കുട്ടിക്കാനം മരിയന്‍ കോളജ് രണ്ടു ദശാബ്ദം പിന്നിടുന്നു
കുട്ടിക്കാനം മരിയന്‍ കോളജ് രണ്ടു ദശാബ്ദം പിന്നിടുന്നു
Saturday, August 23, 2014 12:26 AM IST
കോട്ടയം: കാഞ്ഞിരപ്പള്ളി രൂപതയുടെ നേതൃത്വത്തില്‍ ഉന്നതവിദ്യാഭ്യാസ രംഗത്തു പ്രവര്‍ത്തിക്കുന്ന കുട്ടിക്കാനം മരിയന്‍ കോളജ് 20 വര്‍ഷം പൂര്‍ത്തിയാകുന്നു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷങ്ങള്‍ നാളെ ഉച്ചയ്ക്ക് 12.30നു നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും കോളജ് രക്ഷാധികാരിയുമായ മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷത വഹിക്കും.

പുതിയ അക്കാഡമിക് ബ്ളോക്കിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രിയും, പുതിയ സ്കോളര്‍ഷിപ്പ് പ്രോഗ്രാം എം.ജി. സര്‍വകലാശാല ആക്ടിംഗ് വൈസ്ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂറും ഉദ്ഘാടനം ചെയ്യും. ജോയിസ് ജോര്‍ജ് എംപി, ഇ.എസ്. ബിജിമോള്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.ടി. തോമസ്, മുന്‍ പ്രിന്‍സിപ്പല്‍ ഡോ.റൂബിള്‍ രാജ്, കോളജ് മാനേജര്‍ ഫാ. റൂബന്‍ ജെ. താന്നിക്കല്‍, പ്രിന്‍സിപ്പല്‍ റവ. ഡോ. റോയി ഏബ്രഹാം പഴയപറമ്പില്‍ എന്നിവര്‍ പ്രസംഗിക്കും.

1995ലാണു കോളജ് പ്രവര്‍ത്തനം ആരംഭിച്ചത്. ഗുണമേന്‍മയുള്ളതും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസം നല്‍കുന്നതില്‍ ശ്രദ്ധിച്ചിരുന്ന കോളജിനു നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൌണ്‍സിലിന്റെ (നാക്) എ ഗ്രേഡ് 2010ല്‍ ലഭിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ മൂന്നാംഘട്ട പരിശോധനയില്‍ 3.52 എന്ന ഉയര്‍ന്ന സ്കോറോടെ എ ഗ്രേഡ് നിലനിര്‍ത്തുകയും ചെയ്തു. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഉന്നതവിദ്യാഭ്യാസരംഗത്തു മികവിന്റെ മുദ്ര പതിപ്പിച്ച കോളജ് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ കം കാമ്പസ് വിത്ത് പൊട്ടന്‍ഷ്യല്‍ ഫോര്‍ എക്സലന്‍സ് പദവി നേടിയിട്ടുളള കേരളത്തിലെ ചുരുക്കം ചില കോളജുകളില്‍ ഒന്നാണ്.


രാവിലെ എട്ടുമുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കുന്ന ലൈബ്രറി, 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടര്‍ ലാബ്, വൈ-ഫൈ സൌകര്യം, റെസിഡന്‍ഷ്യല്‍ സൌകര്യത്തോടുകൂടിയ ബിരുദാനന്തര ബിരുദ പഠനം, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റല്‍ സൌകര്യം, സമര്‍പ്പിതരും ഉന്നത യോഗ്യതയുള്ളവരുമായ അധ്യാപക- അനധ്യാപകര്‍ എന്നീ ഘടകങ്ങളാണു കോളജിനു കരുത്തു പകരുന്നത്.

ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ വിദഗ്ധര്‍ പങ്കെടുക്കുന്ന പ്രഭാഷണങ്ങള്‍, ദേശീയ സെമിനാറുകള്‍, സ്കോളര്‍ഷിപ്പ് പ്രോഗ്രാം, ഇന്‍ഡോര്‍ സ്റേഡിയം, പുതിയ അക്കാഡമിക് ബ്ളോക്ക്, ജൂബിലി ഭവന നിര്‍മാണം എന്നീ പദ്ധതികള്‍ നടപ്പാക്കും. പത്രസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ റവ.ഡോ.റോയി ഏബ്രഹാം പഴയപറമ്പില്‍, മാനേജര്‍ ഫാ. റൂബന്‍ ജെ. താന്നിക്കല്‍, വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. സാബു അഗസ്റിന്‍ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.