സപ്ളൈകോ ജീവനക്കാരുടെ സമരം പിന്‍വലിച്ചു
സപ്ളൈകോ ജീവനക്കാരുടെ സമരം പിന്‍വലിച്ചു
Saturday, August 23, 2014 12:16 AM IST
തിരുവനന്തപുരം: സപ്ളൈകോ ജീവനക്കാര്‍ വിവിധ ആവശ്യങ്ങളുന്നയിച്ചു നടത്തിവന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. സപ്ളൈകോ സംയുക്ത സമര സമിതിയുമായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണു തീരുമാനം.

രാവിലെയും ഉച്ചയ്ക്കു ശേഷവും രണ്ടു ഘട്ടമായി നടന്ന ചര്‍ച്ചയിലാണു തീരുമാനമായത്. സപ്ളൈകോയിലെ ജീവക്കാര്‍ക്ക് ലഭിക്കേണ്ട 72 ജൂണിയര്‍ അസിസ്റന്റ് തസ്തിക അനുവദിക്കാനായി ഭക്ഷ്യ വകുപ്പില്‍ നിന്നുള്ള ക്ളാര്‍ക്കുമാരുടെ ഡെപ്യൂട്ടേഷന്‍ നിര്‍ത്തിവയ്ക്കാനും തീരുമാനമായി. സപ്ളൈകോയില്‍ പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തും. ഭക്ഷ്യ വകുപ്പില്‍നിന്നു സപ്ളൈകോയിലേക്കുള്ള ഡെപ്യൂട്ടേഷന്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കാനും വകുപ്പ് ജീവനക്കാരോട് ഇനി മുതല്‍ ഓപ്ഷന്‍ ആവശ്യപ്പെടാനും ചര്‍ച്ചയില്‍ ധാരണയായി. ഇതുസംബന്ധിച്ച് അടുത്ത മാസം 11ന് ചര്‍ച്ച നടത്തും. ജീവനക്കാരുടെ എണ്ണം ആവശ്യമായ തസ്തിക എന്നിവ സംബന്ധിച്ച് സര്‍വേ നടത്തി അടുത്ത മാസം 31നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രൊഡക്ടിവിറ്റി കൌണ്‍സിലിനോട് ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട് ലഭിച്ച ശേഷം തസ്തിക, പ്രമോഷന്‍ എന്നിവയുടെ അനുപാതം സംബന്ധിച്ചു തീരുമാനിക്കും. കരാര്‍ പാക്കിംഗ് ജീവനക്കാരുടെ മിനിമം വേതനം സംബന്ധിച്ചു ലേബര്‍ കമ്മീഷണറുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കും. നിലവിലുള്ള പാക്കിംഗ് നിരക്കില്‍ വര്‍ധന വരുത്തും. സമരത്തെത്തുടര്‍ന്നു ജീവനക്കാര്‍ക്കെതിരെ അച്ചടക്കനടപടിയൊന്നുമുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.


20നു തുടങ്ങിയ സമരത്തെത്തുടര്‍ന്നു മാവേലി സ്റോറുകള്‍ മുതല്‍ മെഡിക്കല്‍ സ്റോറുകള്‍വരെ സംസ്ഥാനത്തെ സപ്ളൈകോയുടെ 1,495 ഔട്ട്ലെറ്റുകളില്‍ 1,300 എണ്ണവും അടഞ്ഞുകിടന്നു. ഡെപ്യൂട്ടേഷനിലുള്ള 1,350 പേര്‍ മാത്രമാണു കഴിഞ്ഞ ദിവസങ്ങളില്‍ ജോലിയില്‍ പ്രവേശിച്ചത്. സമരത്തെത്തുടര്‍ന്നു സപ്ളൈകോ, പീപ്പിള്‍ ബസാര്‍, നീതി സ്റോറുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിച്ചില്ല.

ചര്‍ച്ചയില്‍ സംയുക്ത സമര സമിതി ചെയര്‍മാനും എഐടിയുസി സംസ്ഥാന പ്രസിഡന്റുമായ എ.കെ. രാജു, ജില്ലാ സെക്രട്ടറി വിനോദ്, സമരസമിതി കണ്‍വീനര്‍ എന്‍.എ. മണി, സിഐടിയു ജില്ലാ പ്രസിഡന്റ് വി.കെ. മധു, ഐഎന്‍ടിയുസി ജനറല്‍ സെക്രട്ടറി വിജയകുമാര്‍, എസ്ടിയു പ്രതിനിധി അബ്ദുള്ള, കെസിഎസ്ടിയു പ്രതിനിധി മോഹനന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.