മദ്യനയം: യോജിപ്പെന്നു പിണറായി വിജയന്‍
മദ്യനയം: യോജിപ്പെന്നു പിണറായി വിജയന്‍
Saturday, August 23, 2014 12:24 AM IST
ആലപ്പുഴ: മദ്യനയം സംബന്ധിച്ച യുഡിഎഫ് നിലപാടിനോടു യോജിപ്പാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മദ്യനയം മദ്യോപയോഗം കുറയ്ക്കുമെന്നതിനാലാണ് ഇതിനോടു യോജിപ്പുള്ളത്. അതേസമയം, സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കിയാലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ചു സര്‍ക്കാര്‍ പഠനം നടത്തണമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ബാറുകള്‍ വേണ്െടന്ന നിലപാടു യുഡിഎഫ് സ്വീകരിച്ചാല്‍ പൂര്‍ണമായും പിന്തുണയ്ക്കും. സമ്പൂര്‍ണ മദ്യനിരോധനം പെട്ടെന്നു പ്രഖ്യാപിച്ചു നടപ്പാക്കാന്‍ കഴിയില്ല. ബാറുകള്‍ പൂട്ടുമ്പോള്‍ തൊഴില്‍ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കണം. മദ്യനയം സംബന്ധിച്ച വിഷയത്തില്‍ 24 മണിക്കൂര്‍ മുമ്പുവരെ പറഞ്ഞതില്‍നിന്ന് ഉമ്മന്‍ ചാണ്ടി തകിടം മറിഞ്ഞു. 2011ല്‍ അധികാരത്തിലെത്തിയ ഗവണ്‍മെന്റ് ഇതുവരെ മദ്യനയം പ്രഖ്യാപിക്കാതിരുന്നതു യുഡിഎഫിലെ തര്‍ക്കം മൂലമാണ്.


ഒരുഘട്ടത്തിലും മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടു സിപിഎം സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ രണ്ടുവര്‍ഷം തുടര്‍ച്ചയായി പാര്‍ട്ടി പോഷകസംഘടനകള്‍ മദ്യാസക്തിക്കെതിരേ പ്രചാരണങ്ങള്‍ നടത്തിവരികയാണ്. യുഡിഎഫ് ഇപ്പോള്‍ പ്രഖ്യാപിച്ച മദ്യനയം നടപ്പാക്കാനുള്ളതാണോ എന്ന ആശങ്ക പൊതുവേയുണ്െടന്നും പിണറായി ആലപ്പുഴയില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.