ഒക്ടോബര്‍ രണ്ട് നഗരസഭകളില്‍ പ്ളാസ്റിക് ശേഖരണ ദിനം
Friday, August 22, 2014 12:41 AM IST
തിരുവനന്തപുരം: ഒക്ടോബര്‍ രണ്ട് സംസ്ഥാനത്തെ നഗരസഭകളില്‍ പ്ളാസ്റിക് ശേഖരണദിനമായി ആചരിക്കുമെന്നു നഗരകാര്യ, ന്യൂനപക്ഷ ക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി. മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ടു തിരുവനന്തപുരത്തു വിളിച്ചുചേര്‍ത്ത യോഗത്തില്‍ അറിയിച്ചു. മാലിന്യത്തില്‍നിന്ന് ഗ്യാസ് ഉത്പാദിപ്പിക്കുന്ന പദ്ധതി ക്ളീന്‍ കേരള കമ്പനിയുടെ നേതൃത്വത്തില്‍ ആറുമാസത്തിനകം തിരുവനന്തപുരത്ത് പ്രവര്‍ത്തന സജ്ജമാകുമെന്നും മന്ത്രി അറിയിച്ചു.

നഗരകാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ നടപ്പാക്കുന്ന പ്ളാസ്റിക് ശേഖരണ പരിപാടി ഗാന്ധിജയന്തി ദിനത്തില്‍ രാവിലെ എട്ടിനു തിരുവനന്തപുരത്തു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. മന്ത്രിമാര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, സാമൂഹ്യ, സാംസ്കാരികരംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ഥികള്‍ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ളവര്‍ പദ്ധതിയില്‍ പങ്കാളികളാവും. ആദ്യഘട്ടത്തില്‍ വാര്‍ഡ് അടിസ്ഥാനത്തിലാണു ശേഖരണം. ഇതിനായി ഓരോ വാര്‍ഡിനും 3000 രൂപ വീതം ലഭ്യമാക്കാന്‍ നടപടിയുണ്ടാവും.

ശേഖരിച്ച പ്ളാസ്റിക്കുകള്‍ മുനിസിപ്പിലിറ്റി ഒരുക്കുന്ന സൌകര്യപ്പെട്ട സ്ഥലത്തേക്കു മാറ്റും. ഇവിടെനിന്ന് ക്ളീന്‍ കേരള കമ്പനി കിലോഗ്രാമിനു രണ്ടുരൂപ നിരക്കില്‍ ശേഖരിച്ചു കൊണ്ടുപോകും. സംസ്ഥാനത്തെ 60 മുനിസിപ്പാലിറ്റികളിലും അഞ്ചു മുനിസിപ്പല്‍ കോര്‍പറേഷനുകളിലും ഒരേ ദിവസം പ്ളാസ്റിക് ശേഖരണം നടപ്പാക്കും. സംസ്ഥാനത്തെ ഇ- മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനുള്ള പദ്ധതിയും ക്ളീന്‍ കേരള കമ്പനിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 10 ദിവസത്തിനകം ഇതിന്റെ രൂപരേഖ തയാറാവും. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍നിന്ന് ഇ-മാലിന്യം ശേഖരിക്കും.


നഗരമാലിന്യം സംസ്കരിക്കുന്നതിനായി തിരുവനന്തപുരം കൊടപ്പനക്കുന്നില്‍ സമ്മര്‍ദിത പ്രകൃതി വാതക(സിഎന്‍ജി) പ്ളാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. 25 ടണ്‍ ശേഷിയുള്ള പ്ളാന്റ് ആറുമാസത്തിനകം പ്രവര്‍ത്തനം തുടങ്ങും. കൊച്ചിയിലും കോഴിക്കോട്ടും സിഎന്‍ജി പ്ളാന്റുകള്‍ സ്ഥാപിക്കുന്നതിനുളള നടപടികള്‍ പൂര്‍ത്തിയായി വരുകയാണ്. തലസ്ഥാനത്തു മറ്റു മൂന്നു കേന്ദ്രങ്ങളില്‍ക്കൂടി ഇത്തരം പ്ളാന്റ് സ്ഥാപിക്കാന്‍ യോഗത്തില്‍ ആവശ്യമുയര്‍ന്നു. തിരുവനന്തപുരത്തു പാപ്പനംകോട് പിപിപി അടിസ്ഥാനത്തില്‍ പ്ളാസ്റിക് ഷ്രെഡിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്െടത്താന്‍ മന്ത്രി വി.എസ്. ശിവകുമാറിനെയും വി. ശിവന്‍കുട്ടി എംഎല്‍എയെയും ചുമതലപ്പെടുത്തി. കൊച്ചിയില്‍ ഒക്ടോബര്‍ രണ്ടിനു യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങും. സ്ഥലം ലഭ്യമായാല്‍ സംസ്ഥാനത്തെ മറ്റിടങ്ങളിലും പ്ളാന്റ് സ്ഥാപിക്കും.

സംസ്ഥാനത്തെ പ്രധാന വെല്ലുവിളിയായ മാലിന്യപ്രശ്നം പരിഹരിക്കുന്നതിനായി രാഷ്ട്രീയകക്ഷികള്‍ കൂടുതല്‍ താത്പര്യം കാണിക്കണമെന്നും ഇക്കാര്യത്തില്‍ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ യോഗത്തില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.