പുതിയ മദ്യനയം സ്വാഗതാര്‍ഹം: കെആര്‍എല്‍സിസി
Saturday, August 23, 2014 12:29 AM IST
കൊച്ചി: സമ്പൂര്‍ണ മദ്യവിമുക്തകേരളം ലക്ഷ്യമാക്കി യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പുതിയ മദ്യനയം സ്വാഗതം ചെയ്യുന്നതായി കേരള റീജന്‍ ലാറ്റിന്‍ കാത്തലിക് കൌണ്‍സില്‍ (കെആര്‍എല്‍സിസി). ജനഹിതവും പൊതുതാത്പര്യവും മുന്‍നിര്‍ത്തി നയരൂപീകരണത്തിനു നേതൃത്വം കൊടുത്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും ഘടകകക്ഷിനേതാക്കളെയും കെആര്‍എല്‍സിസി സെക്രട്ടേറിയറ്റ് യോഗം അഭിനന്ദിച്ചു.

പുതിയ മദ്യനയം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഏറെ കടമ്പകള്‍ കടക്കേണ്ടിവരുമെന്നു യോഗം വിലയിരുത്തി. ഇതിനായി സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന പദ്ധതികള്‍ വിജയിപ്പിക്കാന്‍ എല്ലാവിധ പിന്തുണയും കെആര്‍എല്‍സിസി വാഗ്ദാനം ചെയ്തു. സര്‍ക്കാരിന്റെ പുതിയ മദ്യനയം കുടുംബഭദ്രതയ്ക്കും സാമൂഹ്യനന്മയ്ക്കും ഉപയുക്തമാകുമെന്നും യോഗം വിലയിരുത്തി. യോഗത്തില്‍ ജനറല്‍ സെക്രട്ടറി റവ.ഡോ.ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപറമ്പില്‍ അധ്യക്ഷത വഹിച്ചു. സമുദായ വക്താവ് ഷാജി ജോര്‍ജ്, ലഹരിവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ഫാ.ടി.ജെ. ആന്റണി, ഭാരവാഹികളായ തോമസ് കെ.സ്റീഫന്‍, ചെറുപുഷ്പം, ആന്റണി നൊറോണ എന്നിവര്‍ പങ്കെടുത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.