വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ അശാസ്ത്രീയം: കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ്
Saturday, August 23, 2014 12:32 AM IST
കോട്ടയം: അശാസ്ത്രീയമായ അധ്യാപക പാക്കേജ് പിന്‍വലിച്ചു മുഴുവന്‍ അധ്യാപകര്‍ക്കും നിയമന അംഗീകാരവും ശമ്പളവും നല്കണമെന്നു കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് മധ്യമേഖലാ പ്രതിനിധിയോഗം ആവശ്യപ്പെട്ടു. അധ്യാപക പാക്കേജിന്റെ മറവില്‍ ഉത്തരവുകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ഉദ്യോഗസ്ഥര്‍ പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുകയാണ്. മൂന്നു വര്‍ഷമായി നിലവിലെ തസ്തികകളില്‍ നിയമിക്കപ്പെട്ടു ജോലി ചെയ്ത അധ്യാപകര്‍ക്ക് ഇപ്പോള്‍ നിയമന അംഗീകാരം നിഷേധിക്കുന്നതു പ്രതിഷേധാര്‍ഹമാണ്.

ശമ്പളം നിഷേധിക്കപ്പെട്ട സ്പെഷലിസ്റ് അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും സംരക്ഷണം നല്കണം. 30:1 അനുപാതത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരെ ലഭ്യമാക്കുന്നതിന് ആവശ്യമായ കെഇആര്‍ പരിഷ്കരണ ഉടന്‍ നടപ്പിലാക്കണം. ഹയര്‍സെക്കന്‍ഡറി പ്രവേശനത്തില്‍ മെരിറ്റ് അട്ടിമറിച്ച സീറ്റ് വര്‍ധനവും സ്കൂള്‍-സബ്ജട് ട്രാന്‍സഫറും ഏകജാലക സമ്പ്രദായത്തില്‍നിന്നു പിന്‍വലിക്കണം. വിദ്യാര്‍ഥികളുടെ പഠിക്കാനുള്ള അവകാശം നിഷേധിക്കുന്ന തരത്തില്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളും ബാച്ചുകളും റദ്ദ് ചെയ്ത നടപടി പുനഃപരിശോധിക്കണം.


പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന പരിഷ്കാരങ്ങളില്‍നിന്നു ഗവണ്‍മെന്റ് പിന്‍മാറിയില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടുപോകാന്‍ യോഗം തീരുമാനിച്ചു. എറണാകുളം, വരാപ്പുഴ, കോട്ടപ്പുറം, പാലാ, കാഞ്ഞിരപ്പള്ളി, ഇടുക്കി, കോതമംഗലം, മൂവാറ്റുപുഴ, കൊച്ചി, ആലപ്പുഴ എന്നീ രൂപതകളിലെ പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനം ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ആമോദ് മാത്യു അധ്യക്ഷത വഹിച്ചു. സന്തോഷ് അഗസ്റിന്‍, പോള്‍ ജയിംസ്, സേവ്യര്‍ എം.എല്‍, സ്റീഫന്‍ മാനുവല്‍, ആന്റണി വി. എക്സ്, സിബി ജോസഫ്, ജെസി ഇ.സി., സാജു മാന്തോട്ടം, റോബി അഗസ്റിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.