വേദന കൂട്ടില്ലെന്നു കലാം ഡോക്ടര്‍മാരെക്കൊണ്ടു പ്രതിജ്ഞയെടുപ്പിച്ചു
വേദന കൂട്ടില്ലെന്നു കലാം ഡോക്ടര്‍മാരെക്കൊണ്ടു  പ്രതിജ്ഞയെടുപ്പിച്ചു
Saturday, August 23, 2014 12:17 AM IST
കൊച്ചി: രോഗികള്‍ക്കു ചികിത്സയുടെ ഭാഗമായി കൂടുതല്‍ വേദന നല്‍കില്ലെന്നു ഡോക്ടര്‍മാരെകൊണ്ടു പ്രതിജ്ഞ ചെയ്യിച്ചു മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം. എറണാകുളം ലൂര്‍ദ് ആശുപത്രിയുടെ സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനപ്രസംഗം പൂര്‍ത്തിയാക്കി കലാം സദസിലുള്ള ഡോക്ടര്‍മാരോടു കൈ പൊക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നു നമുക്കു പ്രതിജ്ഞ എടുക്കാം എന്ന് അദ്ദേഹം അവരോടു പറഞ്ഞു. ആരും എഴുന്നേറ്റു നില്‍ക്കാതെ താന്‍ പറയുന്നത് ഏറ്റുപറയാന്‍ ആവശ്യപ്പെട്ടു.

ഉദാത്തമായ പ്രഫഷനായി കണ്ടു തന്റെ ജോലിയെ സ്നേഹിക്കുമെന്ന വാചകത്തോടെയായിരുന്നു പ്രതിജ്ഞയുടെ തുടക്കം. ചികിത്സയ്ക്കായി എത്തുന്നവര്‍ക്ക് വേദന ഏറ്റുന്ന ഒരുതരത്തിലുള്ള നടപടികളും ഉണ്ടാകില്ലെന്ന വാചകത്തില്‍ എത്തിയപ്പോള്‍ അദ്ദേഹം അതു വിശദീകരിച്ചു.

രോഗികളുടെ വേദനയുടെ ആക്കം കൂട്ടുന്ന തരത്തിലുള്ള പരിശോധനകളുടെ പെരുപ്പമാണ് ഇക്കാലത്തെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ടെസ്റുകളുടെ ചീട്ട് കാണുമ്പോഴേക്കും വേദന കലശലാകും. ഇത്തരം ഡോക്ടര്‍മാര്‍ ഇവിടെ ഉണ്ടാകില്ലെന്ന കലാമിന്റെ അര്‍ധോക്തിയിലെ പരമാര്‍ശം വേദിയിലും സദസിലും ചിരി പരത്തി. സത്യസന്ധതയോടും ആര്‍ജവത്വത്തോടുംകൂടി പ്രവര്‍ത്തിക്കുകയും വിജയിക്കുകയും ചെയ്യുമെന്ന വാചകത്തിലാണു പ്രതിജ്ഞ അവസാനിപ്പിച്ചത്. ഇതാണു തന്റെ ഏറ്റവും പ്രധാന സന്ദേശമെന്നും അദ്ദേഹം ഡോക്ടര്‍മാരോടു പറഞ്ഞു.


സദസില്‍നിന്നുയര്‍ന്ന ഏതാനും ചോദ്യങ്ങള്‍ക്കും ഡോ. കലാം മറുപടി പറഞ്ഞു. ഗവേഷണം വലിയ പ്രശ്നമാണെന്ന് ആരോഗ്യ മേഖലയിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ചോദ്യത്തിന് ഉത്തരമായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഉന്നത നിലവാരമുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കേണ്ടതുണ്ട്.

നമ്മുടെ പ്രഫഷണലുകള്‍ക്കു ഗ്രാമീണ സേവനത്തിനു താത്പര്യമില്ലാത്തതു വിഷമിപ്പിക്കുന്നുണ്െടന്നും മറ്റൊരു ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെ പ്രവര്‍ത്തനം ഡോക്ടര്‍മാര്‍ സുപ്രധാന സേവനമായി കാണണം. മരുന്നിനും ഉപകരണത്തിനും ഒരുപോലെ ചികിത്സയില്‍ പ്രാധ്യാന്യമുണ്ട്. ഇക്കാര്യത്തില്‍ വിദേശ ഡോക്ടര്‍മാരില്‍നിന്ന് ഏറെ കാര്യങ്ങള്‍ മനസിലാക്കാനുണ്െടന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.