സൂര്യനെല്ലിക്കേസ്: രണ്ടു പ്രതികള്‍കൂടി കീഴടങ്ങി
Friday, August 22, 2014 12:33 AM IST
കോട്ടയം: സൂര്യനെല്ലിക്കേസിലെ രണ്ടു പ്രതികള്‍ കോട്ടയത്തെ പ്രത്യേക കോടതിയില്‍ കീഴടങ്ങി. ഏഴാം പ്രതി കൊഴുവനാല്‍ സ്വദേശി അഡ്വ. ജോസ് നെടുംതകിടി, പത്താംപ്രതി ജേക്കബ് സ്റീഫന്‍ എന്നിവരാണ് ഇന്നലെ ഉച്ചകഴിഞ്ഞു കീഴടങ്ങിയത്. വിചാരണക്കോടതിയില്‍ കീഴടങ്ങുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തളളിയിരുന്നു. ആറാഴ്ചയ്ക്കകം വിചാരണക്കോടതിയില്‍ കീഴടങ്ങാനും ജൂലൈ 15നു സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഈ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് ഇതുവരെയും കീഴടങ്ങാതിരുന്ന രണ്ടുപേരും കീഴടങ്ങിയത്.


കേസിലെ 23 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചതിനെത്തുടര്‍ന്നു മറ്റ് 21 പ്രതികളും കോട്ടയത്തെ കോടതിയില്‍ നേരത്തേ കീഴടങ്ങിയിരുന്നു. കേസിലെ ഒന്നാംപ്രതി ധര്‍മരാജന്റെ ജീവപര്യന്തം ശരിവയ്ക്കുകയും 27 പ്രതികള്‍ക്കു തടവുശിക്ഷ നല്‍കുകയും ഏഴു പേരെ വെറുതെവിടുകയും ചെയ്തിരുന്നു. മൂന്നുവര്‍ഷം മുതല്‍ 10 വര്‍ഷംവരെയാണു ശിക്ഷ. കോടതിയില്‍ കീഴടങ്ങിയ രണ്ടു പേരെയും കോടതി റിമാന്‍ഡ് ചെയ്തു. റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ക്ക് ഇനി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനൊപ്പം ജാമ്യാപേക്ഷയും നല്‍കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.