റേഷന്‍ ഡ്യൂട്ടി ബോര്‍ഡ് വച്ച ലോറിയില്‍ ബാറിലെത്തിച്ച 709 കെയ്സ് മദ്യം പിടിച്ചെടുത്തു
Saturday, August 23, 2014 12:27 AM IST
കൊച്ചി: ഗവണ്‍മെന്റ് റേഷന്‍ ഡ്യൂട്ടി എന്ന ബോര്‍ഡ് വച്ചു സ്വകാര്യ ബാറിലേക്കു മദ്യമെത്തിച്ച ലോറി നാട്ടുകാര്‍ തടഞ്ഞു. തൃശൂരിലെ പൂട്ടിയ ബാറില്‍നിന്ന് 709 കെയ്സ് മദ്യമാണു കൊച്ചി ചക്കരപ്പറമ്പിലെ സ്വകാര്യ ബാറിലേക്കു കൊണ്ടുവന്നത്. ഇന്നലെ ഉച്ചയോടെയാണു തൃശൂരില്‍നിന്ന് അതേ ഉടമയുടെതന്നെ ചക്കരപ്പറമ്പിലെ ബാറിലേക്കു ലോറിയില്‍ മദ്യമെത്തിയത്. ചക്കരപറമ്പിലെ ബാര്‍ പൂട്ടണമെന്നാവശ്യപ്പെട്ടു സമരം നടത്തിയവരുടെ നേതൃത്വത്തില്‍ ലോറി തടയുകയായിരുന്നു. പോലീസ് വിവരം നല്‍കിയതനുസരിച്ച് എറണാകുളം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.കെ. പീതാംബരന്‍, ഇന്‍സ്പെക്ടര്‍ പി.കെ. രഞ്ജിത് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. സമരസമിതി അംഗങ്ങളുടെയും പാലാരിവട്ടം പോലീസിന്റെയും സാന്നിധ്യത്തില്‍ 709 കെയ്സ് മദ്യവും 140 ബോട്ടിലും സീല്‍ ചെയ്തു. ഇതിന്റെ വില്പന തടഞ്ഞിട്ടുണ്ട്.


മദ്യം കൊണ്ടുവരുന്നതിനു ബാറുടമകള്‍ക്കു നല്‍കിയ പെര്‍മിറ്റില്‍ കൃത്രിമമില്ലെന്നും തൃശൂരില്‍നിന്ന് എക്സൈസിന്റെ രേഖകള്‍ പരിശോധിച്ച ശേഷമേ കൊണ്ടുവന്ന മദ്യം വില്പന നടത്താന്‍ അനുവദിക്കൂ എന്നും പി.കെ. പീതാംബരന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.