ആശുപത്രികള്‍ രോഗീകേന്ദ്രിതമാകണം; ആതുരശുശ്രൂഷകര്‍ അധ്യാപകരും: ഡോ. കലാം
ആശുപത്രികള്‍ രോഗീകേന്ദ്രിതമാകണം; ആതുരശുശ്രൂഷകര്‍ അധ്യാപകരും: ഡോ. കലാം
Saturday, August 23, 2014 12:17 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: ആശുപത്രികള്‍ പൂര്‍ണമായും രോഗീകേന്ദ്രിതമാകണമെന്നും ആതുരശുശ്രൂഷകര്‍ അധ്യാപകര്‍ കൂടി ആയിത്തീരണമെന്നും മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുള്‍ കലാം. പുരോഹിതശ്രേഷ്ഠരും പൌരപ്രമുഖ രും അടക്കം പരസഹസ്രം വരുന്ന സദ സിനെ സാക്ഷിയാക്കി എറണാകുളം ലൂര്‍ദ് ആശുപത്രിയുടെ ഒരു വര്‍ഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആരോഗ്യ സേവനമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സംരംഭകത്വ മികവുകൂടി വര്‍ധിപ്പിച്ചു കൂടുതല്‍ മെച്ചപ്പെട്ട പ്രഫഷണലുകളായി തീരണം. കാലത്തിനൊത്തു മാറാന്‍ ആരോഗ്യരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കു സാധിക്കണം. ഇത്തരത്തിലുള്ള മികവ് പ്രദേശത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ചയ്ക്കുതന്നെ വഴിവയ്ക്കും.

ദൈവേച്ഛയാല്‍ എന്റെ ബുദ്ധി എന്റെ വേദനയെ മാറ്റുന്നു എന്നതാണു തന്റെ പ്രസംഗവിഷയമെന്ന ആമുഖത്തോടെയാണു ഡോ. കലാം പ്രസംഗം ആരംഭിച്ചത്. ലൂര്‍ദ് ആശുപത്രി വലിയ ഒരു ദൌത്യം ഏറ്റെടുത്തിരിക്കുന്ന സ്ഥാപനം എന്നതിനപ്പുറം കരുണാപൂര്‍ണമായ ദൈവേച്ഛയുടെ പ്രസാദം പരത്തുന്ന ഇടംകൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

രോഗികളും ഡോക്ടര്‍മാരും തമ്മില്‍ നല്ല ബന്ധമാണുണ്ടാകേണ്ടത്. ക്ഷമയോടെ പ്രവര്‍ത്തിക്കുന്ന നല്ല അധ്യാപകരാകാന്‍ ഡോക്ടര്‍മാര്‍ക്കു സാധിക്കണം. രോഗികളെ മാത്രമല്ല, അവര്‍ക്കൊപ്പം എത്തുന്ന കുടുംബാംഗങ്ങളെക്കൂടി ക്ഷമയോടെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ഡോക്ടര്‍മാര്‍ക്കു സാധിക്കണം. ഡോക്ടര്‍മാര്‍ മികച്ച ഗവേഷകരും ആയിരിക്കണം. അടുത്തിടെ കാഠ്മണ്ഡുവില്‍ കണ്ട ബുദ്ധസന്യാസിയായ റിംപോച്ചെ എന്ന ആരോഗ്യഗവേഷകന്റെ പരീക്ഷണശാല തന്നെ അദ്ഭുതപ്പെടുത്തി. ധാര്‍മികത, ഉദാരമനസ്കത, ക്ഷമ, അക്ഷീണയത്നം, ബുദ്ധിവൈഭവം, ശ്രദ്ധ തുടങ്ങിയ ഗുണങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് ഉണ്ടായിരിക്കണം.


മാലാഖയെപ്പോലെ പുഞ്ചിരിക്കുന്ന മുഖത്തോടെ ആയിരിക്കണം ആശുപത്രി രോഗികളെ സ്വീകരിക്കാന്‍. പ്രശാന്തമായിരിക്കണം അവിടത്തെ അന്തരീക്ഷം. ഹരിത നിര്‍മിതികളാവണം ഉണ്ടാകേണ്ടത്. ചുറ്റുവട്ടം ഹരിതാഭമാകണം. ജൈവമാലിന്യങ്ങളും ബയോമെഡിക്കല്‍ മാലിന്യങ്ങളും ഒഴിവാക്കണം. ആശുപത്രികളില്‍നിന്ന് അണുബാധ ഉണ്ടായി രോഗികളുടെ നില വഷളാകുന്ന സാഹചര്യവും ഉണ്ടാകരുതെന്നു ഡോ. കലാം ഓര്‍മിപ്പിച്ചു.

കാരുണ്യത്തോടെയുള്ള സ്നേഹം പ്രസരിപ്പിക്കുന്ന ഇടങ്ങളാണ് ആശുപത്രികളെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ലൂര്‍ദ് സൊസൈറ്റി ഫോര്‍ ഹെല്‍ത്ത് കെയര്‍ ആന്‍ഡ് റിസര്‍ച്ച് ഗവേണിംഗ് ബോര്‍ഡ് പ്രസിഡന്റ് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ പറഞ്ഞു. രാഷ്ട്രനിര്‍മാണത്തില്‍ സുപ്രധാന പങ്കാണ് ആതുരസേവന രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ആരോഗ്യരംഗത്ത് മികവാര്‍ന്ന സാന്നിധ്യമായി തലയുയര്‍ത്തി നില്‍ക്കുന്ന സ്ഥാപനമാണു ലൂര്‍ദ് ആശുപത്രിയെന്നു പാര്‍ലമെന്ററി അക്കൌണ്ട്സ് കമ്മിറ്റി ചെയര്‍മാന്‍ പ്രഫ. കെ.വി. തോമസ് എംപി പറഞ്ഞു. കച്ചവടതാത്പര്യമൊന്നുമില്ലാതെ ജനസേവനം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഈ ആശുപത്രിയുടെ പ്രവര്‍ത്തനം തികച്ചും അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മേയര്‍ ടോണി ചമ്മണി, ഹൈബി ഈഡന്‍ എംഎല്‍എ എന്നിവര്‍ പ്രസംഗിച്ചു. ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ എ.പി.ജെ. അബ്ദുള്‍ കലാമിനു ഉപഹാരം നല്‍കി. ആശുപത്രി ഡയറക്ടര്‍ ഫാ. സാബു നെടുനിലത്ത് സ്വാഗതവും മെഡിക്കല്‍ സൂപ്രണ്ട് ഡോ. പോള്‍ പുത്തൂരാന്‍ നന്ദിയും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.