ആസൂത്രണ കമ്മീഷന്‍: പ്രധാനമന്ത്രിക്കു മുഖ്യമന്ത്രിയുടെ കത്ത്
Saturday, August 23, 2014 12:18 AM IST
തിരുവനന്തപുരം: ആസൂത്രണ കമ്മീഷന്റെ ഘടനയിലും കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിലും അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്തുന്ന തീരുമാനങ്ങള്‍ എടുക്കുന്നതിനുമുമ്പ് സംസ്ഥാന ഗവണ്‍മെന്റുകളെ വിശ്വാസത്തിലെടുത്ത് അവരുമായി ചര്‍ച്ച ചെയ്യാന്‍ തയാറാകണമെന്നു പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. 64 വര്‍ഷമായി ഇന്ത്യയുടെ ആസൂത്രിത സമ്പദ്വ്യവസ്ഥയ്ക്കു നേതൃത്വം നല്‍കിയ പ്ളാനിംഗ് കമ്മീഷന്‍ വേണ്െടന്നു വയ്ക്കാന്‍ പ്രധാനമന്ത്രി സ്വാതന്ത്യ്രദിനത്തില്‍ നടത്തിയ പ്രഖ്യാപനം സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കുവലിയ ആശങ്കകള്‍ ഉണ്ടാക്കിയിട്ടുണ്െടന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടിയതായി മന്ത്രി കെ.സി. ജോസഫ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഭരണഘടനാ വ്യവസ്ഥപ്രകാരം സര്‍ക്കാരുകളുടെ പദ്ധതിവിഹിതവും കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സംസ്ഥാന വിഹിതവും നിശ്ചയിച്ചുവന്നിരുന്നതു നിഷ്പക്ഷരായ സാമ്പത്തിക വിദഗ്ധര്‍ അടങ്ങിയ ആസൂത്രണ കമ്മീഷനായിരുന്നു. ഇനി ഈ ചുമതല നിര്‍വഹിക്കുന്നത് ആരായിരിക്കും? ധനവകുപ്പിനെ ഈ ചുമതല ഏല്‍പ്പിച്ചാല്‍ രാഷ്ട്രീയപരിഗണന ഇല്ലാതെ നീതിപൂര്‍വം പദ്ധതിവിഹിതം എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കുമെന്നു കരുതാന്‍ കഴിയുമോയെന്നും ദേശീയവികസന കൌണ്‍സില്‍ അംഗീകരിച്ച 12-ാം പഞ്ചവത്സര പദ്ധതിയുടെ ഭാവി എന്താണെന്നും ആസൂത്രണ കമ്മീഷന്റെ പരിഗണനയിലുള്ള 2014-15 വാര്‍ഷിക പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമോ എന്നുമുള്ള കാര്യങ്ങള്‍ക്ക് ഇനിയും വ്യക്തത ഉണ്ടാകാത്തതു സംസ്ഥാനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുമെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.


കേന്ദ്രാവിഷ്കൃത പദ്ധതികളുടെ മാര്‍ഗനിര്‍ദേശങ്ങളില്‍ സംസ്ഥാനങ്ങളുടെ സാഹചര്യങ്ങള്‍ക്കനുസരിച്ചു മാറ്റം വരുത്താനുള്ള നടപടികളുടെ ഒന്നാംഘട്ടമായി ആസൂത്രണ കമ്മീഷന്‍ നിയോഗിച്ച ബി.കെ. ചതുര്‍വേദി കമ്മിറ്റിയുടെ ശിപാര്‍ശകളുടെ ഭാവി എന്താവും, ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യങ്ങളും പ്രശ്നങ്ങളും വിഭവസമാഹരണവും മുന്‍നിര്‍ത്തി പദ്ധതികള്‍ തയാറാക്കാനും കേന്ദ്രാവിഷ്കൃത പദ്ധതികള്‍ അതിനനുസൃതമായി നടപ്പിലാക്കാനും ഉള്ള സ്വാതന്ത്യ്രം സംസ്ഥാനങ്ങള്‍ക്ക് ഉണ്ടായിരിക്കുമോ, പ്ളാന്‍തന്നെ ഇല്ലാതായാല്‍ പദ്ധതി/പദ്ധതിയിതര പ്രവര്‍ത്തനങ്ങള്‍ തമ്മില്‍ എങ്ങനെ വേര്‍തിരിക്കും തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. സാധാരണഗതിയില്‍ ഈ സമയത്താണ് അടുത്തവര്‍ഷത്തെ വാര്‍ഷിക പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടത്. 2015-16 വാര്‍ഷികപദ്ധതി ഉണ്ടാകുമോ എന്നുപോലും ഇതുവരെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ചു പോകണമെന്നു പലതവണ ആഗ്രഹം പ്രകടിപ്പിച്ച പ്രധാനമന്ത്രി സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്ത് ചര്‍ച്ചകള്‍ നടത്തി മാത്രമേ സംസ്ഥാനങ്ങളെ ബാധിക്കുന്നóനയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളാവൂ എന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടതായും മന്ത്രി കെ.സി. ജോസഫ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.