കൈമാറ്റ അനുമതിയോടെ നാല് ഏക്കര്‍ വരെ പട്ടയം: മന്ത്രി അടൂര്‍ പ്രകാശ്
കൈമാറ്റ അനുമതിയോടെ നാല് ഏക്കര്‍ വരെ പട്ടയം: മന്ത്രി അടൂര്‍ പ്രകാശ്
Saturday, August 23, 2014 12:12 AM IST
സ്വന്തം ലേഖകര്‍

കോട്ടയം: കേരള ലാന്‍ഡ് അസൈന്‍മെന്റ് ആക്ട് 1960 പ്രകാരം 1971 ഓഗസ്റ് 21 വരെ ഭൂമി കൈവശംവച്ചു സ്ഥിരതാമസമാക്കിയവര്‍ക്കും അവരുടെ പിന്തുടര്‍ച്ചക്കാര്‍ക്കും നാല് ഏക്കര്‍ വരെ തര്‍ക്കരഹിത ഭൂമിക്കു കൈമാറ്റ അനുമതിയോടെ പട്ടയം നല്കുമെന്നു റവന്യു മന്ത്രി അടൂര്‍ പ്രകാശ്.

1993ലെ വനഭൂമി കുടിയേറ്റം ക്രമീകരിക്കല്‍ ചട്ടമനുസരിച്ച് 1977 ജനുവരി ഒന്നിനു മുമ്പ് ഭൂമി കൈവശമാക്കി സ്ഥിരതാമസമാക്കിയവര്‍ക്കും കൈമാറ്റം ചെയ്യാനുള്ള അനുമതിയോടെ പട്ടയം ലഭിക്കും. സ്ഥിരതാമസമില്ലാത്ത കൈവശഭൂമിയില്‍ പട്ടയം ലഭിച്ച് 25 വര്‍ഷത്തിനു ശേഷമേ ഭൂമി കൈമാറാന്‍ അനുവദിക്കൂ.

വിവിധ കര്‍ഷകസംഘടനകള്‍ മുന്നോട്ടുവച്ച നിര്‍ദേശമനുസിച്ചാണ് ഈ നടപടിയെന്നും മന്ത്രി അടൂര്‍ പ്രകാശ് കോട്ടയത്തു പത്രസമ്മേളനത്തില്‍ പറഞ്ഞു. പട്ടയം നല്കുന്നതു സംബന്ധിച്ച പുതിയ ചട്ടങ്ങള്‍ റവന്യൂവകുപ്പ് തയാറാക്കി നിയമവകുപ്പിനു കൈമാറിയിട്ടുണ്ട്. മാസങ്ങള്‍ക്കുള്ളില്‍ ഇതു പ്രാബല്യത്തില്‍ വരും. നിരപ്പായ ഇടങ്ങളില്‍ അരയേക്കറും കുന്നിന്‍പ്രദേശങ്ങളില്‍ ഒരേക്കറും പട്ടയ ഭൂമി നല്കാമെന്ന 2005ലെ നിയമം ഭേദഗതി ചെയ്തുകൊണ്ടാണു പുതിയ നിയമം നിലവില്‍വരുന്നത്.


പെരിഞ്ചാംകുട്ടി ഉള്‍പ്പെടെ വൈദ്യുതി പദ്ധതികള്‍ക്കുവേണ്ടി സ്ഥലം ഏറ്റെടുത്തശേഷം പദ്ധതിനടപ്പാകാതെ വന്നപ്പോള്‍ അതു വീണ്ടും കൃഷിക്കായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും പട്ടയം കിട്ടും. ഏഞ്ചല്‍വാലി, പമ്പാവാലി പ്രദേശങ്ങളിലും പട്ടയവിതരണത്തിനുള്ള നടപടി പൂര്‍ത്തിയായി വരികയാണ്. യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് ഇതോടകം 1,90,397 പേര്‍ക്കു പട്ടയം നല്കി. ഇടുക്കി ജില്ലയില്‍ മാത്രം 19,437 പട്ടയങ്ങള്‍ വിതരണം ചെയ്തതാ യി മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.