ബാറില്‍ കലഹം തീരുന്നില്ല
ബാറില്‍ കലഹം തീരുന്നില്ല
Saturday, August 23, 2014 12:23 AM IST
സാബു ജോണ്‍

തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് പ്രശ്നത്തില്‍ ഏകകണ്ഠമായ തീരുമാനം പുറത്തു വന്നെങ്കിലും യുഡിഎഫിലും കോണ്‍ഗ്രസിലും കലഹം അടങ്ങുന്നില്ല. മുള്ളും മുനയും വച്ചുള്ള പരാമര്‍ശങ്ങളിലൂടെ ബാര്‍ ലൈസന്‍സ് പ്രശ്നത്തില്‍ നേതാക്കള്‍ക്കിടയില്‍ വളര്‍ന്നുവന്ന അവിശ്വാസം പ്രകടമായി പുറത്തുവരികയാണ്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുവേണ്ടി വാദമുഖങ്ങള്‍ ഉയര്‍ത്തി ആദ്യമായി പരസ്യപ്രസ്താവന നടത്തിയ കെപിസിസി വൈസ് പ്രസിഡന്റ് എം.എം. ഹസന്‍ ആയിരുന്നു ഇന്നലെയും വെടിപൊട്ടിച്ചത്. പ്രായോഗിക വാദങ്ങള്‍ ഉന്നയിച്ച തന്നെയും മുഖ്യമന്ത്രിയെ പോലും പാര്‍ട്ടിയിലെ ഒരുപക്ഷം സംശയത്തോടെ നോക്കുകയും പരിഹസിക്കുകയും വരെ ചെയ്തതായി ഹസന്‍ കുറ്റപ്പെടുത്തി. തങ്ങളെ മദ്യലോബിയുടെ വക്താക്കളായി ചിത്രീകരിച്ചു എന്നും ഹസന്‍ കുറ്റപ്പെടുത്തി. പേരെടുത്തു പറഞ്ഞില്ലെങ്കിലും ഹസന്റെ വിമര്‍ശനം വി.എം. സുധീരനും മുസ്ലിംലീഗിനും നേരേയായിരുന്നു. മദ്യനയത്തില്‍ ആദ്യം അഭിനന്ദിക്കേണ്ടത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ആണെന്നു പറഞ്ഞുകൊണ്ട് പുതിയ തീരുമാനത്തിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രിക്കുതന്നെ ചാര്‍ത്തിക്കൊടുക്കാനും ഹസന്‍ മടിച്ചില്ല.

ഇന്നലെ രാവിലെ മാധ്യമപ്രവര്‍ത്തകരെ കണ്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തനിക്കെതിരേ നടന്ന പ്രചാരണങ്ങളിലെ അതൃപ്തി പ്രകടിപ്പിച്ചു. ആരുടെയും പേരെടുത്തു പറഞ്ഞില്ലെങ്കിലും തന്നെ മദ്യലോബിയുടെ ആളായി ചിത്രീകരിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ആരും വിചാരിച്ചാലും ഏതു ഭാഗത്തുനിന്നുണ്ടായാലും അതു വിജയിക്കില്ലെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍, വിവാദങ്ങള്‍ക്കേ ഇല്ലെന്ന നിലപാടിലായിരുന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. അവകാശവാദങ്ങളുന്നയിച്ച് പാര്‍ട്ടിക്കുള്ളില്‍ അപശബ്ദമുണ്ടാക്കാനില്ലെന്നായിരുന്നു സുധീരന്റെ നിലപാട്.

എം.എം. ഹസനു മറുപടിയുമായി മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് രംഗത്തു വന്നിരുന്നു. മുഖ്യമന്ത്രിയെ വിമര്‍ശിച്ചിട്ടില്ലെന്നായിരുന്നു മജീദിന്റെ നിലപാട്.

മദ്യനയത്തെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ പ്രതികരണം അങ്ങേയറ്റം ശ്രദ്ധിച്ചായിരുന്നു. മദ്യവര്‍ജനമാണു തങ്ങളുടെ നയമെങ്കിലും മദ്യലഭ്യത കുറയ്ക്കാനുള്ള യുഡിഎഫിന്റെ നിലപാടിനെ പിന്താങ്ങുന്നു എന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കാരിന്റെ ആത്മാര്‍ഥതയെ പിണറായി ചോദ്യം ചെയ്തു. ജോലി നഷ്ടപ്പെടുന്ന തൊഴിലാളികളെ പുരനധിവസിപ്പിക്കാന്‍ സത്വര നടപടിയുണ്ടാകണമെന്നും പിണറായി പറഞ്ഞു. മദ്യനിരോധനം പെട്ടെന്നു നടപ്പിലാക്കുന്നതു പ്രായോഗികമല്ലെന്നു കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപനം നാടകമാണോ എന്ന സംശയമാണു സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പ്രകടിപ്പിച്ചത്. സര്‍ക്കാരിന് ആത്മാര്‍ഥതയുണ്െടങ്കില്‍ സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിക്കണമായിരുന്നു എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ പറഞ്ഞു. ഏതായാലും, ബാറുകള്‍ പൂട്ടാനുള്ള തീരുമാനത്തെ മാനസികമായി അംഗീകരിക്കുന്നില്ലെങ്കിലും തുറന്നെതിര്‍ക്കാന്‍ പ്രതിപക്ഷ കക്ഷികളാരും തയാറായിട്ടില്ല. ബാര്‍ പൂട്ടാനുള്ള തീരുമാനത്തിനുള്ള ജനപിന്തുണയാണ് ഇവരെ പിന്നോട്ടു വലിക്കുന്നത്.


എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമനും മാത്രമാണ് തീരുമാനത്തില്‍ പരസ്യമായി എതിര്‍പ്പു പ്രകടിപ്പിച്ചത്. സമ്പൂര്‍ണ മദ്യനിരോധനം അപ്രായോഗികമാണെന്നു വക്കം വാദിച്ചപ്പോള്‍ അല്‍പ്പം വര്‍ഗീയനിറം കൊടുക്കാനുള്ള ശ്രമംകൂടി വെള്ളാപ്പള്ളി നടത്തി.

അപ്രതീക്ഷിത നീക്കത്തിലൂടെ മുഴുവന്‍ ബാറുകളും പൂട്ടാനുള്ള തീരുമാനം പ്രഖ്യാപിച്ചു പാര്‍ട്ടിക്കുള്ളില്‍ മേല്‍ക്കൈ നേടിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നലെ തുടര്‍നടപടികളിലേക്കു കടന്നതും അതിവേഗത്തിലായിരുന്നു. രാവിലെതന്നെ അഡ്വക്കറ്റ് ജനറലുമായി ബാറുകള്‍ പൂട്ടുന്നതിന്റെ നിയമ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തശേഷം 312 ബാറുകള്‍ പൂട്ടുന്നതിനുള്ള തീരുമാനം കൈക്കൊണ്ടു. ഇന്നലെക്കൊണ്ടുതന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കുന്ന വിഷയത്തില്‍ ഘടകകക്ഷികളുള്‍പ്പെടെ കളം മാറ്റി ചവിട്ടിയെന്നാണു മുഖ്യമന്ത്രിയെ അനുകൂലിക്കുന്ന പക്ഷത്തിന്റെ ആരോപണം. മുഖ്യമന്ത്രിയെ ഉള്‍പ്പെടെ മദ്യലോബിയുടെ വക്താക്കളായി ചിത്രീകരിക്കുന്നതിനുള്ള കളമൊരുക്കുന്നതില്‍ ഘടകകക്ഷികളുടെയും കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെയും നിലപാടു സഹായകമായി എന്ന് അവര്‍ പറയുന്നു. മറ്റുള്ളവര്‍ക്കു വേണ്െടങ്കില്‍ തനിക്കും വേണ്ട എന്ന നിലപാടിലേക്കു മുഖ്യമന്ത്രി അവസാന നിമിഷം മാറുകയായിരുന്നത്രെ. അദ്ദേഹത്തിന്റെ അറ്റകൈ പ്രയോഗം ആരും പ്രതീക്ഷിച്ചിരുന്നുമില്ല.

ഇതിനിടെ സമ്പൂര്‍ണ മദ്യനിരോധനത്തിലേക്കുള്ള ചുവടുവയ്പ് സാമ്പത്തികമായി വലിയ പ്രത്യാഘാതമുളവാക്കുമെന്നുള്ള ചിന്ത കോണ്‍ഗ്രസിലും യുഡിഎഫിലും ഒരു വിഭാഗത്തിനുണ്ട്. സംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതിയുടെ മൂന്നിലൊന്നില്‍ കൂടുതല്‍ വരുന്ന വരുമാനം ഉപേക്ഷിച്ചുകൊണ്ട് എങ്ങനെ മുന്നോട്ടു പോകുവാന്‍ കഴിയുമെന്ന് ഇവര്‍ ചോദിക്കുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ വലിയൊരു സാമ്പത്തിക തകര്‍ച്ചയിലേക്കു കേരളം നീങ്ങുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നടപ്പു വര്‍ഷം 1811 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണു ധനമന്ത്രി കെ.എം. മാണി പ്രാഥമിക കണക്കുകൂട്ടലിനു ശേഷം പറഞ്ഞിരിക്കുന്നത്. നിത്യനിദാന ചെലവുകള്‍ക്കു പോലും കഷ്ടപ്പെടുന്ന സ്ഥിതിവിശേഷത്തില്‍ ഇത്രയും വലിയ നഷ്ടം എങ്ങനെ പരിഹരിക്കുമെന്ന ചിന്തയും ചിലരെങ്കിലും ഉയര്‍ത്തുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.