മുഖപ്രസംഗം: ശിരച്ഛേദം ചെയ്യപ്പെടുന്ന മാധ്യമസ്വാതന്ത്യ്രം
Saturday, August 23, 2014 11:47 PM IST
സംഘര്‍ഷവും ചൂഷണവും അരങ്ങുവാഴുന്ന സമൂഹങ്ങളില്‍ മനുഷ്യാവകാശങ്ങളും സ്വാതന്ത്യ്രവും കുറെയെങ്കിലും സംരക്ഷിക്കപ്പെടുന്നതു മാധ്യമങ്ങള്‍ കാരണമാണ്. സാങ്കേതികവിദ്യ വാര്‍ത്താവിനിമയത്തിന്റെ വിശാലമേഖലകള്‍ തുറന്നിട്ടുണ്െടങ്കിലും ആ വഴിയൊന്നും കടന്നുവരാത്ത പല സത്യങ്ങളുമുണ്ട്. സത്യങ്ങള്‍ കണ്െടത്തേണ്ടിടത്തേക്കു കടന്നുചെല്ലാന്‍പോലും പല മാധ്യമപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞെന്നുവരില്ല. അതു വളരെ അപകടകരമായ കാര്യമാണ്. ചിലപ്പോള്‍ ജീവന്‍തന്നെ നഷ്ടപ്പെടുത്താവുന്ന കാര്യം. എങ്കിലും മാധ്യമരംഗത്ത് ഇത്തരം കടുത്ത വെല്ലുവിളികള്‍ ഏറ്റെടുത്ത ചിലരുണ്ട്. ലോകത്തിന്റെ കണ്‍മുന്നിലേക്കു ചില സത്യങ്ങള്‍ അടര്‍ത്തിയെടുത്തുകൊണ്ടുവരുന്നതിനായി സ്വന്തം ജീവന്‍ ത്യജിച്ചവര്‍. സത്യത്തെയും സ്വാതന്ത്യ്രത്തെയും മനുഷ്യാവകാശങ്ങളെയും മാനിക്കുന്നവര്‍ക്ക് ആ മാധ്യമപ്രവര്‍ത്തകരെ മറക്കാനാവില്ല.

ലോകത്തിലെ വിവിധ സംഘര്‍ഷമേഖലകളില്‍, യുദ്ധസമാനമായ സാഹചര്യങ്ങള്‍ക്കു നടുവില്‍ സാഹസിക മാധ്യമപ്രവര്‍ത്തനം നടത്തുന്ന പലരും ഇപ്പോഴുമുണ്ട്. പത്രങ്ങളിലെയും ചാനലുകളിലെയും വെബ്സൈറ്റുകളിലെയും വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും പിന്നില്‍ ജീവന്‍ പണയംവച്ചു പ്രവര്‍ത്തിക്കുന്ന പല മാധ്യമപ്രവര്‍ത്തകരുടെയും സാഹസികതയുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ട പല സംഭവങ്ങള്‍ക്കും ഈ പതിറ്റാണ്ടുതന്നെ സാക്ഷിയായിട്ടുണ്െടങ്കിലും ഏറ്റവും പുതിയതു ലോകത്തെ ഞെട്ടിക്കുകതന്നെ ചെയ്തു. രണ്ടുവര്‍ഷം മുമ്പു സിറിയയില്‍നിന്നു തട്ടിക്കൊണ്ടുപോകപ്പെട്ട യുഎസ് മാധ്യമപ്രവര്‍ത്തകന്‍ ജയിംസ് ഫോളിയെ ഐഎസ്(ഇസ്ലാമിക് സ്റേറ്റ്) ഭീകരര്‍ ശിരച്ഛേദം ചെയ്ത സംഭവമാണിത്. ഫോളിയെ ശിരച്ഛേദം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യം കഴിഞ്ഞ ദിവസം യുട്യൂബില്‍ പ്രസിദ്ധീകരിച്ചു. അമേരിക്കയ്ക്കൊരു മുന്നറിയിപ്പ് എന്ന തലക്കെട്ടോടെയാണ് ഈ തലവെട്ടു ഹ്രസ്വചിത്രം പോസ്റ് ചെയ്തിരിക്കുന്നത്. ഭീകരരുടെ മനസിലെ ക്രൂരത വെളിപ്പെടുത്തുന്ന ഈ സംഭവം മാധ്യമപ്രവര്‍ത്തനത്തോടുള്ള വെല്ലുവിളികൂടിയാണ്.

പശ്ചിമേഷ്യയിലും വടക്കന്‍ ആഫ്രിക്കയിലും ചില ലാറ്റിനമേരിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളിലും മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരേ ഇത്തരം അതിക്രൂരമായ അതിക്രമങ്ങള്‍ അസാധാരണമല്ല. ഭരണകൂട ഭീകരതയ്ക്കും അനീതിക്കുമെതിരേ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഉയര്‍ന്നുവരുന്നതു ജനങ്ങള്‍ക്കു ശരിയായ അറിവു ലഭിക്കുമ്പോഴാണ്. സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ക്ക് അനീതികളെയും മനുഷ്യാവകാശ ലംഘനങ്ങളെയും ഫലപ്രദമായി മൂടിവയ്ക്കാനും സത്യവിരുദ്ധമായ വസ്തുതകള്‍ പുറത്തുവിടാനുമുള്ള സംവിധാനങ്ങളുണ്ട്. അപ്രകാരം ജനങ്ങളെ കുറേക്കാലം വസ്തുതകളില്‍നിന്ന് അകറ്റിനിര്‍ത്താന്‍ സാധിക്കുമെങ്കിലും നിരന്തരമായ പൌരാവകാശ ധ്വംസനങ്ങളും കൊടിയ അഴിമതികളും എക്കാലവും മൂടിവയ്ക്കാനാവില്ല എന്നാണു ചരിത്രം നമുക്കു ബോധ്യപ്പെടുത്തിത്തരുന്നത്. അവ പുറത്തുകൊണ്ടുവരുന്നതില്‍ ആധുനികകാലത്തു മുഖ്യപങ്കു വഹിച്ചിട്ടുള്ളതു മാധ്യമങ്ങള്‍ തന്നെയാണ്.


ആഭ്യന്തരയുദ്ധങ്ങള്‍ ആളിക്കത്തുന്ന സിറിയയിലും ഇറാക്കിലും നിരവധി മാധ്യമപ്രവര്‍ത്തകരാണു മിസൈലുകളുടെയും പീരങ്കികളുടെയും നടുവില്‍ ജീവന്‍ കൈയിലെടുത്തു ജോലി ചെയ്യുന്നത്, അവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ കുറെയെങ്കിലും ലോകസമക്ഷം കൊണ്ടുവരുന്നത്. ഗാസയില്‍ ഇസ്രേലി മിസൈലാക്രമണത്തില്‍ കൊല്ലപ്പെടുകയും പരിക്കേല്ക്കുകയും ചെയ്ത പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ ദയനീയ ചിത്രങ്ങള്‍ ലോകത്തിനു മുന്നില്‍ എത്തിച്ചതു പ്രധാനമായും അമേരിക്കയില്‍നിന്നും യൂറോപ്പില്‍നിന്നുമുള്ള മാധ്യമപ്രവര്‍ത്തകരാണ്. റോയിട്ടേഴ്സും എഎഫ്പിയുമൊക്കെ ഗാസയുടെ കണ്ണീര്‍ വാര്‍ത്തകളായും ചിത്രങ്ങളായും ഒപ്പിയെടുത്തു നല്‍കിയതു മാധ്യമപ്രവര്‍ത്തനത്തിന്റെ മഹനീയമായ ഉത്തരവാദിത്വം മനസിലാക്കിക്കൊണ്ടുതന്നെയാണ്. സിറിയയിലും വടക്കന്‍ ഇറാക്കിലും യസീദികളും ക്രൈസ്തവരും ഉള്‍പ്പെടെയുള്ളവര്‍ ക്രൂരമായി കൂട്ടക്കൊല ചെയ്യപ്പെടുമ്പോള്‍ ഇതേ മാധ്യമധര്‍മമാണ് അവര്‍ നിറവേറ്റുന്നത്.

തങ്ങള്‍ക്ക് അഹിതമായതു ബാഹ്യലോകത്തെ അറിയിക്കുന്നവരെ അനഭിമതരായി കാണുന്ന തീവ്രവാദ രാഷ്ട്രീയമാണു ജയിംസ് ഫോളിയുടെ തലയറുത്തെടുത്തത്. ഫോളിയുടെ വധത്തോടെ അമേരിക്കയെ പാഠം പഠിപ്പിക്കാന്‍ കഴിയുമെന്നാവും ഐഎസ് ഭീകരര്‍ കരുതുന്നത്. കഴിഞ്ഞ വര്‍ഷം സിറിയയില്‍ കാണാതായ സ്റീവന്‍ സോട്ലോഫ് എന്ന അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായിരിക്കും തങ്ങളുടെ അടുത്ത ഇര എന്ന മുന്നറിയിപ്പും ഐഎസ് നല്‍കിയിട്ടുണ്ട്. വടക്കന്‍ ഇറാക്കില്‍ യസീദികളെ തീവ്രവാദികള്‍ വംശഹത്യക്ക് ഇരയാക്കിക്കൊണ്ടിരക്കേ, ആ കൂട്ടവംശഹത്യക്കെതിരേ അമേരിക്കന്‍ ഇടപെടല്‍ ഉണ്ടായതാണു ഫോളിയുടെ തലയറുക്കാന്‍ ഉണ്ടായ കാരണമെങ്കിലും ഇതിന്റെ പേരില്‍ അമേരിക്ക ഇറാക്കിലെ ഇടപെടല്‍ നിര്‍ത്തിവച്ചില്ല. മാത്രമല്ല, കൂടുതല്‍ ശക്തമായ സൈനികനീക്കം നടത്തുകയും ചെയ്തു.

അഫ്ഗാനിസ്ഥാനില്‍ തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തെത്തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ വിശകലനം ചെയ്തതിന്റെ പേരില്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ ലേഖകന്‍ മാത്യു റോസന്‍ബര്‍ഗിനോടു നാടുവിടാന്‍ അഫ്ഗാന്‍ ഭരണകൂടം നിര്‍ദേശിച്ചിരിക്കുകയാണ്. താലിബാന്‍ ഭരണം അവസാനിച്ചതോടെ അഫ്ഗാനിസ്ഥാനു തിരിച്ചുകിട്ടിയ സ്വാതന്ത്യ്രവും മാധ്യമാവകാശങ്ങളും വീണ്ടും പണയത്തിലാവുന്നു എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. കഠിനമായ അടിച്ചമര്‍ത്തലുകളെ അതിജീവിച്ചു ജനാധിപത്യ വിജയത്തിലൂടെ സ്ഥാപിക്കപ്പെട്ട സര്‍ക്കാരുകള്‍പോലും തങ്ങളുടെ അധികാരം ചോരാതിരിക്കാന്‍ ആദ്യം കൈവയ്ക്കുന്നതു മാധ്യമങ്ങളെ ആയിരിക്കുന്നു. ഉത്തരവാദിത്വമുള്ള മാധ്യമപ്രവര്‍ത്തനത്തോടു ഭരണകൂടങ്ങളും തീവ്രവാദികളും നിക്ഷിപ്ത താത്പര്യക്കാരും കാട്ടുന്ന അസഹിഷ്ണുതയും ശത്രുതയും അങ്ങേയറ്റം അപലപിക്കപ്പെടേണ്ടതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.