ആരു വിചാരിച്ചാലും മദ്യലോബിയുടെ ആളായി തന്നെ ചിത്രീകരിക്കാനാകില്ലെന്നു മുഖ്യമന്ത്രി
ആരു വിചാരിച്ചാലും മദ്യലോബിയുടെ ആളായി തന്നെ ചിത്രീകരിക്കാനാകില്ലെന്നു മുഖ്യമന്ത്രി
Saturday, August 23, 2014 12:14 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: തുറന്ന പുസ്തകമായ തന്നെ ആരു വിചാരിച്ചാലും മദ്യലോബിയുടെ ആളായി ചിത്രീകരിക്കാന്‍ കഴിയില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മദ്യലോബിയുടെ ആളായി ചിത്രീകരിക്കാന്‍ ശ്രമം നടന്നില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. താന്‍ എത്രയോ വര്‍ഷമായി പൊതുപ്രവര്‍ത്തനരംഗത്തുള്ളയാളാണ്. 1985ല്‍ ഘട്ടംഘട്ടമായി മദ്യനിരോധനം ഏര്‍പ്പെടുത്തണമെ ന്നും മദ്യഉപഷാപ്പുകള്‍ നിര്‍ത്തലാക്കണമെന്നും റിപ്പോര്‍ട്ട് നല്‍കിയതു താന്‍ ഉള്‍പ്പെടുന്ന സമിതിയായിരുന്നു. മദ്യത്തിനേതിരേ മദ്യവിരുദ്ധ പ്രവര്‍ത്തകനായ പ്രഫ. കുമാരപിള്ള മട്ടാഞ്ചേരിയില്‍ നിരാഹാരസമരം തുടങ്ങി. എം.പി. മന്മഥന്‍, ഫാ. പാറയ്ക്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സര്‍ക്കാരിനു നിവേദനം നല്‍കി. തുടര്‍ന്നാണ് അന്നത്തെ എക്സൈസ് മന്ത്രി എന്‍. ശ്രീനിവാസനും മുതിര്‍ന്ന നേതാവ് എം. കമലവും താനും ഉള്‍പ്പെട്ട സമിതിയെ ഇതേക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ചത്.

ശ്രീനിവാസന്റെ വിയോജനക്കുറിപ്പോടെ ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കണമെന്നു സമി തി നിര്‍ദേശിച്ചു. ഉപഷാപ്പുകള്‍ നിര്‍ത്തലാക്കണമെന്നും നിര്‍ദേശത്തിലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു വിശദപഠനത്തിന് ഉദയഭാനു കമ്മീഷനെ നിയോഗിച്ചത്. വീര്യം കൂടിയ മദ്യം നിരോധിക്കണമെന്ന ഈ സമിതിയുടെ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ആന്റണി സര്‍ക്കാര്‍ സംസ്ഥാനത്തു ചാരായനിരോധനം ഏര്‍പ്പെടുത്തിയത്. 112 വര്‍ഷം പഴക്കമുള്ള എക്സൈസ് റൂളില്‍ മാറ്റം വരുത്തി നീര ഉത്പാദനം തുടങ്ങിയതും ഇതേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. ഘട്ടംഘട്ടമായുള്ള മദ്യനിരോധനത്തിന്റെ ആദ്യപടിയാണു സംസ്ഥാന ത്ത് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്.


മദ്യനിരോധനത്തെ എതിര്‍ക്കുന്നവര്‍ മൂന്നു കാര്യങ്ങളിലാണ് എതിര്‍പ്പ് അറിയിച്ചത്. ഒന്ന്: സര്‍ക്കാരിനു സാമ്പത്തിക നഷ്ടം ഉണ്ടാകും. രണ്ട്: വിനോദസഞ്ചാര മേഖലയെ ബാധിക്കും. മൂന്ന്: വ്യാജമദ്യം ഒഴുകും. ഇതില്‍ വ്യാജമദ്യത്തെ മാത്രമാണു പ്രായോഗിക സമീപന മായി കണക്കാക്കുന്നത്. മദ്യാസക്തി കുറയ്ക്കാതെ പൂര്‍ണ മദ്യനിരോധനം നടപ്പാക്കാനാകില്ല. ബോധവത്കരണമാണ് ആദ്യം ആവശ്യം. ഇപ്പോള്‍ തുടങ്ങിയ ഘട്ടംഘട്ടമായുള്ള മദ്യനിരോധനം 2023 ഒക്ബോര്‍ രണ്േടാടെ പൂര്‍ണ മദ്യനിരോധനത്തിലെത്തും. സമ്പൂര്‍ണ മദ്യനിരോധനത്തെ ഉള്‍ക്കൊള്ളാ ന്‍ ജനങ്ങളും തയാറാകേണ്ടതുണ്ട്.

ബാറുകള്‍ പൂട്ടാനുള്ള യുഡിഎഫ് തീരുമാനത്തിന്റെ ക്രെഡിറ്റ് ആര്‍ക്കെന്ന ചോദ്യത്തിന്, അതു നിങ്ങള്‍ തന്നെ തീരുമാനിച്ചാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇപ്പോഴത്തെ തീരുമാനം തുടര്‍ സര്‍ക്കാരുകള്‍ അട്ടിമറിക്കുമോ എന്ന ചോദ്യത്തിന് ചാരായ നിരോധനം കൊണ്ടുവന്നത് അഞ്ചു വര്‍ഷത്തേക്കായിരുന്നോ, ഇപ്പോഴും നിലനില്‍ക്കുന്നില്ലേ, സമൂഹം അംഗീകരിച്ച നയത്തെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. യുഡിഎഫ് തീരുമാനത്തെ രാഷ്ട്രീയ നാടകമെന്നാണല്ലോ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വിശേഷിപ്പിച്ചത് എന്ന ചോദ്യത്തിനു ഏതെങ്കിലും തീരുമാനത്തില്‍ വി.എസ് ഉറച്ചുനിന്നിട്ടുണ്േടാ എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുചോദ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.