കൊച്ചിയില്‍ 57 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു
Saturday, August 23, 2014 12:19 AM IST
നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തില്‍ കസ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം 57 ലക്ഷം രൂപ വില മതിക്കുന്ന 1982.600 ഗ്രാം സ്വര്‍ണം ഇന്നലെ പിടിച്ചു. ദുബായില്‍നിന്നു പുലര്‍ച്ചെ നാലിനു കൊച്ചിയിലെത്തിയ എമിറേറ്റ്സിന്റെ ഇകെ 532 ഫ്ളൈറ്റിലെ യാത്രക്കാരന്‍ കാസര്‍ഗോഡ് സ്വദേശി അബ്ദുള്ളസ്രാര്‍(32) ആണു സ്വര്‍ണം കൊണ്ടുവന്നത്. സ്വര്‍ണ ബിസ്കറ്റ് 17 കഷണങ്ങളാക്കിയിരുന്നു. ഇതില്‍ 11 കഷണം മലദ്വാരത്തിലാണു വച്ചിരുന്നത്. ആറെണ്ണം ജീന്‍സിന്റെ ഇരുവശത്തെയും പോക്കറ്റിലും ഒളിപ്പിച്ചിരുന്നു.

കസ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ്.എ.എസ്. നവാസ്, അസിസ്റന്റ് കമ്മീഷണര്‍ സഞ്ജയ് ബാല്‍ഗാര്‍ടെയില്‍, സൂപ്രണ്ടുമാരായ ഇ.വി. ശിവരാമന്‍, വി.സി. അജയകുമാര്‍, വി.കെ. സേതുലാല്‍, സരീന്‍ ജോസഫ്, വൈ. ഷാജഹാന്‍, കെ.ജി. ഗിരീഷ്, പി.വി. രവീന്ദ്രനാഥന്‍, എസ്. സുനില്‍ബാബു, ഇന്‍സ്പെക്ടര്‍മാരായ ആര്‍. വിനോദ്കുമാര്‍, കെ. സതീഷ്, കെ.എസ്. കാന്തി എന്നിവരടങ്ങുന്ന സംഘമാണു സ്വര്‍ണം പിടിച്ചത്.

കൊച്ചി വിമാനത്താവളത്തില്‍ 2013 സെപ്റ്റംബര്‍ മുതല്‍ ഇന്നലെ വരെയുള്ള കണക്കനുസരിച്ചു വിദേശത്തുനിന്ന് അനധികൃതമായി കൊണ്ടുവന്ന 94.2 കിലോഗ്രാം കള്ളക്കടത്തു സ്വര്‍ണം പിടിച്ചതായി കസ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ്.എ.എസ്. നവാസ് അറിയിച്ചു. വിപണിയില്‍ ഇതിന് 25.243 കോടി രൂപ വിലയുണ്ട്. ഇത്രയും സ്വര്‍ണം സര്‍ക്കാരിലേക്കു മുതല്‍കൂട്ടി. ഈ സ്വര്‍ണത്തിനു ലഭിക്കേണ്ടിയിരുന്ന തീരുവ 7.57 കോടി രൂപയാണ്.


ഈ കാലയളവില്‍ കൊച്ചി വിമാനത്താവളത്തില്‍ 160 കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 55 കേസും കഴിഞ്ഞ നവംബര്‍ മാസത്തിലാണ്. കള്ളക്കടത്തുമായി ബന്ധപ്പെട്ട് 141 പേരെ പ്രതികളാക്കി അറസ്റ്ചെയ്തിട്ടുണ്ട്.

കള്ളക്കടത്തു സ്വര്‍ണത്തിന്റെ 75 ശതമാനവും ഗള്‍ഫില്‍നിന്നാണു കൊണ്ടുവന്നിട്ടുള്ളത്. കഴിഞ്ഞ സെപ്റ്റംബറില്‍ മാത്രം 20.09 കിലോ സ്വര്‍ണം പിടികൂടി. സ്വര്‍ണ കള്ളക്കടത്തിന് ഏറ്റവും കൂടുതല്‍ മാര്‍ഗങ്ങള്‍ പരീക്ഷിച്ചതും ഈ കാലയളവിലാണ്. ലായനി രൂപത്തില്‍ വരെ കൊണ്ടുവന്ന സ്വര്‍ണം പിടികൂടിയിരുന്നു. നാലുപേര്‍ വിഴുങ്ങിക്കൊണ്ടുവന്ന 42 സ്വര്‍ണ ബട്ടണുകള്‍ പിടിച്ചതു കൌതുകകരമായിരുന്നു. വെള്ളിപൂശി കൊണ്ടുവന്ന സ്വര്‍ണക്കമ്പികളും സ്വര്‍ണ സ്പൂണുകളും പിടിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. ചെരിപ്പിനകത്തും മലദ്വാരത്തിനകത്തും ബാഗിന്റെ ബീഡിംഗിനകത്തും ഒളിപ്പിച്ചു കൊണ്ടുവന്ന സ്വര്‍ണവും പിടിക്കപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.