കാര്‍ഷിക മേഖലയിലെ പ്രതിസന്ധി ആശങ്കാജനകം: സീറോ മലബാര്‍ സിനഡ്
Friday, August 22, 2014 12:57 AM IST
കൊച്ചി: കേരളത്തിലെ കാര്‍ഷിക മേഖലയിലുണ്ടാവുന്ന പ്രതിസന്ധികള്‍ ആശങ്കാജനകമാണെന്നു സീറോ മലബാര്‍ മെത്രാന്‍ സിനഡ്. ഏഴുപതു ശതമാനത്തോളമുള്ള കേരളത്തിലെ അധ്വാനിക്കുന്ന കര്‍ഷകരുടെ ക്ഷേമത്തിനു നടപടിയെടുക്കണമെന്നു കാര്‍ഷിക പ്രതിസന്ധികള്‍ ചര്‍ച്ചാവിഷയമാക്കിയ സിനഡിന്റെ ഇന്നലത്തെ സെഷന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

കിലോയ്ക്ക് 250 രൂപ വിലയുണ്ടായിരുന്ന റബറിന് ഇപ്പോള്‍ 120 രൂപ മാത്രമാണു ലഭിക്കുന്നത്. അമിത ഇറക്കുമതി നിയന്ത്രിച്ചും സംസ്ഥാന സര്‍ക്കാര്‍ റബര്‍ സംഭരിച്ചും കര്‍ഷകര്‍ക്കു കിലോയ്ക്ക് 150 രൂപയെങ്കിലും ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കണം. റബര്‍, ഏലം, ജാതി തുടങ്ങിയ നാണ്യവിളകളുടെ വിലയിടിവ് കാര്‍ഷിക മേഖലയെ ബാധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇന്‍ഫാമിന്റെ സംസ്ഥാന നേതാക്കള്‍ സിനഡ് നടക്കുന്ന കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ മെത്രാന്മാരുമായി ചര്‍ച്ചകള്‍ നടത്തി. കര്‍ഷകരുടെ പ്രശ്നങ്ങള്‍ നേരിടുന്നതില്‍ ഭാവാത്മകമായി ഇടപെടുന്ന ഇന്‍ഫാം പ്രസ്ഥാനത്തിനു സിനഡ് പിന്തുണ അറിയിച്ചു. കര്‍ഷക പ്രശ്നങ്ങളില്‍ അവരുടെ കൂടെയുണ്ടാകുമെന്നു മെത്രാന്മാര്‍ വ്യക്തമാക്കി.

വിവാഹം അസാധുവാക്കാനുള്ള അഭ്യര്‍ഥനയുമായി സഭയെ സമീപിക്കുന്ന ദമ്പതികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ സിനഡ് ആശങ്ക രേഖപ്പെടുത്തി. തിടുക്കത്തില്‍ നടത്തപ്പെടുന്ന വിവാഹങ്ങള്‍ പരാജയത്തിലേക്കു നീങ്ങുന്നുവെന്നും യോഗം വിലയിരുത്തി. ഹയര്‍ സെക്കന്‍ഡറി തലം മുതല്‍ വിവാഹജീവിതത്തിലേക്കുള്ള പരിശീലനം ആരംഭിക്കേണ്ടതാണ്. വിവാഹപരിശീലന പരിപാടികളില്‍ വെല്ലുവിളികളും അവയെ അതിജീവിക്കാനുള്ള മാര്‍ഗങ്ങളും ഉള്‍പ്പെടുത്തണം.


ഇടവകയില്‍ മുഴുവന്‍ സമയം സേവനം ചെയ്യുന്ന സന്യാസ സഹോദരന്മാര്‍, സന്യാസിനികള്‍ എന്നിവര്‍ക്ക് അലവന്‍സ് നല്‍കുന്നതു സംബന്ധിച്ചു സന്യസ്തരുടെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്യും.

മൃതദേഹം മണ്ണിലടക്കുന്നതിനു പകരം ദഹിപ്പിക്കുന്നതു സംബന്ധിച്ച ആവശ്യം ഓരോ രൂപതയ്ക്കും അനുവദിക്കാവുന്നതാണെന്നു സിനഡ് തീരുമാനിച്ചു. ഇക്കാര്യം സഭയുടെ നിയമം അനുശാസിക്കുന്ന വിധമായിരിക്കണമെന്നും തീരുമാനമായി. മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്ന സഭയുടെ പാരമ്പര്യം കാത്തു സംരക്ഷിക്കണമെന്നും സിനഡ് അഭ്യര്‍ഥിച്ചു.

ഭാരതത്തിലെ സീറോ മലബാര്‍ പ്രവാസികള്‍ സഭ അനുശാസിക്കുന്ന പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ പരിശ്രമിക്കണമെന്നു സിനഡ് ആവശ്യപ്പെട്ടു. വീടുകളില്‍നിന്നു മാറിനില്‍ക്കുന്ന സാഹചര്യങ്ങളില്‍ അവര്‍ക്കു സാധ്യമായ സാമൂഹിക സംരക്ഷണവും സഹായങ്ങളും നല്‍കണമെന്നു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍ദേശിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ യൌസേപ്പിതാവിന്റെ പേര് കുര്‍ബാനയില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ സീറോ മലബാര്‍ കുര്‍ബാനക്രമത്തില്‍ അതു ചേര്‍ക്കാനും സിനഡ് തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.