സുധീരന്‍ തുടങ്ങി; ഉമ്മന്‍ ചാണ്ടി പൂര്‍ത്തിയാക്കി
Friday, August 22, 2014 12:05 AM IST
സാബു ജോണ്‍

തിരുവനന്തപുരം: സുധീരന്‍ തുടങ്ങി വച്ചത് ഉമ്മന്‍ ചാണ്ടി പൂര്‍ത്തീകരിച്ചു. യുഡിഎഫിലും കോണ്‍ഗ്രസിലും പൊട്ടിത്തെറിക്കു വഴിവച്ച പ്രശ്നത്തിനു യുഡിഎഫ് യോഗം രണ്ടു മണിക്കൂര്‍ കൊണ്ടു പരിഹാരം കണ്ടു. മദ്യവിരുദ്ധ പ്രവര്‍ത്തകരിലെ ശുഭാപ്തിവിശ്വാസികള്‍പോലും പ്രതീക്ഷിച്ചതിനുമപ്പുറത്തേക്കു പോയ യുഡിഎഫ് തീരുമാനം സംസ്ഥാന രാഷ്ട്രീയത്തെയും ഞെട്ടിച്ചു.

418 ബാറുകളുടെ പ്രശ്നത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും വ്യത്യസ്ത ധ്രുവങ്ങളിലായിരുന്നു. പല വേദികളിലും ചര്‍ച്ചകളിലും സംസാരിച്ചിട്ടും യോജിപ്പിലെത്താന്‍ സാധിക്കാത്തത്ര അകന്നു നിന്ന നിലപാടുകളായിരുന്നു ഇരുവരുടേതും. യുഡിഎഫ് യോഗത്തിലേക്കെത്തിയപ്പോള്‍ ഘടകകക്ഷികളെല്ലാം സുധീരന്റെ നിലപാടിനൊപ്പമെന്ന നിലയുമെത്തി. യുഡിഎഫ് യോഗത്തിന്റെ തലേന്ന് സമ്പൂര്‍ണ മദ്യനിരോധനമെന്ന നിലപാട് ഉമ്മന്‍ ചാണ്ടി പക്ഷം പുറത്തുവിട്ടപ്പോള്‍ അതിനെ രാഷ്ട്രീയതന്ത്രമെന്ന നിലയില്‍ മാത്രമാണ് എല്ലാവരും കണ്ടത്. എന്നാല്‍, അതു വെറും തന്ത്രമല്ലെന്ന് ഉമ്മന്‍ ചാണ്ടി തെളിയിച്ചു.

യോഗത്തില്‍ ആദ്യം പ്രസംഗിച്ച വി.എം. സുധീരന്‍ ദിവസങ്ങളായി പറഞ്ഞുവരുന്ന കാര്യങ്ങള്‍ തന്നെ ആവര്‍ത്തിച്ചു. അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കാന്‍ പാടില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയായിരുന്നു സുധീരന്‍. പിന്നാലെ പ്രസംഗിച്ച രമേശ് ചെന്നിത്തല മദ്യലഭ്യത കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിവരിച്ചു. ഈ രംഗത്തു സര്‍ക്കാര്‍ ഒട്ടേറെ നടപടികള്‍ കൈക്കൊണ്ടിട്ടുണ്െടന്നായിരുന്നു രമേശിന്റെ പ്രസംഗത്തിന്റെ കാതല്‍. കാമ്പസുകളിലെ മയക്കുമരുന്നുപയോഗത്തിനെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ശക്തി കൂട്ടേണ്ടതുണ്െടന്നും രമേശ് പറഞ്ഞു. സമ്പൂര്‍ണ മദ്യനിരോധനമെന്ന ആവശ്യത്തിനു തുടക്കമിട്ടതും രമേശ് ആയിരുന്നു.

കെ.എം. മാണിയും ഈ ആവശ്യത്തെ പിന്താങ്ങി. ബിവറേജ് കോര്‍പറേഷന്‍ ഔട്ട്ലെറ്റുകള്‍ കുറയ്ക്കണമെന്ന ആശയം മുന്നോട്ടുവച്ചത് ജോണി നെല്ലൂരാണ്. നിലവിലെ നിലവാരമില്ലാത്ത ബാറുകളും പൂട്ടണമെന്നും ജോണി ആവശ്യപ്പെട്ടു.

സമ്പൂര്‍ണ മദ്യനിരോധനമെന്ന ആശയത്തെക്കുറിച്ച് അല്പം സംശയമെങ്കിലും പ്രകടിപ്പിച്ചത് സി.പി. ജോണ്‍ മാത്രമാണ്. പെട്ടെന്നു മദ്യനിരോധനം നടപ്പിലാക്കിയാല്‍ വിജയിപ്പിക്കാനാകുമോയെന്നു ജോ ണ്‍ ചോദിച്ചു. അടച്ചുപൂട്ടിയ ബാറുകളിലെ തൊഴിലാളികളുടെ കാര്യത്തില്‍ പരിഹാരം വേണമെന്ന് ആര്‍എസ്പിയും ആവശ്യപ്പെട്ടു. പൂട്ടിയ ബാറുകള്‍ തുറക്കണമെന്ന് ആരും ആവശ്യപ്പെട്ടില്ല. പ്രവര്‍ത്തിക്കുന്നവയില്‍ നിലവാരമില്ലാത്തവ പൂട്ടണമെന്നു ചിലര്‍ പറഞ്ഞു. ബിവറേജസ് ഔട്ട്ലെറ്റുകളുടെ എണ്ണം കുറയ്ക്കണമെന്ന് ഒരാള്‍ പറഞ്ഞു.


ഒടുവിലായി പ്രസംഗിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കുറിപ്പു തയാറാക്കിയാണു വന്നത്. മദ്യനയം തന്നെയാണു മുഖ്യമന്ത്രി അവതരിപ്പിച്ചത്. അടച്ചുപൂട്ടിയതു കൂടാതെ നിലവിലുള്ള ബാറുകളും പൂട്ടണമെന്ന അദ്ദേഹത്തിന്റെ അഭിപ്രായം ഏവരെയും അമ്പരപ്പിച്ചു. ആര്‍ക്കും ഒരു സൂചനയും നല്‍കാതെയായിരുന്നു മുഖ്യമന്ത്രി യോഗത്തില്‍ നിലപാടു പ്രഖ്യാപിച്ചത്. മാസാദ്യം കൂടാതെ സ്വാതന്ത്യ്രദിനം, റിപ്പബ്ളിക് ദിനം തുടങ്ങിയ ദിവസങ്ങളില്‍ കൂടി ഡ്രൈ ഡേ പ്രഖ്യാപിക്കണമെന്നു സുധീരന്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. എല്ലാ ഞായറാഴ്ചകളിലും ഡ്രൈ ഡേ ആക്കണമെന്നു തന്നെ മുഖ്യമന്ത്രി പറഞ്ഞു. വര്‍ഷം പത്തു ശതമാനം വീതം ഔട്ട്ലെറ്റുകള്‍ നിര്‍ത്തലാക്കണമെന്നും ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചു.

ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശങ്ങളോടു നേരിയ എതിര്‍പ്പു പ്രകടിപ്പിക്കാന്‍പോലും ആരും മുതിര്‍ന്നില്ല. ചില കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന നിര്‍ദേശങ്ങളും ചര്‍ച്ചകളും മാത്രം. നിമിഷങ്ങള്‍ക്കകം നയമായി.

രാഷ്ട്രീയമായി പറഞ്ഞാല്‍ സുധീരനെയും കടത്തിവെട്ടുകയായിരുന്നു ഉമ്മന്‍ ചാണ്ടി. ബാര്‍ മുതലാളിമാര്‍ക്കു വേണ്ടി സംസാരിക്കുന്നു എന്ന ആക്ഷേപം ഉയര്‍ത്തിയവര്‍ക്കുള്ള മറുപടി കൂടിയായാണ് അദ്ദേഹം പുതിയ നയം പ്രഖ്യാപിച്ചതെന്നു കരുതാം. എങ്കിലും ഈ പ്രസ്ഥാനത്തിനു തുടക്കം കുറിച്ച വി.എം. സുധീരന് ഈ തീരുമാനത്തിലേക്കു കാര്യങ്ങള്‍ എത്തിച്ചതില്‍ തീര്‍ച്ചയായും അഭിമാനിക്കാം.ചാരായനിരോധനത്തിനു ശേഷം മദ്യമേഖലയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൈക്കൊള്ളുന്ന ഏറ്റവും വിപ്ളവകരമായ തീരുമാനമാണിത്. ഈ തീരുമാനം നടപ്പിലാക്കുമ്പോള്‍ സര്‍ക്കാരിന് ഏറെ വെല്ലുവിളികളെയും നേരിടേണ്ടി വരും. ബാറുകള്‍ ഇല്ലാതാകുന്നതോടെ വ്യാജമദ്യം തടയുക എന്ന വെല്ലുവിളി ആദ്യത്തേത്. ഇപ്പോള്‍തന്നെ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സര്‍ക്കാരിനുണ്ടാകുന്ന വരുമാന നഷ്ടം അടുത്തത്. മദ്യത്തില്‍നിന്നുള്ള വരുമാനം വേണ്െടന്നൊക്കെ പൊതുവേദിയില്‍ പ്രസംഗിക്കുമ്പോഴും അതില്‍ സംസ്ഥാനം വല്ലാതെ ആശ്രയിച്ചിരുന്നു എന്നതു സത്യമാണ്. അതുപോലെ തന്നെ ബാറുകളിലും ബിവറേജസ് ഷോപ്പുകളില്‍ ജോലി ചെയ്യുന്നവരുടെ പുനരധിവാസവും വെല്ലുവിളി തന്നെ.

പ്രഖ്യാപനത്തിനു പിന്നിലെ ലക്ഷ്യം എന്തായാലും ഇനി ആര്‍ക്കും ദുരുദ്ദേശ്യംപോലും ആരോപിക്കാന്‍ സാധിക്കില്ല. ഇഷ്ടപ്പെടാത്തവര്‍ക്കു വിമര്‍ശിക്കാനും സാധിക്കില്ല. പ്രതിപക്ഷകക്ഷികള്‍ പ്രതികരണം പോലും അറിയിച്ചിട്ടില്ല. തുപ്പാനും വിഴുങ്ങാനും സാധിക്കാത്ത നിലയിലായിപ്പോയി മുന്നണി തീരുമാനം അവരെ സംബന്ധിച്ചിടത്തോളം.എക്സൈസിന്റെ കണക്കു പ്രകാരം സംസ്ഥാനത്ത് നിലവില്‍ 20 ഫൈവ് സ്റാര്‍ ഹോട്ടലുകള്‍ മാത്രമാണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.