മിംസില്‍ അപൂര്‍വ ശസ്ത്രക്രിയ; അബ്ദുള്‍ഖാദറിനു പുതുജീവന്‍
മിംസില്‍ അപൂര്‍വ ശസ്ത്രക്രിയ; അബ്ദുള്‍ഖാദറിനു പുതുജീവന്‍
Friday, August 22, 2014 12:42 AM IST
കോഴിക്കോട്: അപൂര്‍വരോഗങ്ങളിലൊന്നായ വൃക്കധമനി വീക്കം (റീനല്‍ വെയിന്‍ അന്യൂറിസം) ബാധിച്ച തൃശൂര്‍ കടവല്ലൂര്‍ സ്വദേശി അബ്ദുള്‍ ഖാദറിനു (44) കോഴിക്കോട് മലബാര്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (മിംസ്) നടത്തിയ അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍.

ധമനിയിലെ വീക്കം നീക്കം ചെയ്യുകയും വൃക്ക പുറത്തെടുത്തു കേടുപാടുകള്‍ മാറ്റി വീണ്ടും ശരീരത്തില്‍ ചേര്‍ക്കുകയും ചെയ്യുന്ന ശസ്ത്രക്രിയയാണു ത്രീഡി ലാപറോസ്കോപ്പിയുടെ സഹായത്തോടെ വിജയകരമായി പൂര്‍ത്തീകരിച്ചത്. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കുന്നതെന്നു മിംസ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു.

വലതു വൃക്കധമനിയില്‍ 10 സെന്റിമീറ്ററോളം വലിപ്പമുള്ള വീക്കം ബാധിച്ച അവസ്ഥയിലാണ് അബ്ദുള്‍ ഖാദര്‍ മിംസില്‍ ചികിത്സ തേടിയെത്തിയത്. വീക്കം ബാധിച്ച ധമനി ഏതു നിമിഷവും പൊട്ടി ജീവന്‍ നഷ്ടപ്പെടും എന്നതായിരുന്നു ചികിത്സയ്ക്കെത്തുമ്പോള്‍ ഖാദറിന്റെ അവസ്ഥ. വൃക്ക മാറ്റിവയ്ക്കുകയല്ലാതെ (നെഫ്രക്ടമി) മറ്റു ചികിത്സകളൊന്നും ചെയ്യാനില്ല എന്ന നിലപാടിലായിരുന്നു നേരത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍. അസുഖബാധിതമായ മേഖലയുടെ കൃത്യമായ അവസ്ഥ മനസിലാക്കാന്‍ റീനല്‍ ആന്‍ജിയോഗ്രാം നടത്തി.

സങ്കീര്‍ണാവസ്ഥ രോഗിയെയും ബന്ധുക്കളെയും അറിയിച്ച ശേഷം ശസ്ത്രക്രിയയ്ക്കു തീരുമാനമെടുത്തു. ഈ മാസം നാലിനാണ് അബ്ദുള്‍ ഖാദറിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. എട്ടു മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്കു രക്തം നല്‍കേണ്ട ആവശ്യം വന്നില്ല. രണ്ടാഴ്ചയ്ക്കു ശേഷം അബ്ദുള്‍ ഖാദര്‍ പൂര്‍ണ ആരോഗ്യവാനായി ആശുപത്രി വിട്ടു.


മിംസ് ഹോസ്പിറ്റലിലെ ലാപ്പറോസ്കോപ്പിക് യൂറോളജിസ്റ്റ് ആന്‍ഡ ട്രാന്‍സ്പ്ളാന്റ് സര്‍ജനായ ഡോ. കൃഷ്ണമോഹന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. സാധാരണ ലാപ്പറോസ്കോപ്പിയെയും തുറന്ന ശസ്ത്രക്രിയയെയും അപേക്ഷിച്ച് 36 മടങ്ങ് വ്യക്തതയുള്ള ദൃശ്യങ്ങളും രക്തധമനികളുടെ അനാട്ടമിയും 3ഡി ലാപ്പറോസ്കോപ്പിയില്‍ ലഭിക്കും എന്നതിനാലാണ് ഈ മാര്‍ഗം സ്വീകരിക്കാന്‍ തീരുമാനിച്ചത്.

സീനിയര്‍ കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ് ആന്‍ഡ് ട്രാന്‍സ്പ്ളാന്റ് സര്‍ജനും വകുപ്പുമേധാവിയുമായ ഡോ. ഹരിഗോവിന്ദ്, ഡോ.ആഷിഷ് ജിന്‍ഡാല്‍ (കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ് ആന്‍ഡ് ട്രാന്‍സ്പ്ളാന്റ് സര്‍ജന്‍), ഡോ.എസ്.രേഖ (കണ്‍സള്‍ട്ടന്റ് അനസ്തേഷ്യോളജിസ്റ്), ഡോ. കെ. ജി. രാമകൃഷ്ണന്‍ (സീനിയര്‍ കണ്‍സള്‍ട്ടന്റ് റേഡിയോളജിസ്റ്), ഡോ. ഷൈലേജ് (കണ്‍സള്‍ട്ടന്റ് റേഡിയോളജിസ്റ്) തുടങ്ങിയവരും ശസ്ത്രക്രിയയില്‍ പങ്കെടുത്തു.

ശസ്ത്രക്രിയയ്ക്കു വിധേയനായ അബ്ദുള്‍ഖാദര്‍, മിംസ് മെഡിക്കല്‍ സര്‍വീസസ് മേധാവി ഡോ.പി. ഹംസ, മാനേജിംഗ് ഡയറക്ടര്‍ ഡോ.അബ്ദുള്ള ചെറയക്കാട്ട്, ഡോക്ടര്‍മാരായ കൃഷ്ണമോഹന്‍, ഹരിഗോവിന്ദ്, ആഷിഷ് ജിന്‍ഡാല്‍, എസ്. രേഖ, കെ.ജി രാമകൃഷ്ണന്‍, ഷൈലേജ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.