജനവും ചെയ്യാന്‍ പോകുന്നില്ലെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.