പൊതുമേഖലാ സ്ഥാപനങ്ങളില്‍ മിനിമം ബോണസ് 8.33 ശതമാനം
Sunday, August 24, 2014 12:15 AM IST
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ മിനിമം ബോണസ് 8.33 ശതമാനം ആയിരിക്കുമെന്നു തൊഴില്‍ വകുപ്പ്. 2013 - 14 വര്‍ഷത്തെ അക്കൌണ്ടുകള്‍ ഓഡിറ്റ് ചെയ്ത് അന്തിമമാക്കിയ ശേഷം മാത്രമേ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇതില്‍ കൂടുതല്‍ ബോണസ് പ്രഖ്യാപിക്കാവൂ. 2013-14 ലേതുള്‍പ്പെടെ ഒടുവിലത്തെ അഞ്ച് അക്കൌണ്ടിംഗ് വര്‍ഷങ്ങളില്‍ ഉദ്പാദനം ആരംഭിച്ച സ്ഥാപനങ്ങള്‍ മിനിമം ബോണസ് നല്‍കണം. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലാഭമുണ്ടാക്കിയിട്ടുള്ള സ്ഥാപനങ്ങള്‍ ബോണസ് ആക്ട് പ്രകാരമുള്ള ബോണസ് നല്‍കണം. മാറ്റിവയ്ക്കപ്പെട്ട മിച്ചം 20 ശതമാനത്തിലധികം രേഖപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങള്‍ക്കും 20 ശതമാനത്തിലധികം തുക ബോണസായി നല്‍കണമെങ്കില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം.

തുടര്‍ച്ചയായി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുകയും സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ 2013-14 വര്‍ഷം ലാഭത്തിലാവുകയും ചെയ്തതോ 2014 മാര്‍ച്ച് 31ന് മൊത്തം ആസ്തി നെഗറ്റീവാകുകയോ ചെയ്യുന്ന സ്ഥാപനങ്ങള്‍ 8.3 ശതമാനം ബോണസ് മാത്രമേ നല്‍കാവൂ. 2013-14ല്‍ നഷ്ടത്തിലായ സ്ഥാപനങ്ങള്‍ മിനിമം ബോണസ് മാത്രമേ നല്‍കേണ്ടതുള്ളൂ. ബോണസ് ആക്ട് അനുസരിച്ചാവണം ബോണസ് നല്‍കേണ്ടത്. പ്രതിമാസം 10,000 രൂപ വരെ ശമ്പളം ലഭിക്കുന്നവര്‍ക്കാണു ബോണസിന് അര്‍ഹതയുള്ളത്.

അപ്രന്റീസ് വിഭാഗത്തിലുള്ളവര്‍ക്കു ബോണസിന് അര്‍ഹതയില്ല. കയര്‍, കശുവണ്ടി മേഖലയിലെ ബോണസ് സംബന്ധിച്ച തീരുമാനം ബന്ധപ്പെട്ട വ്യവസായബന്ധ സമിതികള്‍ തീരുമാനിക്കും. 10,000ത്തിലധികം ശമ്പളം വാങ്ങുന്നവര്‍ക്കു ബോണസോ എക്സ്ഗ്രേഷ്യയോ ഇന്‍സന്റീവ് അലവന്‍സോ മറ്റെന്തെങ്കിലും പേരിലോ തുക അനുവദിക്കാന്‍ പാടില്ല. എന്നാല്‍ ഇവര്‍ക്കു പ്രത്യേക ഉത്സവ അലന്‍വന്‍സിന് അര്‍ഹത ഉണ്ട്.


മാര്‍ഗനിര്‍ദേശങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങളും ബോര്‍ഡുകളും സഹകരണ സ്ഥാപനങ്ങളും മറ്റു സ്ഥാപനങ്ങളും പാലിക്കണം. വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതു സ്ഥാപനങ്ങളുടെ ചീഫ് എക്സിക്യൂട്ടീവുകളുടെയും ഇത്തരം സ്ഥാപനങ്ങളുടെ ധനകാര്യവിഭാഗം മേധാവികളുടെയും വ്യക്തിപരമായ ഉത്തരവാദിത്വമായി കണക്കാക്കും. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു നല്‍കുന്ന അധിക തുകകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്നു തിരിച്ചുപിടിക്കും.

വ്യത്യസ്തമായ പ്രൊപ്പോസലുകള്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെ ഓണത്തിന് 15 ദിവസത്തിനു മുമ്പെങ്കിലും സര്‍ക്കാരിനു സമര്‍പ്പിക്കണം. ഈ സമയപരിധി പാലിക്കുന്നതു സംബന്ധിച്ച ഉത്തരവാദിത്വം ചീഫ് എക്സിക്യൂട്ടീവുകള്‍ക്കായിരിക്കും. ഉത്പാദനത്തില്‍ അധിഷ്ഠിതമല്ലാത്ത സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുള്ള ബോണസ് സഹകരണ സംഘം രജിസ്ട്രാറുടെ പ്രത്യേക നിബന്ധനകള്‍ക്കു വിധേയമായിരിക്കും. ബോണസ്, എക്സ്ഗ്രേഷ്യ, പെര്‍ഫോര്‍മന്‍സ് ഇന്‍സന്റീവ്, ഫെസ്റിവല്‍ അലവന്‍സ് എന്നിങ്ങനെ നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും മാര്‍ഗനിര്‍ദേശങ്ങളില്‍ സൂചിപ്പിച്ചിട്ടുള്ള തുകയിലും വിഭാഗങ്ങളിലും മാത്രമായിരിക്കണമെന്നു തൊഴില്‍വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.