പ്ളസ്ടു: സര്‍ക്കാര്‍ അപ്പീല്‍ നല്‍കി
Friday, August 22, 2014 12:56 AM IST
കൊച്ചി: ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടറുടെ ശിപാര്‍ശകളെ മറികടന്നു സംസ്ഥാനത്തു പുതിയ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളും ബാച്ചുകളും അനുവദിച്ച സര്‍ക്കാരിന്റെ നടപടി തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചു. സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് അന്തിമവിധിയുടെ സ്വഭാവമുള്ളതാണെന്നും നിരവധി വിദ്യാര്‍ഥികളെ ബാധിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്നും സര്‍ക്കാരിനു വേണ്ടി ഹയര്‍ സെക്കന്‍ഡറി അഡീഷണല്‍ ഡയറക്ടര്‍ പി.ടി. തോമസ് സമര്‍പ്പിച്ച അപ്പീലില്‍ പറയുന്നു.

മന്ത്രിസഭാ ഉപസമിതിക്കു നോട്ടീസ് നല്‍കിയ സിംഗിള്‍ ബെഞ്ചിന്റെ നടപടി അനാവശ്യമാണ്. മന്ത്രിസഭാ ഉപസമിതിക്കു നേരത്തെ നോട്ടീസ് നല്‍കുകയോ വാദത്തിനുള്ള അവസരം നല്‍കുകയോ ചെയ്തിട്ടില്ല. അവരുടെ സ്വാഭാവികനീതിയുടെ ലംഘനമായാണ് ഉത്തരവ്. സ്കൂള്‍ ലഭിക്കണമെന്ന ആവശ്യം മൌലിക അവകാശമല്ല എന്ന സര്‍ക്കാരിന്റെ വാദം കോടതി പരിഗണിച്ചില്ല. വിദ്യാഭ്യാസ ആവശ്യകത നോക്കിയാണു സര്‍ക്കാര്‍ പുതിയ സ്കൂളുകള്‍ അനുവദിച്ചത്. മന്ത്രിസഭാ സമിതി നല്‍കിയ പട്ടിക ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ പരിശോധിച്ചശേഷമാണു പ്രസിദ്ധീകരിച്ചത്. ഇതും കോടതി പരിഗണിച്ചില്ല. മന്ത്രിസഭാ ഉപസമിതി നല്‍കിയ പട്ടികയില്‍ ഉള്‍പ്പെടെയുള്ള സ്കൂളുകളില്‍ പ്രവേശന നടപടികള്‍ തുടങ്ങിയ ശേഷമാണു ഹൈക്കോടതി ഉത്തരവ് ഉണ്ടായത്. ഇതു വിദ്യാര്‍ഥികളെ ദോഷകരമായി ബാധിച്ചു. സംസ്ഥാന സര്‍ക്കാരിന് എതിര്‍സത്യവാങ്മൂലം നല്‍കുന്നതിന് അവസരം നല്‍കിയില്ല.


ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ റിപ്പോര്‍ട്ട് അതേപടി സ്വീകരിക്കേണ്ട ബാധ്യത മന്ത്രിസഭാ സമിതിക്കില്ല. വ്യക്തവും ശക്തവുമായ കാരണങ്ങളുണ്െടങ്കില്‍ അതിനു വിരുദ്ധമായി നിലപാട് എടുക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ട്. കഴിഞ്ഞ മേയ് 19നു ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലുള്ള ശിപാര്‍ശകള്‍ സര്‍ക്കാര്‍ അതേപടി അംഗീകരിച്ചിട്ടില്ലെന്നും പല സ്കൂളുകള്‍ക്കും മുന്‍ഗണനാക്രമം നിശ്ചയിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നുവെന്നും സര്‍ക്കാര്‍ പറയുന്നു.

കഴിഞ്ഞ ജൂലൈ 31ന് ഇറക്കിയ ഹയര്‍ സെക്കന്‍ഡറി ഉത്തരവുമായി ബന്ധപ്പെട്ട് 88 ഹര്‍ജികള്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തു. ഇതില്‍ 59 ഹര്‍ജികളില്‍ മാത്രമേ വിവാദ ഉത്തരവ് ചോദ്യം ചെയ്തിരുന്നുള്ളൂ. പിന്നീടു മാത്രമാണ് ഇതേ ആവശ്യമുന്നയിച്ചു കൂടുതല്‍ കേസുകള്‍ ഫയല്‍ ചെയ്തത്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനു വാദം ഉയര്‍ത്താന്‍ കൂടുതല്‍ സമയം ലഭിച്ചില്ല. സിംഗിള്‍ ബെഞ്ച് ഉത്തരവ് നടപ്പാക്കിയാല്‍ നിരവധി കുട്ടികളുടെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്നു ഹര്‍ജിയില്‍ പറയുന്നു.

ജസ്റീസുമാരായ ആന്റണി ഡൊമിനിക്, ശേഷാദ്രി നായിഡു എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്. അപ്പീലുമായി ബന്ധപ്പെട്ട എക്സിബിറ്റുകളില്‍ ഇംഗ്ളീഷ് പരിഭാഷയില്ലാത്തതിനാല്‍ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചിരുന്നില്ല. പിന്നീട് എക്സിബിറ്റുകളില്‍ ഇംഗ്ളീഷ് പരിഭാഷ തയാറാക്കി നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.