അധ്യാപക-വിദ്യാര്‍ഥി അനുപാതം സ്പെഷലിസ്റ് അധ്യാപകരുടെ ജോലി ആശങ്കയില്‍
Saturday, August 23, 2014 12:20 AM IST
കോട്ടയം: സര്‍ക്കാരിന്റെ പുതിയ അധ്യാപക-വിദ്യാര്‍ഥി അനുപാത പരിഷ്കാരം വഴി നൂറുകണക്കിനു സ്പെഷലിസ്റ് അധ്യാപകരുടെ ഭാവി അനിശ്ചിതത്വത്തിലായെന്നു പരാതി. റിട്ടയര്‍മെന്റിന് ഒന്നോ രണ്േടാ വര്‍ഷം മാത്രം ബാക്കിയുള്ളവര്‍ ഉള്‍പ്പെടെ സ്പോര്‍ട്സ്, ക്രാഫ്റ്റ്, മ്യൂസിക് അധ്യാപകരില്‍ പലരും പുറത്താകുകയോ മറ്റു സ്കൂളുകളിലേക്കു മാറുകയോ ചെയ്യേണ്ടിവരും. എല്‍പി സ്കൂളുകളില്‍ 1:30, യുപി, എച്ച് 1:35 എന്ന പുതിയ അനുപാതം സബ്ജക്ട് അധ്യാപകര്‍ക്കു ബാധകമാകുമ്പോള്‍ സ്പെഷലിസ്റ് അധ്യാപകര്‍ക്ക് 1:45 എന്നതാണു മാനദണ്ഡം. സ്കൂളുകളില്‍ കായിക പരിശീലനത്തിനൊപ്പം സ്കൂളുകളിലെ അച്ചടക്കം, കലാസാംസ്കാരിക പരിപാടികള്‍ തുടങ്ങിയവയുടെ ചുമതല പല സ്കൂളുകളിലും കായിക അധ്യാപകരും ഇതര സ്പെഷലിസ്റ് അധ്യാപകര്‍ക്കുമാണ്. ഇത്തരത്തില്‍ സ്പെഷലിസ്റ് അധ്യാപകരുടെ കാര്യത്തില്‍ മറ്റൊരു മാനദണ്ഡമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കായിക മേളകള്‍ക്കുള്ള പരിശീലനം സ്കൂള്‍ തലത്തില്‍ സജീവമായി നടന്നുകൊണ്ടിരിക്കെയാണ് 1:45 അനുപാതം മാനദണ്ഡമാക്കി കായികാധ്യാപകരെയും ഇതര സ്പെഷലിസ്റ് അധ്യാപകരെയും അനുപാതത്തില്‍ കുറവുള്ള സ്കൂളുകളില്‍നിന്നു സ്ഥലം മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ബന്ധം പിടിക്കുന്നത്. സ്ഥലംമാറ്റം നടപ്പായാല്‍ പല സ്കൂളുകളിലെ കുട്ടികള്‍ക്കും കായിക, കലാമേളകളില്‍ പങ്കെടുക്കാനുള്ള അവസരം നഷ്ടമായേക്കാം.

ആരോഗ്യകായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയിലാണു കായികാധ്യാപകര്‍ ജോലി നിലനിര്‍ത്താന്‍ കഷ്ടപ്പെടുന്നത്. യുപി ക്ളാസുകളില്‍ തസ്തിക പുനര്‍നിര്‍ണയം വരുമ്പോള്‍ നിലവിലുള്ളവരില്‍ പകുതിയും പുറത്തുപോകേണ്ടി വരും. 2013-14 അധ്യയനവര്‍ഷത്തെ തസ്തിക നിര്‍ണയമനുസരിച്ചു കുട്ടികളുടെ എണ്ണം കുറവുള്ള സ്കൂളുകളിലെ കായികാധ്യാപകര്‍ക്കു തസ്തിക നഷ്ടപ്പെട്ടു എന്ന ഉത്തരവ് ഏപ്രില്‍ മുതല്‍ ഡിഇഒമാര്‍ മാനേജര്‍മാര്‍ക്കു നല്കിത്തുടങ്ങി.


ഏപ്രില്‍ മുതല്‍ ശമ്പളം നല്‍കേണ്െടന്നു നിര്‍ദേശമുണ്ടായിരുന്നെങ്കിലും പിന്നീടതു മാറ്റി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ നിയമനം ലഭിച്ച സ്പെഷലിസ്റ് അധ്യാപകരില്‍ ഏറെപ്പേര്‍ക്കും നിയമനം പാസാകുകയോ ശമ്പളം ലഭിക്കുകയോ ചെയ്തിട്ടില്ല. മൂവായിരത്തോളം കായികാധ്യാപകരാണു സംസ്ഥാനത്തുളളത്.

പുതിയ ചട്ടപ്രകാരം ഹൈസ്കൂളില്‍ അഞ്ചു ഡിവിഷനുകളും യുപിയില്‍ 500 കുട്ടികളുമുണ്െടങ്കില്‍ ഒരു കായികാധ്യാപകനെ നിയമിക്കാം. ഹൈസ്കൂളില്‍ അധ്യാപകന് കുറഞ്ഞത് എട്ടു പീരിയഡും യുപിയില്‍ 11 ഡിവിഷനുകളിലായി 22 പീരിയഡും വേണം.

വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും കേരള ഹൈക്കോടതി ഉത്തരവ് പ്രകാരവും എല്ലാ കുട്ടികള്‍ക്കും സംഗീതം, കായികം, പ്രവൃത്തിപരിചയം എന്നീ വിഷയങ്ങള്‍ക്ക് അധ്യാപകര്‍ വേണം. സര്‍ക്കാര്‍ മാനദണ്ഡ അനുപാതമില്ലാത്ത സ്കൂളുകളിലെ കുട്ടികള്‍ക്ക് ഇനി മുതല്‍ കായികപരിശീലനം, സംഗീതം, പ്രവൃത്തി പരിചയം എന്നിവ ലഭിക്കില്ല.

അതേസമയം, വിദ്യാര്‍ഥികള്‍ കുറവുള്ള സ്കൂളുകളിലെ സ്പെഷലിസ്റ് അധ്യാപകരെ പേരന്റ് സ്കൂളില്‍ നിലനിറുത്തിക്കൊണ്ട് ഒന്നിലേറെ സ്കൂളുകളില്‍ ജോലി ചെയ്യാന്‍ അനുവദിച്ച് ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാമെന്നു കോര്‍പറേറ്റ് മാനേജുമെന്റുകള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഈ നിര്‍ദേശം പാലിക്കാതെയാണു വരും ദിവസങ്ങളില്‍ സ്ഥലംമാറ്റത്തിനു വിദ്യാഭ്യാസ വകുപ്പ് നിര്‍ബന്ധം പിടിക്കുന്നത്.

കൂടുതല്‍ സര്‍വീസുള്ള സ്പെഷലിസ്റ് അധ്യാപകര്‍ സര്‍വീസില്‍ നിലനിന്നാലും ജൂണിയര്‍ വിഭാഗത്തില്‍ ഏറിയ പേര്‍ക്കും ജോലി അസ്ഥിരതയാണു മുന്നിലുള്ളത്. പുതിയതായി ഈ തസ്തികകളില്‍ നിയമനം നടക്കാനും ഇടയില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.