മദ്യനയത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഛായ കൂട്ടല്‍ മത്സരം: ജി. സുകുമാരന്‍നായര്‍
മദ്യനയത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഛായ കൂട്ടല്‍ മത്സരം: ജി. സുകുമാരന്‍നായര്‍
Sunday, August 24, 2014 12:10 AM IST
ചങ്ങനാശേരി: മദ്യനിരോധനത്തിന്റെ പേരില്‍ കോണ്‍ഗ്രസിലെ രണ്ടു വിഭാഗം നേതാക്കള്‍ തമ്മില്‍ മത്സരിച്ച് പ്രതിഛായ വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമമാണു നടത്തുന്നതെന്നും പുതിയ നയം യാതൊരുവിധത്തിലും മദ്യവര്‍ജനത്തിന് പ്രയോജനം ചെയ്യില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍.

പെരുന്നയില്‍ നടന്ന ഡിഎസ്ടിഎ സമ്മേളനം ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള മത്സരത്തില്‍ മുഖ്യമന്ത്രി കീഴടങ്ങുകയാണു ചെയ്തത്. ഘടകകക്ഷികളും ഇതിനു കൂട്ടുനിന്നതായും ജനറല്‍സെക്രട്ടറി പറഞ്ഞു.

നേതാക്കള്‍ ആദര്‍ശമുണ്െടന്നു കാണിക്കാന്‍ ശ്രമിക്കുന്നു. മദ്യവര്‍ജനം എന്ന ആശയം നടപ്പിലാക്കുന്നതിന് ആത്മാര്‍ഥതയോ ദീര്‍ഘവീക്ഷണമോ ഇല്ല. ഇപ്പോള്‍ നടക്കുന്ന ശ്രമങ്ങളെല്ലാം തന്നെ വിഭാഗീയമായി പ്രതിഛായ വര്‍ധിപ്പിക്കുന്നതിനു വേണ്ടിയുള്ളതാണ്. സര്‍ക്കാരിന്റെ മദ്യനിരോധനമെന്ന നയം പ്രായോഗികമല്ലെന്നും മദ്യവര്‍ജനമാണ് ആവശ്യമെന്നും മദ്യനയത്തില്‍ പ്രായോഗിക സമീപനമാണു വേണ്ടതെന്നും ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം ദൂരവ്യാപകമായ ഭവിഷ്യത്തുകള്‍ക്കു കാരണമാകുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

സാക്ഷരതയില്‍ ഏറ്റവും മുന്നിലാണെന്നഭിമാനിക്കുന്ന കേരളം വിദ്യാഭ്യാസ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ പിന്നിലാണെന്ന് ഡിഎസ്ടിഎ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ അഭിപ്രായപ്പെട്ടു.

നിരവധി സ്കൂളുകളും കോളജുകളും നമുക്കുണ്െടങ്കിലും ഗുണനിലവാരമുള്ള വിദ്യാര്‍ഥിസമൂഹത്തെ സൃഷ്്ടിക്കുന്ന കാര്യത്തില്‍ കേരളത്തിലെ വിദ്യാഭ്യാസം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ പിന്നില്‍ പോയത് പരിശോധനയ്ക്കു വിധേയമാക്കേതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പൊതുവിദ്യാഭ്യാസമേഖലയെ തകര്‍ക്കാനുള്ള ബോധപൂര്‍വ നീക്കങ്ങളാണ് സര്‍ക്കാരുകളും ചെയ്യുന്നതെന്നും, ഇപ്പോഴത്തെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മുന്‍പന്തിയിലാണെന്നും ജനറല്‍ സെക്രട്ടറി ആരോപിച്ചു.

പൊതുവിദ്യാഭ്യാസമേഖലയില്‍ 18 കോളജുകള്‍ മാത്രമാണു നേരത്തേ ഉണ്ടായിരുന്നത്. സ്വാശ്രയമേഖലയില്‍ 160ലധികം കോളേജുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 60 മുതല്‍ 70 ശതമാനം വരെ എന്‍ജിനിയറിംഗ് കോളജുകള്‍ വിദ്യാര്‍ഥികളില്ലാത്തതുമൂലം അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. കേരളത്തിലെ മെഡിക്കല്‍ കോളജുകളും ലോ കോളജുകളും വിദ്യാര്‍ഥികളില്ലാത്തതിനാല്‍ ഭീഷണി നേരിടുകയാണ്. എല്‍കെജി മുതല്‍ പിജി കോഴ്സ്വരെയുള്ള പ്രവേശനത്തിന് എന്‍എസ്എസ് സ്ഥാപനങ്ങളില്‍ കോഴ വാങ്ങാറില്ല. ഈ സമീപനം രാജ്യത്തെ പൊതുവിദ്യാഭ്യാസം ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്കു വേണ്ടിയാണെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. എന്‍എസ്എസ് ഡയറക്ടര്‍ബോര്‍ഡ് അംഗം ഹരികുമാര്‍ കോയിക്കല്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന പ്രസിഡന്റ് സി.രവീന്ദ്രനാഥ്, ജനറല്‍ സെക്രട്ടറി കെ. പ്രസന്നകുമാര്‍, എന്‍എസ്എസ് സ്കൂള്‍സ് ജനറല്‍ മാനേജര്‍ പ്രഫ. കെ. വി. രവീന്ദ്രനാഥന്‍നായര്‍, ട്രഷറര്‍ എസ് . വിനോദ്കുമാര്‍, ആര്‍. ഹരിശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.